ലോകമെമ്പാടുമുള്ള നൂറ് കോടി ജനങ്ങള്‍ അമിതഭാരത്തിന്റെ പിടിയിലെന്ന് പഠനറിപ്പോര്‍ട്ട്. 1990 മുതലുള്ള കണക്കുകളെക്കാള്‍ നാലിരട്ടി വര്‍ധനവാണ് അമിതഭാരക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നതെന്ന് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. മാര്‍ച്ച് നാലിലെ ലോക ഒബീസിറ്റി ദിനത്തോട് അനുബന്ധിച്ചാണ് പഠനം പുറത്തിറക്കിയിരിക്കുന്നത്.
മുതിര്‍ന്നവരെക്കാള്‍ കുട്ടികള്‍ക്കിടയിലും കൗമാരക്കാര്‍ക്കിടയിലുമാണ് അമിതഭാരം കാണപ്പെടുന്നതെന്നും ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നു. 1990ല്‍ ലോകത്ത് കുട്ടികള്‍, കൗമാരക്കാര്‍, മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ഏകദേശം 22.6 കോടി ജനങ്ങള്‍ക്കാണ് അമിതഭാരം ഉണ്ടായിരുന്നതെങ്കില്‍ 2022ലെ കണക്കുകള്‍ പ്രകാരം 103.8 കോടി ജനങ്ങള്‍ അമിത ഭാരം മൂലം ബുദ്ധിമുട്ടുന്നുണ്ട്. 190 രാജ്യങ്ങളിലെ 22 കോടി ജനങ്ങളുടെ ഉയരവും ഭാരവുമാണ് പഠനവിധേയമാക്കിയത്.
അമിതഭാരം ഹൃദ്രോഗം മൂലമുള്ള മരണത്തിനും പ്രമേഹം, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കോവിഡിന്റെ സമയത്ത് അമിതഭാരം മരണ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.