Friday, February 21, 2025

HomeNerkazhcha Specialസംസ്ഥാന മുഖ്യമന്ത്രിയായ 18 വനിതകളിൽ ഒരേയൊരു മലയാളി മാത്രം

സംസ്ഥാന മുഖ്യമന്ത്രിയായ 18 വനിതകളിൽ ഒരേയൊരു മലയാളി മാത്രം

spot_img
spot_img

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി ബിജെപിയുടെ രേഖാ ഗുപ്ത വ്യാഴാഴ്ച സ്ഥാനമേറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം രൂപപ്പെടുത്തുന്നതില്‍ വനിതാ നേതാക്കള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. രേഖാ ഗുപ്ത മുഖ്യമന്ത്രിയായതോടെ ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാരെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായിരിക്കുകയാണ്. സ്ത്രീ-പുരുഷാനുപാതത്തില്‍ സ്ത്രീകളുടെ എണ്ണം കൂടുതലുള്ള കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയും ഒരു വനിതാ മുഖ്യമന്ത്രി പോലും ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയം. കേരളത്തിലല്ലെങ്കിലും കുറച്ചു കാലത്തേക്ക് എങ്കിലും ഒരു മലയാളി വനിത മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട് എന്നതാണ് കൗതുകകരം. രേഖാ ഗുപ്തയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയുമാണ് രാജ്യത്തെ നിലവിലുള്ള വനിതാ മുഖ്യമന്ത്രിമാര്‍. രേഖാ ഗുപ്തയ്ക്ക് മുമ്പ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച വനിതാ മുഖ്യമന്ത്രിമാരെ പരിചയപ്പെടാം.

1. സുചേത കൃപലാനി – ഉത്തര്‍പ്രദേശ്

ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാണ് സുചേത കൃപലാനി. 1963 ഒക്ടോബര്‍ 2 മുതല്‍ 1967 മാര്‍ച്ച് 13 വരെയുള്ള കാലയളവില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായി ഉത്തര്‍പ്രദേശില്‍ അവര്‍ സേവനമനുഷ്ഠിച്ചു.

2. നന്ദിനി സത്പതി – ഒഡീഷ

1972 ജൂണ്‍ 14 മുതല്‍ 1976 ഡിസംബര്‍ 16 വരെ ഒഡീഷാ മുഖ്യമന്ത്രിയായി. കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് അവര്‍ മുഖ്യമന്ത്രിയായത്.

3. ശശികല കകോദര്‍ – ഗോവ

1973 ഓഗസ്റ്റ് മുതല്‍ 1989 ഏപ്രില്‍ 27 വരെ ഗോവന്‍ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ പ്രതിനിധിയായിരുന്നു അവര്‍.

4. അന്‍വര തൈമൂര്‍ – ആസാം

1980 ഡിസംബര്‍ ആറ് മുതല്‍ 1981 ജൂണ്‍ 30 വരെ ആസാമിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് അന്‍വര മുഖ്യമന്ത്രി പദത്തിലെത്തിയത്.

5. വി എന്‍ ജാനകി രാമചന്ദ്രന്‍ – തമിഴ്‌നാട്

എം ജി ആറിൻ്റെ പത്നി. വൈക്കം സ്വദേശിയായ അവർ അണ്ണാ ഡി എംകെയെ പ്രതിനികരിച്ച് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി. 1988 ജനുവരി ഏഴ് മുതല്‍ 1988 ജനവരി 30 വരെയുള്ള 24 ദിവസമാണ് അവര്‍ മുഖ്യമന്ത്രി പദത്തിലിരുന്നത്. ചലച്ചിത്ര നടിയായിരുന്നു. കേരളത്തിൽ അല്ലെങ്കിലും മുഖ്യമന്ത്രിയായ ഏക മലയാളി വനിത.

6. ജയലളിത – തമിഴ്‌നാട്

അണ്ണാ ഡി എംകെയെ പ്രതിനിധീകരിച്ച് 1991 ജൂണ്‍ 25 ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി. അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായി. 1991-96, 2001, 2002- 2006, 2011-14, 2015-16 എന്നീ കാലയളവിലാണ് ജയലളിത തമിഴ് നാട് മുഖ്യമന്ത്രിയായത്.

7. മായാവതി-ഉത്തര്‍പ്രദേശ്

ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവായ മായാവതി 1995 ജൂണ്‍ 13 മുതല്‍ 2012 മാര്‍ച്ച് 15 വരെ മുഖ്യമന്ത്രിയായി. ഉത്തർപ്രദേശിലെ ആദ്യ വനിതാ ദളിത് മുഖ്യമന്ത്രി കൂടിയാണ് മായാവതി.

പരസ്യം ചെയ്യൽ

8. രജീന്ദര്‍ കൗര്‍ ഭട്ടല്‍-പഞ്ചാബ്

1996 നവംബര്‍ 21 മുതല്‍ 1997 ഫെബ്രുവരി 12 വരെ കോണ്‍ഗ്രസിന്റെ പഞ്ചാബിലെ മുഖ്യമന്ത്രിയായിരുന്നു രജീന്ദര്‍ കൗര്‍. പഞ്ചാബിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് രജീന്ദർ കൗർ.

9. റാബറി ദേവി-ബിഹാര്‍

രാഷ്ട്രീയ ജനതാദള്‍ നേതാവായ ലാലു പ്രസാദ് യാദവിൻ്റെ ഭാര്യ റാബറി ദേവി 1997 ജൂലൈ 25 മുതല്‍ 2005 മാര്‍ച്ച് ആറ് വരെ ബിഹാറിന്റെ മുഖ്യമന്ത്രിയായി. ബിഹാറിലെ ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയാണ് അവർ.

10. സുഷമാ സ്വരാജ്-ഡല്‍ഹി

ബിജെപിയെ പ്രതിനിധീകരിച്ച് 1998 ഒക്ടോബര്‍ 12 മുതല്‍ 1998 ഡിസംബര്‍ മൂന്ന് വരെ സുഷമാ സ്വരാജ് ഡല്‍ഹി മുഖ്യമന്ത്രിയായി. ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് സുഷമാ സ്വരാജ്.

11. ഷീലാ ദീക്ഷിത്-ഡല്‍ഹി

1998 ഡിസംബര്‍ 3 മുതല്‍ 2013 ഡിസംബര്‍ 28 വരെ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായിരുന്നു ഷീലാ ദീക്ഷിത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധിയായിരുന്നു അവര്‍. ഡൽഹിയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തികൂടിയാണ് ഷീലാ ദീക്ഷിത്.

12. ഉമാ ഭാരതി-മധ്യപ്രദേശ്

ബിജെപിയെ പ്രതിനിധീകരിച്ച് 2003 ഡിസംബര്‍ എട്ട് മുതല്‍ 2004 ഓഗസ്റ്റ് 23 വരെ ഉമാ ഭാരതി മധ്യപ്രദേശ് മുഖ്യമന്ത്രിയായി സേവനം ചെയ്തു.

13. വസുന്ധര രാജെ-രാജസ്ഥാന്‍

2003 ഡിസംബര്‍ എട്ട് മുതല്‍ 2018 ഡിസംബര്‍ 17 വരെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി. ബിജെപിയെ പ്രതിനിധീകരിച്ച് രണ്ട് തവണ രാജസ്ഥാൻ മുഖ്യമന്ത്രിയായി

14. മമതാ ബാനര്‍ജി-പശ്ചിമ ബംഗാള്‍

2011 മേയ് 20 മുതല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയാണ് മമതാ ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചാണ് അവര്‍ മുഖ്യമന്ത്രിയായത്.

15. ആനന്ദിബെന്‍ പട്ടേല്‍-ഗുജറാത്ത്

2014 മേയ് 22 മുതല്‍ 2016 ഓഗസ്റ്റ് ഏഴ് വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചു. ബിജെപിയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയായിരുന്നു അവര്‍. ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് ആനന്ദിബെൻ പട്ടേൽ

16. മെഹബൂബ മുഫ്തി-ജമ്മു കശ്മീര്‍

2016 ഏപ്രില്‍ നാല് മുതല്‍ 2018 ജൂണ്‍ 19 വരെയാണ് ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചത്. ജമ്മു ആന്‍ഡ് കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവാണ് അവര്‍. ജമ്മു കശ്മീരിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാണ് മെഹബൂബ മുഫ്തി.

17. അതിഷി-ഡല്‍ഹി

ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായിരുന്നു അതിഷി. ആം ആദ്മി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് 2014 സെപ്റ്റംബര്‍ 21 മുതല്‍ 2025 ഫെബ്രുവരി 20 വരെ മുഖ്യമന്ത്രിയായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments