(ആൻറണി ജോസഫ് കുറുപ്പശ്ശേരി)
കേരളത്തിലെ ഇന്നത്തെ സാമൂഹികാവസ്ഥയിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് പ്രത്യേകിച്ച് 50 വർഷങ്ങൾക്കുള്ളിലുണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. അതിൽ ഏറ്റവും പ്രധാനമായത് വലിയ അംഗസംഖ്യ ഉള്ള കുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റവും മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കുള്ള യുവാക്കളുടെ കുടിയേറ്റത്തിലുണ്ടായ വൻ വർദ്ധനവുമാണ്. മുൻ കാലങ്ങളിൽ നേഴ്‌സുമാർ മാത്രമാണ് കൂടുതലായി വിദേശത്തേക്ക് പോയിരുന്നത്.
ഗൾഫ് നാടുകളിലേക്ക് തൊഴിൽ തേടിപ്പോയിരുന്നവർ അവിടെ സ്ഥിരതാമസത്തിനുള്ള അവസരങ്ങൾ ഇല്ലാതിരുന്നതിനാൽ നാടുമായും വീടുമായും കൂടുതൽ ബന്ധപ്പെട്ടു കിടന്നിരുന്നു. എന്നാൽ ഇന്ന് വിദേശ വിദ്യഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ ഉണ്ടാകുകയും വിദേശത്ത് അതിൻ്റെ ഭാഗമായി ജോലി സമ്പാദിക്കുവാനും അവിടെത്തന്നെ സ്ഥിരതാമസത്തിനുള്ള അവസരവും ലഭിച്ചു തുടങ്ങിയത് വിദേശത്തേക്കുള്ള കുടിയേറ്റത്തിന് ആക്കം കൂട്ടി.
കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളാകുകയും വൃദ്ധരായ മാതാപിതാക്കൾ വീടുകളിൽ ഒറ്റപ്പെടുകയും അവർക്ക് വേണ്ട സഹായത്തിന് ആളില്ലാതായി എന്നതുമാണ് സാമൂഹികാവസ്ഥയിലെ വളരെ സങ്കീർണമായ ഇന്നത്തെ പ്രശ്നം. അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മതിയായ സുരക്ഷയും വൈദ്യസഹായവും കിട്ടുന്നില്ലായെന്നതാണ്. ഈ സാഹചര്യങ്ങളെ നമുക്ക് പൂർണമായും തടയാൻ കഴിയുന്നതല്ല. മാതാപിതാക്കളെ സംരക്ഷിക്കുവാനായി തങ്ങളുടെ സാദ്ധ്യതകൾ എല്ലാം നഷ്ടപ്പെടുത്തി യുവാക്കൾ വീടുകളിൽ തുടരണമെന്നത് പൂർണമായും അംഗീകരിക്കാൻ കഴിയുന്നതല്ല. അത്തരത്തിൽ തുടരുവാനുള്ള സാഹചര്യങ്ങളല്ല നിർഭാഗ്യവശാൽ ഇന്ന് നമ്മുടെ നാട്ടിലുള്ളത്.
മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ഇല്ലാത്തതും, കാർഷിക മേഖലയുടെ തകർച്ചയും, കൃഷി സ്ഥലങ്ങളുടെ ലഭ്യതക്കുറവും ഇതിന് കാരണമാകുന്നുണ്ട്. മക്കളുടെ എണ്ണം കൂടുതലുള്ള കുടുംബങ്ങളിൽ ഒരാളെ മാതാപിതാക്കളെ സംരക്ഷിക്കുവാനും വസ്തുവകകൾ നോക്കി നടത്തുവാനും കുടുംബത്തിൽ നില്കുവാനായി നിർബന്ധിതരാക്കുകയാണ് ചിലയിടങ്ങളിലെങ്കിലും ഉണ്ടാകുന്നത്.
ഇത്തരത്തിൽ കുടുംബത്തിൽ നിൽക്കുന്നവരുമായി വിദേശത്തുള്ള മറ്റ് സഹോദരങ്ങൾ ചില സഹായങ്ങൾ നൽകിക്കൊണ്ട് ചില ഒത്തുതീർപ്പുകളിലൂടെ അവരെ നാട്ടിൽ തുടരാൻ പ്രോത്സാഹിപ്പിക്കുന്നതും ഇന്ന് സർവ്വ സാധാരണമായി കാണാവുന്നതാണ്. വിദേശത്തുള്ള സഹോദരങ്ങൾ നല്ല സുഖ സൗകര്യങ്ങളിൽ കഴിയുന്നത് കാണുന്ന നാട്ടിലെ വീടുകളിൽ തുടരുന്നവരിൽ ഒരു രീതിയിലുള്ള നിരാശയോ മാനസിക വിഷമമോ ഉണ്ടാക്കുന്നുണ്ടെന്നതും ഒരു യാഥാർഥ്യമാണ്.
മാതാപിതാക്കൾ ഉണ്ടാക്കിയെടുക്കുന്ന ചിന്താഗതിയും അവരുടെ അമിതമായ പ്രതീക്ഷയുമാണ് മക്കൾ വാർധക്യത്തിൽ തങ്ങളെ സഹായിക്കാനായി അടുത്തുണ്ടാകണമെന്ന് ചിന്തിപ്പിക്കുന്നത്. ഇത്തരം ചിന്താഗതി ഒരു തരത്തിൽ ഒരു സ്വാർഥതയിൽ നിന്ന് ഉണ്ടാകുന്നതാണ്. കുട്ടികളെ വളർത്തി ധാരാളം പണം മുടക്കി പഠിപ്പിച്ചു എന്നതാണ് അതിനായി മുന്നോട്ട് വെക്കുന്ന ന്യായീകരണങ്ങൾ. അല്ലെങ്കിൽ അതാണ് ശരിയെന്നും പരമ്പരാഗത രീതി അതാണെന്നുമുള്ള ചിന്തയാണ്. അതുകൊണ്ടാണ് മക്കൾ തങ്ങളുടെ സ്വന്തമാണെന്നും തങ്ങളെ നോക്കേണ്ടത് അവരുടെ കടമയാണെന്നും ചിന്തിക്കുന്നത്. ഇതിൽ മാതാപിതാക്കളെ കുറ്റം പറയാൻ കഴിയില്ല. അവർ ജീവിക്കുന്ന സാമൂഹികാവസ്ഥയിൽ നിന്നാണ് ഈ ചിന്താഗതി രൂപപ്പെടുന്നത്. കുട്ടികൾ സ്വാതന്ത്രാരാകണമെന്നും അവർ തങ്ങളുടെ മാത്രം സ്വന്തമല്ലെന്നും അവർ രാജ്യത്തിൻ്റെയോ ലോകത്തിൻ്റെ മുഴുവൻ കൂടി സ്വന്തമാണെന്നുമുള്ള ഉയർന്ന കാഴ്ചപ്പാടാണ് ഉയർന്നു വരേണ്ടത്.
കുട്ടികളുടെ പഠനത്തിലും വളർച്ചയിലുമൊക്കെ മാതാപിതാക്കളേക്കാളേറെ രാജ്യത്തിന് കൂടുതൽ ചെയ്യാനുണ്ട്. നിർഭാഗ്യവശാൽ രാജ്യത്തിന് ഇത്തരത്തിൽ അവരുടെ പഠനത്തിലും വളർച്ചയിലും അതിനുള്ള സാമ്പത്തിക സഹായങ്ങളിലും കാര്യമായി ഇടപെടാൻ കഴിയുന്നില്ല. ഇതെല്ലാം മാതാപിതാക്കളുടെ ഉത്തരവാദിത്വം മാത്രമായി മാറുകയാണ്. ആജീവനാന്ത സമ്പാദ്യവും കിടപ്പാടം പോലും നഷ്ടപ്പെടുത്തി അവരെ പഠിപ്പിക്കുന്ന മാതാപിതാക്കളുമുണ്ടെന്നതും ഒരു യാഥാർഥ്യമാണ്. ഇവിടെ ഒരു സാമൂഹ്യ പ്രശ്നം ഉടലെടുക്കുന്നുണ്ട്. സാമ്പത്തികമായി ഉയർച്ചയുള്ളവരുടെ മക്കൾക്ക് മാത്രമേ മെച്ചപ്പെട്ട ജീവിതം ലഭിക്കൂ എന്നതാണത്.
ഇതിനൊക്കെ ഒരു മാറ്റമുണ്ടാകണമെങ്കിൽ രാജ്യം പുരോഗതി പ്രാപിക്കുകയും എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസ ചിലവുകൾ രാജ്യത്തിൻറെ ഉത്തരവാദിത്വമായി മാറുകയുമാണ് വേണ്ടത്. ഉന്നത വിദ്യാഭ്യാസത്തിനായി ചിലവാകുന്ന തുക കുട്ടികൾ തന്നെ പാർട്ട്ടൈം ജോലി ചെയ്തു കണ്ടെത്താനുള്ള തൊഴിലവസരങ്ങൾ ഉണ്ടാകണം. അതിലൂടെ അവർ വിദ്യാഭ്യാസ കാലത്ത് തന്നെ തൊഴിൽ നിപുണരാകുകയും, സമൂഹത്തിൽ കൂടുതൽ ഇടപെടാനുള്ള അവസരങ്ങൾ ഉണ്ടാകുകയും, ആത്യന്തികമായി അവരുടെ വിദ്യാഭാസത്തിന്റെയോ മറ്റ് ആവശ്യങ്ങൾക്കായുള്ളതോ ആയ പണത്തിനായി മാതാപിതാക്കളെ ആശ്രയിക്കേണ്ടി വരില്ല.
അതിനായി രാജ്യത്ത് തൊഴിലവസരങ്ങൾ കൂടുതലായി ഉണ്ടാകണം. എന്നാൽ ഈ മാറ്റങ്ങളൊക്കെ നമ്മുടെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കുമപ്പുറം പെട്ടെന്നുണ്ടാകുന്ന ഒന്നല്ല. അത് രാജ്യത്തിൻ്റെ പുരോഗതിയുമായും ഭരണ നേതൃത്വങ്ങളുടെ കാഴ്ചപ്പാടുകളും നയങ്ങളുമായും ബന്ധപ്പെട്ടതാണ്.
ഇത്തരത്തിലുള്ള സാമൂഹ്യസാഹചര്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആരും സഹായത്തിനില്ലാത്ത വൃദ്ധരായവരുടെ പൂർണ സംരക്ഷണം രാജ്യത്തിന്റേതാകണം. അതിനായി ഏറ്റവും മികച്ച വൃദ്ധസദനങ്ങൾ കൂടുതലായി ഉണ്ടാകേണ്ടിയിരിക്കുന്നു.
ഇന്ന് മാതാപിതാക്കളെ മക്കൾ സംരക്ഷിക്കണമെന്ന ഒരു നിയമമാണ് നിലവിലുള്ളത്. മാതാപിതാക്കളും കുട്ടികളുമായുള്ള ആത്മബന്ധത്തിനപ്പുറം ചില കൊടുക്കൽ വാങ്ങലുകളുടെ വ്യവസ്ഥകളാണ് ഉണ്ടാകുന്നത്. തങ്ങൾ ഇത്രയും തുക മക്കൾക്ക് വേണ്ടി ചിലവാക്കി അതുകൊണ്ട് വാർദ്ധക്യത്തിൽ അത് തിരിച്ചു നൽകണമെന്ന നിബന്ധനയാണ്, വ്യവസ്ഥയാണ് ഇതിലൂടെയുണ്ടാകുന്നത്. ഇതിൽ എത്രമാത്രം പ്രയോഗികതയുണ്ടെന്നോ മാതാപിതാക്കളും മക്കളുമായുള്ള വ്യക്തിബന്ധങ്ങളിൽ ഇത് എന്ത് മാറ്റമാണ് ഉണ്ടാക്കുന്നതെന്നതുമൊക്കെ ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണ്.
വിദേശങ്ങളിലൊക്കെ നല്ല നിലയിൽ ജോലി ചെയ്യുന്നവർ മാതാപിതാക്കളെ സംരക്ഷിക്കാനായി അതൊക്കെ നഷ്ടപ്പെടുത്തി നാട്ടിലെത്തുന്നവരുണ്ട്. അതൊക്കെ ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണ്. എന്നാൽ അവർ ചെയ്യുന്ന ചില തെറ്റുകളുണ്ട്. ഒന്ന്, അവർക്ക് ഉണ്ടാകുന്ന ജീവിത സൗകര്യങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും നഷ്ടം. അതോടൊപ്പം അവരുടെ ഭാര്യയ്ക്കും കുട്ടികൾക്കുമുണ്ടാകുന്ന നഷ്ടം.
അതിൽ അവരുടെ കുട്ടികൾക്കുണ്ടാകുന്ന നഷ്ടമായിരിക്കും ഏറ്റവും വിലമതിക്കാൻ കഴിയാത്തത്. മൂന്നാമത്, മാതാപിതാക്കളോടുള്ള അമിതമായ സ്നേഹം മൂലം മാതാപിതാക്കൾക്ക് വേണ്ടി തിരിച്ചെത്തുന്നവർ അവരിലൂടെ രാജ്യത്തിനും സമൂഹത്തിനും കിട്ടേണ്ട സേവനത്തിൻ്റെ നഷ്ടം. നമ്മൾ വ്യക്തികൾ മാത്രമല്ലെന്നും സമൂഹത്തിൻ്റെ ഒരു ഭാഗമാണെന്നുമുള്ള ചിന്തയാണ് ഇവിടെ ഉണ്ടാകേണ്ടത്. മനുഷ്യൻ എന്നും പുരോഗതിയിലേക്കാണ് കണ്ണ് നട്ടത്. മനുഷ്യ ചരിത്രം അതാണ് നമ്മളെ പഠിപ്പിക്കുന്നത്. വേട്ട നടത്തി ജീവിച്ച മനുഷ്യർ ഇന്ന് ബഹിരാകാശത്തേക്കും മറ്റ് ഗ്രഹങ്ങളിലേക്കും യാത്രയാവുകയാണ്. അതിനുള്ള അവസരങ്ങളാണ് ഓരോ യുവാക്കൾക്കും ലഭിക്കേണ്ടത്. മക്കൾ, അവർക്കുമൊരു ജീവിതമുണ്ട്. അവർ നൂലിൽ കെട്ടിയിട്ട പട്ടങ്ങളാകരുത്. അവർ ചിറക് വിരിച്ച് പറന്നുയരട്ടെ.
ഇന്ന് കേരളത്തിൽ ധാരാളം വൃദ്ധസദനങ്ങളുണ്ട്. ധാരാളം പുതിയതായി ഉണ്ടാകുന്നുമുണ്ട്. വൃദ്ധസദനത്തിലേക്കുള്ള യാത്ര പലരെയും നിരാശപ്പെടുത്തുകയും ഭയപ്പെടുത്തുന്നുണ്ടെന്നതും യാഥാർഥ്യമാണ്. അതിന് പ്രധാന കാരണം വൃദ്ധസദനങ്ങളോടുള്ള നമ്മുടെ കാഴ്ചപ്പാടാണ്. ഒരുപക്ഷെ നമ്മൾ കാണുന്ന വൃദ്ധസദനങ്ങളുടെ ഇന്നത്തെ അവസ്ഥയായിരിക്കും അങ്ങനെ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നത്. മറ്റൊന്ന് ജനിച്ച് വളർന്ന വീട് വിട്ടു പോകുന്നതിൻ്റെ വിഷമമാണ്. മമ്മൂട്ടിയും, കരമന ജനാർദ്ദനനും, കവിയൂർ പൊന്നമ്മയും, ശ്രീവിദ്യയും, ഉണ്ണിമേരിയുമൊക്കെ അഭിനയിച്ച “തിങ്കളാഴ്ച നല്ല ദിവസം” എന്ന സിനിമ, മലയാളികളുടെ മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തിയ ഒന്നാണ്.
ഇവിടെ നമ്മുടെ കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാകണം. വാർദ്ധക്യ കാലത്ത് വൃദ്ധസദനങ്ങളിലൂടെ ഏറ്റവും മെച്ചപ്പെട്ട ഒരു കമ്മ്യൂണിറ്റി ലൈഫിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നു എന്നുള്ള കാര്യം ഇവിടെ വിസ്മരിക്കപ്പെടുകയാണ്. ഒരു പക്ഷെ ഇന്നത്തെ വൃദ്ധസദനങ്ങളിൽ മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ലഭിക്കുന്നുണ്ടോ എന്നതും ചിന്തനീയമാണ്. പല വൃദ്ധസദനങ്ങളുടെയും സ്ഥിതി വളരെ ശോചനീയമാണെന്ന് അവിടൊക്കെ ഒന്ന് കണ്ണോടിച്ചാൽ ആർക്കും മനസ്സിലാക്കാൻ കഴിയുന്നതാണ്. കിടക്കുവാൻ ഒരു കട്ടിലും കഴിക്കാൻ ഭക്ഷണവും മാത്രമല്ല വേണ്ടത്. ഏറ്റവും സന്തോഷം പകരുന്ന ഒരു ജീവിതാന്തരീക്ഷമാണ് ഉണ്ടാകേണ്ടത്.
പലപ്പോഴും ഇതൊക്കെ ഒരുക്കി കൊടുക്കുന്നവർക്കോ അവിടൊക്കെ ജോലി ചെയ്യുന്നവർക്കോ ഇത് മനസ്സിലാകുന്നില്ല എന്നതാണ് സത്യം. ഇത്തരത്തിൽ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങളെ ശ്രദ്ധിക്കുവാനോ നിരീക്ഷിക്കുവാനോ അതിനൊക്കെ സംവിധാനങ്ങളുണ്ടെങ്കിലും ആരും മുതിരുന്നില്ല എന്ന് വേണം കരുതാൻ. അതിനാവശ്യമായ മികച്ച മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടുണ്ടോയെന്നും സംശയമാണ്. ചെറിയ ഒന്നോ രണ്ടോ മുറികളുണ്ടെങ്കിൽ ആർക്കും ഒരു വൃദ്ധസദനം തട്ടിക്കൂട്ടാം എന്ന നിലയിലാണ് കാര്യങ്ങൾ ഇന്ന് നടക്കുന്നത്. അതിൽനിന്ന് ചിലരെങ്കിലും സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിടുന്നവരുമുണ്ടാകാം.
ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടു പോകുന്ന വൃദ്ധരുടെ എണ്ണം കൂടുന്ന ഒരു സാമൂഹിക ചുറ്റുപാടിൽ, ഏറ്റവും മികച്ചതായ കൂടുതൽ വൃദ്ധസദനങ്ങളുണ്ടാകണം. ഏറ്റവും നല്ല ഒരു കമ്മ്യൂണിറ്റി ലൈഫ് അവർക്കവിടെ ഉണ്ടാകണം. ഏറ്റവും നല്ല ഒരു സാമൂഹികാന്തരീക്ഷം അവർക്കവിടെ നിന്നും ലഭിക്കണം. നല്ല സുരക്ഷയും, നല്ല വൈദ്യ സഹായവും, ഉദ്യാനങ്ങളും, കളി സ്ഥലങ്ങളും, നല്ല വൃത്തിയുള്ള മുറികളും, വൃത്തിയുള്ള ടോയ്‌ലറ്റുകളും, ഇഷ്ടപ്പെട്ട ഭക്ഷണവുമെല്ലാം അവർക്കായി ഒരുക്കണം. അവർക്കായി ഉല്ലാസ യാത്രകൾ സംഘടിപ്പിക്കണം.
അവർ അവിടെ സ്വന്തം വീടുകളിലേക്കാൾ സന്തോഷവാന്മാരായിരിക്കണം. അവരിലെ വാർദ്ധക്യത്തിലെ ഏകാന്തത ഇല്ലാതാകണം. അതിനായി സർക്കാരുകൾ കാര്യക്ഷമമായി ഇടപെടുകയും ആവശ്യമായ നിയമങ്ങൾ നിർമ്മിക്കുകയോ അല്ലെങ്കിൽ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതികൾ വരുത്തുകയോ ചെയ്യണം. മാതാപിതാക്കളുടെ സംരക്ഷണം കുട്ടികളുടെ മാത്രം ഉത്തരവാദിത്വമായി ചിത്രീകരിച്ചുകൊണ്ട് സർക്കാർ കൈയ്യും കെട്ടി നിൽക്കരുത്. മക്കൾക്ക് മാതാപിതാക്കളോട് കടമയുണ്ടാകരുതെന്നല്ല ഇവിടെ പ്രതിപാദിക്കുന്നത് മറിച്ച് ഓരോ പൗരന്റെയും കാര്യത്തിൽ സർക്കാരിനാണ് കൂടുതൽ ഉത്തരവാദിത്വമെന്നാണ് ഇവിടെ ചൂണ്ടി കാണിക്കുന്നത്.
ആത്യന്തികമായി മെച്ചപ്പെട്ട ഒരു സാമൂഹിക അന്തരീക്ഷം ഇക്കാര്യങ്ങളിൽ സംജാതമാകണം. മാതാപിതാക്കളും മക്കളുമായുള്ള ആത്മബന്ധം കൂടുതൽ ഊഷ്മളമാകണം. ഇവിടെ സാഹചര്യങ്ങൾ മൂലം ഒറ്റപ്പെട്ടു പോയ വൃദ്ധർക്കായി എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള ഏറ്റവും മികച്ച വൃദ്ധമന്ദിരങ്ങൾ ഉണ്ടാകട്ടെ. അവിടേക്ക് ഏറ്റവും സന്തോഷത്തോടെ എത്തിച്ചേരുവാൻ അവരെ കൂടുതൽ ബോധവാന്മാരാക്കുകയാണ് വേണ്ടത്.