മോസ്‌കോ: റഷ്യയുടെ ഹൃദയഭൂമിയിലേക്ക് യുദ്ധം വ്യാപിപ്പിച്ച് യുക്രൈന്റെ ഞെട്ടിക്കുന്ന പ്രത്യാക്രമണം. ശനിയാഴ്ച രാവിലെ, താതര്‍സ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ കസാന്‍ നഗരത്തില്‍ യുക്രേനിയന്‍ ഡ്രോണുകള്‍ നടത്തിയ ആക്രമണം റഷ്യയെ ഞെട്ടിച്ചു. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളെ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണം 2001-ല്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഭീതിദമായ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതായിരുന്നു.
തതാര്‍സ്ഥാന്റെ ഗവര്‍ണര്‍ റുസ്തം മിന്നികാനോവിന്റെ ഓഫീസ് നല്‍കിയ വിവരമനുസരിച്ച്, എട്ട് ഡ്രോണുകളാണ് നഗരത്തില്‍ ആക്രമണം നടത്തിയത്. ഇതില്‍ ആറെണ്ണം റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളെയും ഒരെണ്ണം ഒരു വ്യവസായ സ്ഥാപനത്തെയും ലക്ഷ്യമിട്ടായിരുന്നു. ഒരു ഡ്രോണ്‍ നദിക്ക് മുകളില്‍ വെച്ച് റഷ്യന്‍ സൈന്യം വെടിവെച്ചിട്ടു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, കസാന്‍ വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും വാരാന്ത്യത്തില്‍ നടത്താനിരുന്ന പൊതുപരിപാടികള്‍ റദ്ദാക്കുകയും ചെയ്തു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ആക്രമണത്തിന്റെ ഭീകരത വെളിവാക്കുന്നു. ഉയരം കൂടിയ ഒരു കെട്ടിടത്തിലേക്ക് ഒരു വസ്തു വന്നിടിക്കുന്നതും തുടര്‍ന്നുണ്ടായ സ്‌ഫോടനവും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ‘യുദ്ധം ആരംഭിച്ചത് റഷ്യയാണ്, ഓര്‍ക്കുകളോട് (റഷ്യന്‍ സൈനികരെ പരിഹസിച്ച് വിളിക്കുന്ന പേര്) ഒരു സഹതാപവുമില്ല’, എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങള്‍ യുക്രൈനില്‍ പ്രചരിക്കുന്നത്.
യുക്രൈന്‍ ഇതുവരെ ആക്രമണത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ ഡ്രോണ്‍ ആക്രമണത്തിന് തൊട്ടുമുന്‍പ്, യുഎസ് നിര്‍മ്മിത മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയുടെ കുര്‍സ്‌ക് അതിര്‍ത്തി പട്ടണത്തില്‍ യുക്രൈന്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രത്യാക്രമണമായി റഷ്യ ശനിയാഴ്ച രാത്രിയില്‍ 113 ഡ്രോണുകളെ യുക്രൈനിലേക്ക് തൊടുത്തുവിട്ടതായി യുക്രേനിയന്‍ അധികൃതര്‍ അറിയിച്ചു. യുക്രൈന്‍ വ്യോമസേനയുടെ കണക്കനുസരിച്ച്, 57 ഡ്രോണുകള്‍ വെടിവെച്ചിടുകയും 56 ഡ്രോണുകള്‍ ഇലക്ട്രോണിക് ജാമര്‍ ഉപയോഗിച്ച് തടസ്സപ്പെടുത്തുകയും ചെയ്തു. ഖാര്‍കിവ് നഗരത്തില്‍ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനുള്ള തിരിച്ചടിയാണ് ഈ ഡ്രോണ്‍ ആക്രമണമെന്നും വിലയിരുത്തലുകളുണ്ട്. റഷ്യന്‍ സുരക്ഷാ കേന്ദ്രങ്ങളുമായി ബന്ധമുള്ള ബാസ ടെലിഗ്രാം ചാനല്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ ഒരു വ്യോമ വസ്തു ഉയരം കൂടിയ കെട്ടിടത്തില്‍ ഇടിക്കുന്നതായി കാണാം. കസാനിലെ മേയര്‍ ടെലിഗ്രാമില്‍ പങ്കുവെച്ചതനുസരിച്ച് സുരക്ഷ കണക്കിലെടുത്ത് വാരാന്ത്യത്തില്‍ നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ഒഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് താല്‍ക്കാലിക താമസസൗകര്യം ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.