പുതുവത്സരത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്. 2025നെ സ്വാഗതം ചെയ്യുന്ന ആദ്യ രാജ്യമാണ് കിരിബാത്തി ദ്വീപ്. പസിഫിക് സമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ കിരിബാത്തി ദ്വീപ് ക്രിസ്മസ് ദ്വീപ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനേക്കാൾ എട്ടര മണിക്കൂർ മുൻപായിരുന്നു ദ്വീപിലെ ആഘോഷം. ഗ്രീൻവിച്ച് സമയത്തേക്കാൾ 14 മണിക്കൂർ മുന്നിലാണിത്.
വെടിക്കെട്ടിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെയാണു കിരിബാത്തി ദ്വീപുകാർ പുതുവത്സരത്തെ വരവേറ്റത്. കിരിബാത്തിക്ക് പിന്നാലെ ന്യൂസിലാൻഡ്, ടോകെലൗ, ടോംഗ തുടങ്ങിയ പസിഫിക് ദ്വീപുകളിലും പുതുവത്സരം പിറന്നു.
ലോകമെമ്പാടുമുള്ള കേരളീയർക്ക് സ്ഥാനമൊഴിഞ്ഞ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതുവത്സരാശംസകൾ നേർന്നു. ഐക്യവും സുരക്ഷിതത്വബോധവും ശക്തിപ്പെടുത്തിയും ചിന്തയിലും പ്രവൃത്തിയിലുമുള്ള ഒരുമയിലൂടെയും നമ്മുടെ പ്രിയപ്പെട്ട സംസ്ഥാനം വർധിച്ച പുരോഗതിയും സമൃദ്ധിയും കൈവരിക്കുന്ന വർഷമാകട്ടെ 2025 എന്ന് അദ്ദേഹം ആശംസിച്ചു..
പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ലെന്നും പുത്തൻ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേൽക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിമതവർഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവർഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും. ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂർണമാക്കാനുള്ള ഊർജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോർത്തു മുന്നോട്ടു പോകാം. പുതുവർഷം സന്തോഷത്താൽ പ്രശോഭിതമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.