Friday, March 14, 2025

HomeMain Storyഹൃദയംകൊണ്ടെഴുതിയ കൃതികളാല്‍ തലമുറകളെ പ്രചോദിപ്പിച്ച പച്ചമനുഷ്യന്‍

ഹൃദയംകൊണ്ടെഴുതിയ കൃതികളാല്‍ തലമുറകളെ പ്രചോദിപ്പിച്ച പച്ചമനുഷ്യന്‍

spot_img
spot_img

നേര്‍കാഴ്ച ലേഖകന്‍

മലയാള സാഹിത്യത്തിലെ മഹാമനീഷിയായ എം.ടി വാസുദേവന്‍ നായരുടെ ഭൗതികദേഹം ഇന്ന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍, അദ്ദേഹം ബാക്കിയാക്കുന്നത് അനശ്വരമായ ഒട്ടനവധി കൃതികള്‍ മാത്രമല്ല, എണ്ണിയാലൊടുങ്ങാത്ത പുരസ്‌ക്കാരങ്ങളുമാണ്. രാജ്യത്ത് സാഹിത്യരംഗത്ത് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌ക്കാരമായ ജ്ഞാനപീഠം മുതല്‍ പദ്മഭൂഷണ്‍ വരെയുള്ള പുരസ്‌ക്കാരങ്ങള്‍ എം.ടിയെ തേടിയെത്തിയിട്ടുണ്ട്.

1995-ലാണ് സാഹിത്യരംഗത്തെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം എം.ടിക്ക് ലഭിച്ചത്. 2005-ല്‍ എം. ടിയെ പദ്മഭൂഷണ്‍ ബഹുമതി നല്‍കി രാഷ്ട്രം ആദരിച്ചു. 2013-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് ലഭിച്ചു. പദ്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ കേരളസംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌ക്കാരമായ പ്രഥമ കേരളജ്യോതി പുരസ്‌ക്കാരവും എം.ടിക്കാണ് ലഭിച്ചത്.

1986-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം (1973, നിര്‍മ്മാല്യം), മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്‌കാരം (നാലു തവണ; 1990 (ഒരു വടക്കന്‍ വീരഗാഥ), 1992 (കടവ്), 1993 (സദയം), 1995 (പരിണയം), മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്‌കാരം (1978, ബന്ധനം), മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്‌കാരം (1991, കടവ്), മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്‌കാരം (1978, ബന്ധനം), മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്‌കാരം (2009) (കേരള വര്‍മ്മ പഴശ്ശിരാജ), എഴുത്തച്ഛന്‍ പുരസ്‌കാരം (2011), ജെ.സി. ദാനിയേല്‍ പുരസ്‌കാരം (2013), മലയാള സാഹിത്യത്തില്‍ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ക്കുള്ള നാലപ്പാടന്‍ അവാര്‍ഡ് 2014 (നാലപ്പാടന്‍ സ്മാരക സാംസ്‌കാരിക സമിതി-എന്‍എംസിഎസ്), ദേശാഭിമാനി സാഹിത്യ പുരസ്‌കാരം തുടങ്ങിയവയാണ് എം.ടി വാസുദേവന്‍ നായര്‍ക്ക് ലഭിച്ച മറ്റ് പുരസ്‌ക്കാരങ്ങള്‍.

ജ്ഞാനപീഠ പുരസ്‌കാരം നേടിയ മലയാള സാഹിത്യകാരന്മാരില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയുമായിരുന്നു എം.ടി. തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്തുക്കാരനായ ടി നാരായണന്‍ നായരുടെയും പാലക്കാട്ടെ കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായി 1933 ജുലൈയലാണ് എം.ടി വാസുദേവന്‍ നായര്‍ ജനിക്കുന്നത്. എം.ടിയുടെ ചെറുപ്പകാലം അധികവും അമ്മയുടെ നാടായ കൂടല്ലൂരായിരുന്നു. പില്‍ക്കാലത്ത് എം.ടിയെന്ന എഴുത്തുകാരന്റെ ഹൃദയഭൂമിയായി നിളയോര ഗ്രാമമായ കൂടല്ലൂര്‍ മാറുന്നതും നാം കണ്ടു.

കുടിപ്പള്ളിക്കൂടത്തില്‍ വിദ്യാഭ്യാസം ആരംഭിച്ച എംടി വാസുദേവന്‍ നായര്‍ തുടര്‍ന്ന് മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജില്‍ ഉപരിപഠനത്തിന് ചേര്‍ന്നപ്പോള്‍ ഐച്ഛിക വിഷയമായി എടുത്തതാകട്ടെ രസതന്ത്രവും. രസതന്ത്രം പഠിച്ച എം.ടി പട്ടാമ്പി ബോര്‍ഡ് ഹൈസ്‌കൂളില്‍ പിന്നെ ചാവക്കാട് ബോര്‍ഡ് ഹൈസ്‌കൂളിലും അധ്യാപകനായപ്പോള്‍ പഠിപ്പിച്ചതാകട്ടെ കണക്കും.

1955-56 കാലത്ത് പാലക്കാട് എം.ബി ട്യൂട്ടോറിയലിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി ജോലി ചെയ്തു. കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ പദവിയും എം.ടി വഹിച്ചിട്ടുണ്ട്. 1999-ല്‍ മാതൃഭൂമിയില്‍ നിന്ന് വിരമിച്ചു. മാതൃഭൂമിയില്‍ ജോലി ലഭിച്ചതോടെയാണ് എം.ടി കോഴിക്കോടേക്ക് എത്തുന്നത്. പിന്നീട് മറ്റ് പലരേയും പോലെ എം.ടിയും കോഴിക്കോട് സ്ഥിരതാമസമാക്കി.

അക്ഷരങ്ങളോട് പ്രണയിച്ചും വാക്കുകളോട് ഇണങ്ങിയും പിണങ്ങിയും ചിലപ്പോള്‍ കലഹിച്ചും കൂടല്ലൂരുകാരന്‍ വാസുദേവന്‍ മലയാളത്തിന്റെ എം.ടിയായി പരിണമിച്ചത് ഒറ്റ രാത്രി കൊണ്ടല്ല. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ സാഹിത്യ ലോകത്തേക്ക് എം.ടി പിച്ചവെച്ചു കയറി. ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറക്കുന്നത് വിക്‌റ്റോറിയ കോളേജില്‍ ബിരുദത്തിന് പഠിക്കുമ്പോഴാണ്. 1954-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെയാണ് എം.ടി മലയാള സാഹിത്യ ലോകത്ത് ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്.

നാട്ടിന്‍പുറത്തിന്റെ തനിമകൊണ്ടും ഗൃഹാതുരത്വത്തിന്റെ നനവു കൊണ്ടും ഭാഷാപ്രേമികളെ എഴുത്തിന്റെ ലോകത്ത് പിടിച്ചിരുത്തിയ അപൂര്‍വ്വ പ്രതിഭ കൂടിയായിരുന്നു എം.ടി. അക്ഷരങ്ങള്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന അസാമാന്യ മനുഷ്യന്‍, അനുഗ്രഹിക്കപ്പെട്ട എഴുത്തുകാരന്‍. വായനക്കാരനെ കഥാപാത്രമാക്കി മാറ്റുന്ന മായാജാല വിദ്യ എം.ടി യുടെ തൂലികത്തുമ്പില്‍ ഭദ്രമായിരുന്നു.

ഒരു കാലഘട്ടത്തിന്റെ ചരിത്രാവശേഷിപ്പുകളെന്നോ ഓര്‍മ്മപ്പെടുത്തലുകള്‍ എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന കൃതികള്‍ ആണ് എം.ടിയുടേത്. കാലത്തെ അതിജീവിക്കാന്‍ കെല്‍പ്പുള്ള ശക്തമായ ആഖ്യാന ശൈലിയാണ് എം.ടിയെ എഴുത്തിന്റെ പെരുന്തച്ചന്‍ ആക്കി മാറ്റിയത്. കൂടല്ലൂരിന്റെ കഥാകാരന്‍ ഒരിക്കല്‍ പറഞ്ഞു… ”അക്ഷരങ്ങളാണ് എന്റെ സമ്പത്ത്. അക്ഷരങ്ങളെക്കൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. അതിന് അക്ഷരങ്ങളോട് നന്ദി. എഴുത്തുകാരനാവാന്‍ തോന്നിയ നിമിഷമാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്…”

എം.ടിയെ വായിക്കാത്ത മലയാളിയില്ല. എം.ടി സൃഷ്ടിച്ച കഥാലോകം തന്റേതെന്ന് ഓരോ മലയാളിയേയും കൊണ്ട് പറയിക്കുന്ന അത്രയും കൈയടക്കമുണ്ടായിരുന്നു എം.ടിയുടെ ഓരോ രചനയ്ക്കും. അത്രമേല്‍ അനുഭവ തീക്ഷ്ണമായ കഥാ സന്ദര്‍ഭങ്ങള്‍. ആത്മ സംഘര്‍ഷങ്ങള്‍. കുലപതിയായി ഇന്ത്യന്‍ സാഹിത്യ നഭസില്‍ നിറഞ്ഞു നിന്നപ്പോഴും എം.ടി എളിമയോടെ പറഞ്ഞു… സാഹിത്യത്തിന്റെ പാരമ്പര്യമൊന്നും എനിക്ക് ഇല്ല. പാലക്കാട് ജില്ലയിലെ കൂടല്ലൂരിലെ മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ എന്ന വാസു എം.ടിയായി വളര്‍ന്നത് സ്വന്തം പരിശ്രമം കൊണ്ട് മാത്രമാണ്.

ഈ ഭൂമി ഉള്ളിടത്തോളം കാലം ഓര്‍ക്കപ്പെടുന്ന രണ്ടക്ഷരമാണ് മലയാളികള്‍ക്ക് എംടി. മലയാള സാഹിത്യത്തിന് മാത്രമല്ല, ഇന്ത്യന്‍ സാഹിത്യ ശാഖയ്ക്ക് വരെ അഭിമാനകരമായ ഒട്ടുവധി കൃതികള്‍ ആ തൂലികയില്‍ നിന്നും പിറന്നു. സിനിമ മേഖലയില്‍ കൈവെച്ചതെല്ലാം അദ്ദേഹം തിലകകുറികളാക്കി മാറ്റുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments