ലോകമെമ്പാടും വനിതാ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ നടക്കുകയാണ്. സമൂഹത്തിന്റെ നിയന്ത്രണങ്ങള്‍ ഭേദിച്ച് തങ്ങളുടെതായ ഇടം കണ്ടെത്തിയ വനിതകളെ ചരിത്രം ഇന്നും ഓര്‍മ്മിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയമേഖലയിലും ഇത്തരത്തില്‍ കരുത്തുറ്റ നിരവധി വനിതാ നേതാക്കള്‍ തങ്ങളുടെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അത്തരത്തില്‍ സംഭാവന നല്‍കിയ വനിതാ രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെയാണെന്ന് പരിശോധിക്കുകയാണ് ഇവിടെ.
രാഷ്ട്രീയരംഗത്ത് പുരുഷന്‍മാര്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തി നേതൃത്വത്തിന് ലിംഗഭേദമില്ലെന്ന് തെളിയിച്ച ഒരു കൂട്ടം വനിതാനേതാക്കള്‍ ഇന്ത്യയ്ക്കുണ്ടായിട്ടുണ്ട്.
നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാ നേതാക്കള്‍
മമത ബാനര്‍ജി
പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജിയാണ് ആള്‍ ഇന്ത്യ തൃണമൂണ്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ സ്ഥാപക. ബംഗാളിലെ ഇടതുപക്ഷത്തിന്റെ ആധിപത്യം തകര്‍ത്തെറിഞ്ഞ മമത പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ആശ്രയമായി മാറി. സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും തന്റെ ശബ്ദമുയര്‍ത്താന്‍ സാധിച്ച നേതാവ് കൂടിയാണ് മമത ബാനര്‍ജി.
സോണിയ ഗാന്ധി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ടിച്ച സോണിയ ഗാന്ധി മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയാണ്. അദ്ദേഹത്തെ വിവാഹം കഴിച്ച് ഇന്ത്യയിലെത്തിയ സോണിയ പിന്നീട് ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുകയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന സ്വാധീനശക്തിയായി മാറുകയും ചെയ്തു. സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് സ്ഥാപിക്കുകയും 2004 മുതല്‍ 2014 വരെ ഈ സഖ്യം ഇന്ത്യ ഭരിക്കുകയും ചെയ്തു. രാജ്യത്തിന്റെ രാഷ്ട്രീയദിശ രൂപപ്പെടുത്തുന്നതിലും സോണിയ പ്രധാന പങ്കുവഹിച്ചു.
നിര്‍മല സീതാരാമന്‍
ഇന്ത്യയുടെ കേന്ദ്രധനകാര്യ വകുപ്പ് മന്ത്രിയായ നിര്‍മല സീതാരാമന്‍ ബിജെപിയിലെ കരുത്തുറ്റ നേതാക്കന്‍മാരിലൊരാളാണ്. നേരത്തെ ഇന്ത്യയുടെ പ്രതിരോധ വകുപ്പ് മന്ത്രിയായി സേവനമനുഷ്ടിച്ചയാളു കൂടിയാണ് നിര്‍മല. ഇന്ദിരാഗാന്ധിയ്ക്ക് ശേഷം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയാകുന്ന രണ്ടാമത്തെ വനിത കൂടിയാണ് നിര്‍മല സീതാരാമന്‍. കേന്ദ്ര ധനകാര്യമന്ത്രിയെന്ന നിലയില്‍ ഇതുവരെ എട്ട് ബജറ്റുകള്‍ നിര്‍മല അവതരിപ്പിച്ചു.
സ്മൃതി ഇറാനി
ടെലിവിഷന്‍ മേഖലയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ വ്യക്തിയാണ് സ്മൃതി ഇറാനി. ബിജെപിയിലേക്ക് എത്തിയ സ്മൃതി അത്യുജ്ജലമായ നേതൃപാടവമാണ് കാഴ്ചവെച്ചത്. മോദി സര്‍ക്കാരിന് കീഴില്‍ വിവിധ വകുപ്പുകള്‍ അവര്‍ കൈകാര്യം ചെയ്തു.
രേഖ ഗുപ്ത
ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ബിജെപി നേതാവായ രേഖ ഗുപ്ത. ഹരിയാനയിലെ ജുലാനയിലാണ് രേഖ ജനിച്ചത്. 1992 മുതല്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ രേഖ നിയമത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന രേഖ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ഡല്‍ഹിയിലെ മഹിള മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയായും രേഖ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ വനിതാ നേതാക്കള്‍
ഇന്ദിര ഗാന്ധി
ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വനിതയാണ് കോണ്‍ഗ്രസ് നേതാവായ ഇന്ദിരാ ഗാന്ധി. 1966 മുതല്‍ 1977 വരെയും 1980 മുതല്‍ 1984ല്‍ കൊല്ലപ്പെടുന്നത് വരെയും ഇന്ദിര പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ചു. നിരവധി പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോയ സമയത്ത് പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയായിരുന്നു ഇന്ദിര. 1971 ലെ ഇന്തോ-പാക് യുദ്ധമുള്‍പ്പെടെ നിരവധി വെല്ലുവിളിയാര്‍ന്ന സാഹചര്യത്തെ നേരിട്ട പ്രധാനമന്ത്രി കൂടിയാണ് ഇന്ദിര ഗാന്ധി.
ജയലളിത
തമിഴ്‌നാട്ടിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു ജെ. ജയലളിത. ‘അമ്മ’ എന്നാണ് ജയലളിതയെ തമിഴ് ജനത വിശേഷിപ്പിച്ചിരുന്നത്. എഐഎഡിഎംകെയുടെ സാരഥ്യത്തിലൂടെയാണ് ജയലളിത തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. സിനിമാതാരമായിരുന്ന ജയലളിത തന്റെ വ്യക്തിപ്രഭാവത്തിലൂടെ രാഷ്ട്രീയമേഖലയില്‍ ചുവടുറപ്പിക്കുകയായിരുന്നു. സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായി ജയലളിത മാറി. 2016 ഡിസംബര്‍ 5ന് തന്റെ 68-മത്തെ വയസിലാണ് ജയലളിത അന്തരിച്ചത്.
ഷീല ദീക്ഷിത്
ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന നേതാവാണ് ഷീല ദീക്ഷിത്. 1998 മുതല്‍ 2013വരെ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി അവര്‍ അധികാരത്തിലിരുന്നു. രാജ്യതലസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും വിദ്യാഭ്യാസം-ആരോഗ്യം തുടങ്ങിയ മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിലും ഷീല ദീക്ഷിത് പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നു. ഇവരുടെ ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തികള്‍ ഡല്‍ഹിയുടെ മുഖഛായ തന്നെ മാറ്റി. 2019 ജൂലൈ 20നാണ് ഷീല ദീക്ഷിത് അന്തരിച്ചത്.
മഹാറാണി ഗായത്രി ദേവി
ജയ്പൂരിന്റെ അവസാന രാജ്ഞിയായിരുന്ന മഹാറാണി ഗായത്രി ദേവി. ഒരു ഫാഷന്‍ ഐക്കണായ ഗായത്രിദേവി രാഷ്ട്രീയ രംഗത്തും തന്റെ കഴിവ് തെളിയിച്ചു. ജയ്പൂരിന്റെ രാഷ്ട്രീയദിശ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഗായത്രി ദേവി പ്രധാന പങ്കുവഹിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളോട് കലഹിച്ച് ഗായത്രി ദേവി സി രാജഗോപാലാചാരിയുടെ സ്വതന്ത്ര പാര്‍ട്ടിയുമായി ഐക്യത്തിലായി. 1962ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗായത്രി ദേവി ചരിത്ര വിജയം സ്വന്തമാക്കുകയും ചെയ്തു. 2009 ജൂലൈ 29നാണ് ഗായന്ത്രി ദേവി അന്തരിച്ചത്.
സുഷമ സ്വരാജ്
ബിജെപിയുടെ ഏറ്റവും ശക്തരായ നേതാക്കളിലൊരാളാണ് സുഷമ സ്വരാജ്. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ സ്ത്യുതര്‍ഹമായ സേവനം കാഴ്ച വെച്ച സുഷമ ഇന്ദിരയ്ക്ക് ശേഷം ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയായി. 2019ലാണ് സുഷമ സ്വരാജ് അന്തരിച്ചത്. സുഷമയുടെ വേര്‍പാട് ഇന്ത്യന്‍ രാഷ്ട്രീയത്തിന് വലിയൊരു ശൂന്യത സൃഷ്ടിച്ചു.