ആസ്പന്‍: ലോകത്തിലെ രണ്ടാമത്തെ ധനികനായ ജെഫ് ബെസോസ് പ്രതിശ്രുതവധു ലോറന്‍ സാഞ്ചസുമായുള്ള വിവാഹത്തിനൊരുങ്ങുന്നു. ആമസോണ്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജെഫ് ബെസോസിന്റെ വിവാഹത്തിന്റെ ചെലവ് 600 മില്യണ്‍ ഡോളര്‍ ആണ്. ഡിസംബര്‍ 26, 27 തീയതികളില്‍ കൊളറാഡോ സ്‌കീ ടൗണിലെ റിറ്റ്‌സി സുഷി റസ്റ്ററന്റായ മാറ്റ്‌സുഹിസയില്‍ അതിഥികള്‍ക്ക് വേണ്ട സൗകര്യം ഒരുക്കുന്നതായിട്ടാണ് സൂചനകള്‍. 2023 മേയില്‍ വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികള്‍, തങ്ങളുടെ വിവാഹ വേദിയായി മാറ്റ്‌സുഹിസ എന്ന ആഡംബര സുഷി റെസ്റ്റോറന്റ് ആണ് തിരഞ്ഞെടുത്തത് എന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിവാഹത്തില്‍ പങ്കെടുക്കാന്‍ ബെസോസ് തന്റെ സുഹൃത്തുക്കളുമായി ശനിയാഴ്ച ആസ്പനില്‍ എത്തി. വിവാഹത്തിനായി ക്രിസ്മസ് ദിനത്തിന് ശേഷം പഞ്ചനക്ഷത്ര സെന്റ് റെജിസ് ഹോട്ടല്‍ ഉള്‍പ്പെടെ ആസ്പന്റെ ഏറ്റവും മികച്ച താമസസ്ഥലങ്ങളില്‍ അതിഥികള്‍ എത്തും. 180 ഓളം അതിഥികള്‍ വിവാഹത്തിന് എത്തുമെന്നാണ് സൂചന. ബില്‍ ഗേറ്റ്സ്, ലിയോനാര്‍ഡോ ഡികാപ്രിയോ, ജോര്‍ദാനിലെ റാനിയ രാജ്ഞി തുടങ്ങിയ പ്രമുഖര്‍ വിവാത്തിനായി എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട്.
പാശ്ചാത്യ-തീമിലുള്ള അത്താഴവും വാരാന്ത്യത്തില്‍ ഉടനീളം ഒന്നിലധികം ആഘോഷങ്ങളും വിവാഹത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സ്‌കീ ടൗണിന് ചുറ്റുമുള്ള മാന്‍ഷന്‍-റാഞ്ചുകളിലൊന്നിലാണ് ഇവ നടക്കുന്നത്. ബ്ലൂംബെര്‍ഗിന്റെ സമ്പന്ന സൂചിക പ്രകാരം, 60 കാരനായ ജെഫ് ബെസോസ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ്. 244 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 54 കാരിയായ ലോറന്‍ സാഞ്ചസ് ദി വ്യൂ, കെ.ടി.ടി.വി, ഫോക്‌സ് 11 എന്നിവയുള്‍പ്പെടെ നിരവധി വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ടറും വാര്‍ത്താ അവതാരകയുമായിരുന്നു.