Sunday, February 23, 2025

HomeArticlesArticlesട്രംപ്–മോദി ബന്ധം: ആഗോള രാഷ്ട്രീയത്തിൽ പുതിയ അധ്യായം (അജു വാരിക്കാട്)

ട്രംപ്–മോദി ബന്ധം: ആഗോള രാഷ്ട്രീയത്തിൽ പുതിയ അധ്യായം (അജു വാരിക്കാട്)

spot_img
spot_img

2025 ജനുവരി 20 അമേരിക്കയെപ്പോലെ തന്നെ ഇന്ത്യക്കും ഒരു നിർണായക ദിവസം തന്നെയാണ്. അന്നാണ് ട്രംപ് 2.0 അധികാരത്തിലേക്ക് എത്തുന്നത്. അമേരിക്കൻ രാഷ്ട്രീയത്തിൽ ഏതാണ്ട് ഒരു തലമുറ മാറിമാറിവരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ പങ്കും ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്.

അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശക്തമായി വളരുന്നുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് ഇന്ത്യയുമായി രൂപപ്പെടുത്തിയ അടുത്ത ബന്ധം ഇപ്പോഴും പ്രസക്തമാണ്. ഇന്ത്യയെ പ്രോത്സാഹിപ്പിച്ചും, ചൈനയെ എതിര്‍ക്കുന്ന നിലപാടുകൾ സ്വീകരിച്ചും ട്രംപ് ആഗോള തലത്തിൽ ശക്തമായ നയങ്ങൾ നടപ്പാക്കിയിരുന്നു. ഇപ്പോഴത്തെ ബൈഡൻ സർക്കാർ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുന്നതിൽ ആയിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. ബൈഡൻ ഭരണകൂടം അടാനി ഗ്രൂപ്പിനെതിരായ നടപടികൾ സ്വീകരിച്ച് കൊണ്ടിരിക്കുമ്പോൾ, കോൺഗ്രസ്മാൻ ലാൻസ് ഗൂഡൻ ഉൾപ്പെടെയുള്ള പ്രമുഖ റിപ്പബ്ലിക്കൻ നേതാക്കൾ ഇന്ത്യയോടുള്ള ബൈഡന്റെ സമീപനത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് വ്യക്തമായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്.

ഇന്ത്യയും ചൈനയും: സാമ്പത്തിക-രാഷ്ട്രീയ സംഘർഷം

ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തികവും സൈനികവുമായ പ്രശ്നങ്ങൾ ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. ചൈനീസ് കമ്പനികളുടെ ആഗോള വിപണിയിലെ സ്വാധീനത്തോട് അമേരിക്ക എങ്ങനെ പ്രതികരിക്കുമെന്ന് ഈ സമയത്ത് നിർണ്ണായകമാണ്.

ട്രംപിന്റെ അടുത്ത രാഷ്ട്രീയ അജണ്ടാ ചൈനയെ തകർക്കലായിരിക്കും എന്ന് എല്ലാ സൂചനകളും വ്യക്തമാക്കുന്നു. പെനാമ കനാലിന്റെ സുരക്ഷയും ചൈനയുടെ അനധികൃത ഇടപെടലുകളും ട്രംപ് ശക്തമായ ഭാഷയിൽ വിമർശിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്, ചൈനയെ നേരിടാൻ കൂടുതൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പാക്കുന്നു. ഇന്ത്യയുടെ ചൈനക്കെതിരായ നിലപാട് ട്രംപിന്റെ ചൈനയ്‌ക്കെതിരായ നിർണായക നീക്കങ്ങൾക്ക് അനുകൂലമാവും. ഇതിലൂടെ ഇന്ത്യയ്ക്കുള്ള നേട്ടം എന്താണെന്ന് വെച്ചാൽ ചൈനീസ് കമ്പനികളുടെ ഉത്പാദന കേന്ദ്രങ്ങൾ ഇന്ത്യയിൽ സ്ഥാപിക്കുന്നതിലൂടെ ഇന്ത്യക്ക് സാമ്പത്തിക നേട്ടവും തൊഴിൽ സാധ്യതകളും ലഭിക്കുമെന്നതാണ്.

ട്രംപിന്റെ ചൈനയെ എതിര്‍ക്കുന്ന നിലപാട് മൂലം ചൈനയ്ക്ക് ഇന്ത്യയുമായി അടുത്ത ബന്ധം ഉണ്ടാവേണ്ടത് ആവശ്യമാണ്. അത്തരത്തിൽ ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിലൂടെ ഇന്ത്യക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാകാനും സാധ്യതയുണ്ട്. ഇതിലൂടെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും, ഇന്ത്യയുടെ ജിഡിപി വളർച്ചയ്ക്ക് തുണയാകുകയും ചെയ്യും.

ബൈഡൻ ഭരണകൂടത്തിന്റെ സമീപനം

ബൈഡൻ ഭരണകാലത്ത് ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം നേരിയ തോതിൽ തണുത്തിരിക്കുകയാണ്. കൂടുതൽ നിക്ഷേപകരെ ഇന്ത്യയിൽ എത്തിക്കുന്നതിന് യാതൊരു പ്രോത്സാഹനവും ലഭ്യമാക്കാത്തത് ഇന്ത്യയുടെ വളർച്ചയെ ബാധിച്ചിട്ടുണ്ട്. എന്നാൽ, ട്രംപ് വീണ്ടും അധികാരത്തിൽ എത്തുന്നതോടെ ഇന്ത്യയുമായി കൂടുതൽ നല്ല ബന്ധങ്ങൾ കൈവരിക്കാൻ സാധ്യതയുണ്ട്.

അദാനി ഗ്രൂപ്പിനെതിരായ യുഎസ് നടപടികൾ

അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിക്കെതിരെ യുഎസിൽ അഴിമതിയുടെയും കൈക്കൂലിയുടെയും കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) ആണ് ഈ കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ, അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വിപണിയിൽ വലിയ ഇടിവ് നേരിട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിന് അദാനി ഗ്രൂപ്പിന് കരാറുകൾ ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് ഡോളർ കൈക്കൂലി നൽകിയെന്നാണ് പ്രധാന ആരോപണം. കോൺഗ്രസ്മാൻ ലാൻസ് ഗൂഡൻ ഉൾപ്പെടെയുള്ള പ്രമുഖ റിപ്പബ്ലിക്കൻ നേതാക്കൾ ഇന്ത്യയോടുള്ള ബൈഡന്റെ സമീപനത്തെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.

ട്രംപിന്റെ ഭരണകൂടം ചൈനയെ പ്രധാന എതിരാളിയായി കാണുകയും, ചൈനീസ് സ്വാധീനത്തെ ചെറുക്കാൻ ശക്തമായ നയങ്ങൾ സ്വീകരിക്കുകയും ചെയ്താൽ, ഇത് ഇന്ത്യയുമായി അടുത്ത ബന്ധം വളർത്താൻ സഹായകമാവും. ഇന്ത്യയും അമേരിക്കയും ചേർന്ന് ചൈനയുടെ ആഗോള സ്വാധീനത്തെ കുറയ്ക്കാൻ ശ്രമിക്കുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു.

ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ ഭാവി

ട്രംപിന്റെ നേതൃത്വത്തിൽ, ഇന്ത്യയുമായുള്ള അടുത്ത ബന്ധം മാത്രമല്ല, സാമ്പത്തിക സഹകരണവും സൈനിക സഹകരണവും കൂടുതൽ ശക്തിപ്പെടും. ഇത് ഇന്ത്യയുടെ ആഗോള നിലപാടിനെ കൂടുതൽ ശക്തിപ്പെടുത്തുകയും, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

ഇന്ത്യയും യുഎസും തമ്മിലുള്ള ഈ അടുപ്പം ഇരുരാജ്യങ്ങൾക്കുമുള്ള ഗുണകരമായ വളർച്ചയ്ക്ക് വഴിയൊരുക്കും. രാഷ്ട്രീയ വിശകലനത്തിൽ നിന്ന് കാണുന്നതുപോലെ, ട്രംപ്-മോദി ബന്ധം ഒരു മികച്ച ഭാവിക്ക് അടിത്തറയിടുകയാണ്. ബൈഡൻ സർക്കാരിന്റെ ചില നയങ്ങൾക്കുള്ള വിമർശനങ്ങൾക്കിടയിലും, ഇന്ത്യ-അമേരിക്കയുടെ റിപ്പബ്ലിക്കൻ പാർട്ടി ബന്ധം ഒരു ശക്തമായ സാമ്പത്തിക, രാഷ്ട്രീയ സഖ്യമായി മുന്നോട്ട് പോവുന്നു. ഈ സൗഹൃദം ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്കും, ആഗോള നിലപാടിനും നിർണ്ണായകമാകും എന്നുതന്നെയാണ് വിലയിരുത്തുന്നത്. കാത്തിരുന്നു കാണാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments