Wednesday, February 5, 2025

HomeMain Storyപ്രാർഥനകളും ഇടപെടലുകളും വിഫലം; നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റിന്റെ അനുമതി

പ്രാർഥനകളും ഇടപെടലുകളും വിഫലം; നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റിന്റെ അനുമതി

spot_img
spot_img

സന: പ്രാർഥനകളും ഇടപെടലുകളും വിഫലം; യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് റാഷദ് അൽ–അലിമി അനുമതി നൽകി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണു ശിക്ഷ നടപ്പാക്കുന്നത് എന്നാണു വിവരം.

അതേസമയം, വധശിക്ഷ നടപ്പാക്കുന്നതിനെപ്പറ്റി യാതൊന്നും അറിയില്ലെന്നു നിമിഷപ്രിയയുടെ മോചനശ്രമത്തിനു മുന്നിലുള്ള അഡ്വ.സുഭാഷ് ചന്ദ്രൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. ‘‘ചാനലിലാണു വാർത്ത കണ്ടത്. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ആക്‌‍‌ഷൻ കൗൺസിലിന്റെ ഗ്രൂപ്പിൽ ആരും അറിഞ്ഞിട്ടില്ല. യെമനിലുള്ള ആളുകൾ കൂടിയുള്ള ഗ്രൂപ്പാണിത്. നിമിഷപ്രിയയുടെ മോചനത്തിനു മുന്നോടിയായുള്ള ചർച്ചകളുടെ ഒന്നാംഘട്ടത്തിനു തുക കൊടുത്തിരുന്നു. അടുത്തഘട്ട ചർച്ചയ്ക്കു പണം ചോദിച്ചിട്ടുണ്ട്. ചർച്ചകൾ നടക്കുന്നുവെന്ന വിവരമാണു കിട്ടിയിരുന്നത്. നിമിഷയുടെ അമ്മ പ്രേമകുമാരി യെമനിലുണ്ട്. അവരെ ബന്ധപ്പെടാൻ ശ്രമിക്കുകയാണ്’’– സുഭാഷ് ചന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യൻ എംബസി നിയോഗിച്ച അഭിഭാഷകൻ അബ്ദുല്ലാ അമീർ ചർച്ചകളാരംഭിക്കാൻ രണ്ടാം ഗഡുവായി 20,000 യുഎസ് ഡോളർ കൂടി (ഏകദേശം 16.60 ലക്ഷം) ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ തുക കൈമാറിയാലേ ചർച്ചകൾ തുടങ്ങൂ എന്ന് അറിയിച്ചതോടെ മോചനശ്രമം നിലച്ചമട്ടാണ്. ആദ്യ ഗഡുവായി 19871 ഡോളറിന്റെ ചെക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി കഴിഞ്ഞ ജൂലൈ നാലിന് അഭിഭാഷകനു കൈമാറി. ആകെ 40,000 യുഎസ് ഡോളറാണു ചർച്ചകൾ ആരംഭിക്കാൻ വേണ്ടതെന്നും ഇതു രണ്ടു ഗഡുവായി നൽകണമെന്നും അഭിഭാഷകൻ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments