കാലിഫോർണിയ: ഒരു വയസ്സുള്ള കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കാലിഫോർണിയയിൽ പിതാവ് അറസ്റ്റിൽ. 28 കാരനായ ആൻഡ്രി ഡെംസ്‌കിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച സാക്രമെന്‍റോ കൗണ്ടി ഷെരീഫിന്‍റെ ഓഫിസാണ് (എസ്‌സിഎസ്‌ഒ) ഇയാളെ അറസ്റ്റ് ചെയ്തത്. ഡെംസ്‌കിയും കുട്ടിയുടെ അമ്മയും തമ്മിൽ വഴക്ക് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. ഡെംസ്‌കി പൊലീസിനെ വീട്ടിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല.
ഡെംസ്‌കി കുട്ടിയെ ആക്രമിച്ചുവെന്ന് മനസ്സിലാക്കിയതോടെ പൊലീസ് ബലംപ്രയോഗിച്ച് വീട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. വീട്ടിലേക്ക് ഉദ്യോഗസ്ഥർ കയറിയപ്പോൾ ഡെംസ്‌കി പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. ഇയാളെ പൊലീസ് ബലംപ്രയോഗിച്ച് കീഴടക്കി. ഡെംസ്‌കിയെ പിടികൂടിയ ശേഷം പൊലീസ് കുട്ടിയെ അന്വേഷിച്ച് കിടപ്പുമുറിയിൽ പ്രവേശിച്ചു.
അവിടെ, തല അറുത്തുമാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈക്കാ ഡെംസ്‌കി എന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ പേര്. സംഭവസമയം രണ്ട് സ്ത്രീകൾ അവിടെ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ ആഞ്ജലീന വിന്നിക്കോവയ്ക്കും ഡെംസ്‌കിയുടെ അമ്മായിയമ്മയും. പ്രതി ശാരീരിക ആക്രമണം നടത്തുന്നതിന് മുൻപ് ഇവര്‍ക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞതായി പൊലീസ് അറിയിച്ചു.