ഇന്ന് മഹാശിവരാത്രി. ഭക്തജനങ്ങൾ ശിവപ്രീതിക്കായി ആചാര അനുഷ്ടാനങ്ങളോടെ ഈ ദിനത്തിൽ വ്രതം അനുഷ്ടിക്കുന്നു. ഇന്ന് ശിവക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും കർമ്മങ്ങളും ഉണ്ടായിരിക്കും. ജീവിതത്തിൽ ശിവപ്രീതി പ്രാപ്തമാക്കുന്നതിനായി അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് ശിവരാത്രി വ്രതം. വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന ഈ വ്രതം സകല പാപങ്ങളെയും ഇല്ലാതാക്കി കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഉറക്കമിളച്ചു അനുഷ്ഠിക്കേണ്ട ഈ വ്രതം മഹാവ്രതം എന്നും അറിയപ്പെടുന്നു.
സാധാരണയായി വ്രതാനുഷ്ടാനങ്ങളെല്ലാം കുടുംബത്തിലെ സ്ത്രീകളാണ് അനുഷ്ടിക്കുക. എന്നാൽ ശിവരാത്രി വ്രതം ദമ്പതികൾ ഒന്നിച്ചു എടുക്കുന്നത് അത്യുത്തമമായി കണക്കാക്കപ്പെടുന്നു. കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശി തിഥിയിലാണ് ശിവരാത്രി വ്രതാനുഷ്ഠാനം. ശിവരാത്രി ദിനത്തിൽ വൈകുന്നേരം ശിവക്ഷേത്രത്തിൽ പുരുഷന്മാർ ശയനപ്രദക്ഷിണവും സ്ത്രീകൾ അടിവച്ചുള്ള പ്രദക്ഷിണവും ചെയ്ത് ഭഗവാനെ നമസ്ക്കരിക്കുന്നത് ഉത്തമമാണ്.
ശിവരാത്രി ദിനത്തിൽ ഭക്തിപൂർവ്വം ശിവക്ഷേത്രദർശനം നടത്തിയാൽ നാം അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം. അന്ന് ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. 2025 ഫെബ്രുവരി 26 ബുധനാഴ്ചയാണ് ശിവരാത്രി. ശിവരാത്രിയുടെ തലേന്ന് പ്രദോഷം വരുന്നതിനാൽ തലേന്നുമുതൽ ഒരിക്കലോടെ വ്രതം ആരംഭിക്കാം. അങ്ങനെ ശിവപ്രീതികരമായ പ്രദോഷവും ശിവരാത്രിയും ഒരുമിച്ചു അനുഷ്ഠിക്കാൻ സാധിക്കും.ഐതീഹ്യം: പാലാഴി മഥനവേളയിൽ ഉത്ഭവിച്ച കാളകൂടവിഷം ലോകരക്ഷയ്ക്കായി ശിവൻ പാനം ചെയ്തു. വിഷം ശിവന് ഹാനികരമാകാതിരിക്കാൻ പാർവ്വതി ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുകെ പിടിച്ചു. വിഷം വായിൽ നിന്നും പുറത്തു വരാതിരിക്കാൻ വിഷ്ണു ഭഗവാൻ ശിവന്റെ വായ പൊത്തിപ്പിടിച്ചു. ഇങ്ങനെ വിഷം കണ്ഠത്തിൽ തന്നെ ഉറഞ്ഞു പോവുകയും ശിവന് നീലകണ്ഠൻ എന്ന നാമം ലഭിക്കുകയും ചെയ്തു. ഈ സംഭവത്തിൽ ഭഗവാന് ആപത്തൊന്നും വരാതെ പാർവ്വതി ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്ന് പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് ഐതിഹ്യം.
വ്രതം അനുഷ്ടിക്കേണ്ട രീതി: മഹാശിവരാത്രിയുടെ തലേദിവസം അതായത് പ്രദോഷ ദിനത്തിൽ തുടങ്ങാം. പ്രദോശ ദിനത്തിൽ വൈകുന്നേരം അരിയാഹാരം കഴിക്കരുത്. പകൽ ഉറക്കം, എണ്ണ തേച്ചുള്ള കുളി, പതിഞ്ഞ ആഹാരം എന്നിവയും വർജ്ജിക്കണം. ശിവരാത്രി നാളിൽ അതിരാവിലെ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തി ‘ഓം നമ: ശിവായ’ ജപിച്ച് ഭസ്മധാരണം നടത്തണം. തുടർന്ന് ശിവക്ഷേത്ര ദർശനം നടത്താം. നിർമ്മാല്യദർശനം അത്യുത്തമം.
ശിവരാത്രി ദിനത്തിൽ പൂർണ്ണ ഉപവാസമാണ് ഉത്തമം. സാധിക്കാത്തവർക്ക് ക്ഷേത്രത്തിലെ നേദ്യമോ കരിക്കിൻ വെള്ളമോ പഴമോ കഴിക്കാം. ആരോഗ്യസ്ഥിതി അനുസരിച്ച് ആഹാരം ഉപേക്ഷിക്കാൻ സാധിക്കാത്തവർക്ക് ഒരിക്കലോടെ വ്രതം അനുഷ്ഠിക്കാവുന്നതാണ്. എന്നാൽ അമിതമായി ഭക്ഷണം കഴിക്കരുത്.
ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്ന് നേദിച്ച വെള്ള നിവേദ്യം കഴിച്ചും വ്രതം തുടരാം. ശിവരാത്രി ദിനത്തിൽ അന്നദാനം നൽകുന്നത് ഭഗവാന്റെ പ്രീതി നേടാൻ വളരെ നല്ലതാണ്. രാത്രി മുഴുവൻ ഉറങ്ങാതകെ വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. പിറ്റേന്ന് കുളിച്ച് ക്ഷേത്രത്തിലെ തീർഥം സേവിച്ച് പാരണയാകാം. അന്ന് പകൽ ഉറങ്ങരുത്.