Tuesday, December 24, 2024

HomeMain Storyവധശിക്ഷ വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ ബൈഡൻ ജീവപര്യന്തമായി ഇളവുചെയ്തു

വധശിക്ഷ വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ ബൈഡൻ ജീവപര്യന്തമായി ഇളവുചെയ്തു

spot_img
spot_img

വാഷിങ്ടൺ: യു.എസിലെ ഫെഡറൽ സർക്കാരിന്റെ ആവശ്യപ്രകാരം വധശിക്ഷ വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ പ്രസിഡന്റ് ജോ ബൈഡൻ ജീവപര്യന്തമായി ഇളവുചെയ്തു. വധശിക്ഷയ്ക്കുവേണ്ടി വാദിക്കുന്ന ‍ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെയാണ് ബൈഡന്റെ പ്രഖ്യാപനം. 1500 പേർക്ക് ജയിൽശിക്ഷ ഇളവുചെയ്ത് രണ്ടാഴ്ചയ്ക്കുശേഷമാണിത്. പോലീസുകാരെയും പട്ടാളക്കാരെയും കൊന്നവരും മയക്കുമരുന്നിടപാട്‌ നടത്തിയവരും ബാങ്ക്‌ കൊള്ളചെയ്തവരുമെല്ലാം ശിക്ഷയിളവുലഭിച്ചവരിൽ ഉൾപ്പെടും.

സൗത്ത് കരോലൈനയിലെ പള്ളിയിൽ ആഫ്രിക്കൻ വംശജരായ ഒമ്പതുപേരെ കൊന്ന ഡിലൻ റൂഫ്, ബോസ്റ്റൺ മാരത്തണിനിടെ സ്ഫോടനം നടത്തിയ ഡ്ഷോഖർ സരനേയ്, പിറ്റ്സ്ബർഗിലെ സിനഗോഗിൽ 11 പേരെ വെടിവെച്ചുകൊന്ന റോബർട്ട് ബവേഴ്സ് എന്നിവർമാത്രമേ ഫെഡറൽ സർക്കാരിന്റെ വധശിക്ഷാത്തടവുകാരായി ഇനിയുള്ളൂ. 2021 ജനുവരി 20-ന് അധികാരമേറ്റ ബൈഡൻ സർക്കാർ അക്കൊല്ലംതന്നെ വധശിക്ഷയ്ക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു.

ബൈഡൻ സർക്കാരിന്റെ കാലത്ത് വധശിക്ഷകളൊന്നും നടപ്പാക്കിയിട്ടില്ല. അതേസമയം, വധശിക്ഷ കൂടുതൽ വിപുലമാക്കണമെന്ന പക്ഷക്കാരനാണ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മനുഷ്യക്കടത്തുകാർക്കും മയക്കുമരുന്ന് വിൽപ്പനക്കാർക്കും വധശിക്ഷ നൽകുമെന്ന് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അദ്ദേഹം വാഗ്ദാനംചെയ്തിരുന്നു.

ട്രംപിന്റെ ഒന്നാം ഭരണകാലത്ത് 13 ഫെഡറൽ തടവുകാരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. ആധുനിക യു.എസിന്റെ ചരിത്രത്തിൽ ഒരു പ്രസിഡന്റും ഇത്രയധികം പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടില്ല. 2003-നുശേഷം ഫെഡറൽ സർക്കാർ വധശിക്ഷ നടപ്പാക്കിയതും ട്രംപിന്റെ കാലത്താണ്. അതേസമയം, ബൈഡന്റെ ഭരണകാലത്ത് പല സംസ്ഥാനങ്ങൾ അവയുടെ അധികാരമുപയോഗിച്ച് വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. ഏതാനും ദിവസംമുമ്പാണ് ഇൻഡ്യാന സംസ്ഥാനം 15 വർഷത്തിനുേശഷമുള്ള ആദ്യ വധശിക്ഷ നടപ്പാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments