മോസ്കോ: റഷ്യയുമായുള്ള ഉത്തര കൊറിയയുടെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ഉറപ്പിക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിന് അയച്ച പുതുവത്സര സന്ദേശത്തിൽ വ്യക്തമാക്കി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെസിഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പുടിനും അവരുടെ സൈനികർ ഉൾപ്പെടെ എല്ലാ റഷ്യക്കാർക്കും പുതുവത്സരാശംസകൾ അറിയിച്ചാണ് കിം ജോങ് ഉൻ സന്ദേശം അയച്ചിരിക്കുന്നത്. ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധതയും കിം അറിയിച്ചിട്ടുണ്ട്. റഷ്യൻ സൈന്യവും ജനങ്ങളും നവ നാസിസത്തെ പരാജയപ്പെടുത്തി മഹത്തായ വിജയം കൈവരിക്കുന്ന 21-ാം നൂറ്റാണ്ടിലെ ആദ്യ വർഷമായി 2025 രേഖപ്പെടുത്തപ്പെടട്ടെയെന്ന് കിം ആശംസിച്ചതായും കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
ജൂണിൽ നടന്ന ഉച്ചകോടിയിൽ സായുധ ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കാൻ ധാരണയുള്ള പരസ്പര പ്രതിരോധ ഉടമ്പടിയിൽ നേരത്തെ കിമ്മും പുടിനും ഒപ്പുവച്ചു, യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ പിന്തുണയ്ക്കുന്നതിനായി ഉത്തര കൊറിയ പതിനായിരക്കണക്കിന് സൈനികരെ അയച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആയിരത്തിലധികം ഉത്തരകൊറിയൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് അമേരിക്കയും ദക്ഷിണകൊറിയയും ആരോപിച്ചിരുന്നു.
റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലോസോവ് ഈ മാസം ആദ്യം ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കാൻ ഈ കൂടിക്കാഴ്ചയിലും ധാരണ ആയിരുന്നു.