അസ്താന: 38 യാത്രക്കാരുടെ മരണത്തിന് കാരണമായ കസാഖിസ്താന്‍ വിമാനാപകടത്തിന് കാരണം റഷ്യയുടെ ആന്റി എയര്‍ ക്രാഫ്റ്റ് സംവിധാനമാണെന്ന് പുതിയ റിപ്പോര്‍ട്ട്. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിലാണ് പുതിയ വിവരം. റിപ്പോര്‍ട്ട് പ്രകാരം, അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തെ റഷ്യന്‍ മിലിട്ടറി എയര്‍ ഡിഫന്‍സ് സിസ്റ്റം വെടിവെച്ചിട്ടതാകാനാണ് സാധ്യതയെന്ന് യുകെ ആസ്ഥാനമായ സ്വതന്ത്ര ഏവിയേഷന്‍ സെക്യൂരിറ്റി സ്ഥാപനമായ ഓസ്‌പ്രേ ഫ്‌ലൈറ്റ് സൊല്യൂഷന്‍സ് പറഞ്ഞു.
വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും തെക്കുപടിഞ്ഞാറന്‍ റഷ്യയിലെ വ്യോമാതിര്‍ത്തിയിലെ സാഹചര്യവും വെച്ച് നോക്കുമ്പോള്‍ വിമാനത്തിന് നേരെ ആന്റി എയര്‍ക്രാഫ്റ്റ് ഫയര്‍ ഉണ്ടായതായി സംശയമുണ്ടെന്ന് ചീഫ് ഇന്റലിജന്‍സ് ഓഫീസര്‍ മാറ്റ് ബോറി പറഞ്ഞു. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമടങ്ങുന്ന വിമാനം ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോകുമ്പോഴാണ് കാസ്പിയന്‍ കടലിന് സമീപം തകര്‍ന്ന് വീണത്. അതേസമയം, സംഭവത്തില്‍ വ്യത്യസ്തമായ വിശദീകരണങ്ങളാണ് റഷ്യന്‍ അധികൃതരും അസര്‍ബൈജാന്‍ അധികൃതരും നല്‍കുന്നത്.
മോശം കാലാവസ്ഥ വിമാനത്തിന്റെ പാത മാറ്റാന്‍ കാരണമായിരിക്കാമെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ബ്ലാക്ക് ബോക്‌സിന്റെ കണ്ടെത്തല്‍ കൂടുതല്‍ തെളിവുകള്‍ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പക്ഷിയെ ഇടിച്ചതാണ് വിമാനത്തിന്റെ അടിയന്തര ലാന്റിങ്ങിന് കാരണമായതെന്നാണ് റഷ്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയായ റൊസാവിയാറ്റസിയ നല്‍കുന്ന വാദം. പക്ഷിയെ ഇടിക്കുന്നത് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായേക്കാം. എന്നാല്‍ ദിശ തന്നെ മാറി പോകുന്നത് എങ്ങനെയാണെന്ന് റഷ്യയുടെ വാദത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
അതേസമയം, വിമാനത്തിന്റെ തകര്‍ച്ചക്ക് കാരണം റഷ്യയാണെന്ന് യുക്രൈന്‍ സുരക്ഷാ ഉദ്യോഗസ്ഥനായ ആന്‍ഡ്രി കോവലെങ്കോ പറഞ്ഞു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. ബാക്കുവില്‍ നിന്ന് ഗ്രോസ്‌നിയിലേക്കുള്ള അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം റഷ്യന്‍ വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടതാണെന്നും തെളിവുകള്‍ ഇല്ലാതാക്കാന്‍ റഷ്യ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിന്റെ ടെയില്‍ ഭാഗത്ത് സുഷിരങ്ങള്‍ രൂപപ്പെട്ടതായി വിദഗ്ധര്‍ കണ്ടെത്തി. അതാണ് അപകടത്തിന് കാരണമെന്നും മിസൈല്‍ ആക്രമണത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും വിദഗ്ധ സംഘം അറിയിച്ചു. വിമാനം അപകടത്തില്‍ പെടുമ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുത്തനെയുള്ള ഇറക്കത്തിലേക്ക് വിമാനം പതിക്കുമ്പോള്‍ തീഗോളങ്ങള്‍ ഉയരുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.
വിമാനത്തില്‍ 62 യാത്രക്കാരും 5 ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് ടെലിഗ്രാമിലെ പോസ്റ്റില്‍ കസാഖിസ്ഥാന്‍ എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു. 25 പേര്‍ രക്ഷപ്പെട്ടതായും അവരില്‍ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. നേരത്തെ 72 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.