വീണാ ജോര്‍ജ്ജ് ഇപ്പോള്‍ ആരോഗ്യ മന്ത്രി ആണെങ്കിലും മുന്‍പ് മാധ്യമപ്രവര്‍ത്തകയായിരുന്നു.
മന്ത്രി ആയശേഷം മാധ്യമപ്രവര്‍ത്തകരോട് ചതുര്‍ത്ഥികാട്ടുമെങ്കിലും ‘സഭയുടെ കുഞ്ഞാട്’ എന്ന അധികയോഗ്യതയുണ്ടെങ്കിലും മാധ്യമപ്രവര്‍ത്തക എന്ന മേല്‍വിലാസത്തിന്റെ ബലത്തിലാണ് വീണ എംഎല്‍എ ആയതും മന്ത്രി ആയതും. അതുകൊണ്ടുതന്നെ വാര്‍ത്ത കണ്ടെത്താനും സൃഷ്ടിക്കാനും വീണയ്ക്ക് പരസഹായം വേണ്ട. ആരോഗ്യമന്ത്രി പണിയില്‍ പരാജയമെന്ന് തുടരെ തുടരെ തളിയിക്കുമ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്തകള്‍ ഉണ്ടാക്കുന്നതില്‍ മികവു കൈവിട്ടിട്ടില്ല മുന്‍ ചാനല്‍ വാര്‍ത്താ അവതാരിക.
കഴിഞ്ഞ ജൂണില്‍ കുവൈറ്റില്‍ തീപിടുത്തം ഉണ്ടായി 25 ലധികം മലയാളികള്‍ മരിച്ചപ്പോള്‍ വീണ വാര്‍ത്ത ഉണ്ടാക്കി. കുവൈറ്റിലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ അങ്ങോട്ട് തിരിച്ച തനിക്ക് അനുമതി കേന്ദ്രം തരുന്നില്ല എന്നു പറഞ്ഞായിരുന്നു ആ വാര്‍ത്ത. വിദേശകാര്യമന്ത്രാലയത്തിന് ഒരു കത്തും നല്‍കിയശേഷം കുവൈറ്റിലേയക്ക് പോകാന്‍ പെട്ടിയും കിടയക്കയും എടുത്ത് വിമാനത്താവളത്തില്‍ എത്തിയിരുന്നു. മറ്റൊരുരാജ്യത്തെ ദുരന്തമുഖത്ത് സംസ്ഥാന മന്ത്രി ചെന്നിട്ട് ഒന്നും ഏകോപിപ്പിക്കാനില്ലന്നു ബോധ്യമുള്ളതിനാല്‍ കേന്ദ്രം യാത്രാനുമതി നല്‍കിയില്ല. വിങ്ങിക്കരഞ്ഞാണ് വീണ അന്ന് യാത്രമുടങ്ങിയതിന്റെ വേദന അന്ന് വിളമ്പിയത്.വിദേശത്ത് ദുരന്ത മുഖത്ത് കേന്ദ്രസര്‍ക്കാരാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നിരിക്കെ അധികാരദുര്‍വിനിയോഗം നടത്താനായിരുന്നു അന്ന് മന്ത്രി ശ്രമിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന വീണാജോര്‍ജിന്റെ ആരോപണം കുവൈറ്റ് യാത്രാമുടക്കം പോലെ പുതിയൊരു വാര്‍ത്താനാടകം ആണ്. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പേ അനുമതി തേടണം എന്ന് അറിയാത്തയാളല്ല സംസ്ഥാന ആരോഗ്യമന്ത്രി. അനുമതി കിട്ടും മുന്‍പ് ദല്‍ഹിയിലേയക്ക് പറക്കുകയായിരുന്നു. അനുമതി തേടി കേന്ദ്രമന്ത്രിയുടെ ഓഫീസിലേയ്ക്ക് ഇമെയില്‍ അയച്ചു എന്നാണ് പറയുന്നത്. അതവിടെ കിട്ടിയോ? കണ്ടോ? എന്നൊന്നു പ്രശ്‌നമല്ല. താന്‍ ചെല്ലുമ്പോള്‍ കാണാന്‍ വേണ്ടി കേന്ദ്രമന്ത്രി കുളിച്ചൊരുങ്ങി ഇരിക്കും എന്നതായിരുന്നു സംസ്ഥാന മന്ത്രിയുടെ വിചാരം.
ക്യൂബന്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ കാണാനാണ് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ദില്ലിയിലെത്തിയത്. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയ അനാവശ്യയാത്രയായിരുന്നു അത്. അത് മറയ്ക്കാനായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി സന്ദര്‍ശനം നിഷേധിച്ചുവെന്ന കള്ളപ്രചരണം. അടുത്ത ആഴ്ച വീണയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച ജെപി നദ്ദ പക്വമായ നിലപാട്് സ്വീകരിക്കുകയും ചെയ്തു. കള്ളിപൊളിഞ്ഞതോടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കുതിരകയറുകയാണ് മുന്‍ മാധ്യമപ്രവര്‍ത്തക.
സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ ആവശ്യം പരിഗണിക്കാതെ കേന്ദ്രത്തെ പഴിചാരാനുള്ള വാര്‍ത്താ സൃഷ്ടിയായിരുന്നു വീണയുടേത് എന്നത് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം.
ആശാവര്‍ക്കര്‍മാരുടെ സമരത്തെ അവഗണിക്കുകയാണ് വീണാ ജോര്‍ജും സര്‍ക്കാരും ചെയ്യുന്നത്. സമരക്കാരുമായുള്ള ചര്‍ച്ചയില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത ആരോഗ്യമന്ത്രി സംസ്ഥാനത്തിന് നാണക്കേടാണ്. സംസ്ഥാന വിഷയമാണ് ആരോഗ്യം എന്നിരിക്കെ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്. ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
മാസംതോറുമുള്ള ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പൊണ്് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന ഉപരോധ സമരം നടത്തുന്നത്.്. സമരസമിതി നേതാക്കളുമായി നടത്തിയ പേരിനു നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമരം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയുമാണുണ്ടായത്. ആശമാര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും കൂട്ടാക്കാതെ ഏകപക്ഷീയമായി സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ് മന്ത്രി ചെയ്തത്. ആശമാരുടെ വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ഉത്തരവുകള്‍ ചര്‍ച്ചയില്‍ ആശമാരുടെ പ്രതിനിധികള്‍ ആരോഗ്യ മന്ത്രിയെ കാണിച്ചെങ്കിലും അത് വാങ്ങി നോക്കാന്‍ പോലും തയ്യാറായില്ല..
ഒരുതരത്തിലുള്ള ഉറപ്പും നല്‍കാന്‍ അവര്‍ തയ്യാറായില്ല.ഓണറേറിയം നാമമാത്രമായി വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ പോലും സര്‍ക്കാരിന് പണമില്ലെന്നാണ് ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് എത്തിയവരോട് പറഞ്ഞത്. സാമാന്യബുദ്ധിയുള്ള ആരും ഇത് അംഗീകരിക്കില്ല. ആശമാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിച്ചു നല്‍കാമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇടതുമുന്നണി വാഗ്ദാനം ചെയ്തതാണ്. ഇത് പാലിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി സമരം ചെയ്യാനുള്ള അവകാശം ആര്‍ക്കുമുണ്ട്. എന്നാല്‍ ഇത് സിപിഎം അംഗീകരിക്കുന്നില്ല.അതുകൊണ്ടാണ് സിപിഎം നേതാക്കള്‍, സമരം ചെയ്യുന്ന ആശമാരെ പരിഹസിക്കുകയും അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്.
ആശാവര്‍ക്കര്‍മാര്‍ക്കുള്ള കേന്ദ്രവിഹിതം കേരളത്തിന് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത് സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും കാപട്യങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ അസഭ്യം പറയുന്നതിനു പുറമെ കേന്ദ്രവിഹിതം നല്‍കാത്തതാണ് ഓണറേറിയം വര്‍ധിപ്പിച്ചുനല്‍കാന്‍ പറ്റാത്തതിന് കാരണമെന്ന അസത്യപ്രചാരണം നടത്തുകയാണ് സിപിഎമ്മും ആരോഗ്യമന്ത്രി വീണാജോര്‍ജും ചെയ്തത്. ഇടതുമുന്നണിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തവരാണ് കേന്ദ്രത്തിനുമേല്‍ പഴിചാരി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത്. കേരളം നല്‍കേണ്ട യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പോലും പിണറായി സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നുകൂടി കേന്ദ്രമന്ത്രി നഡ്ഡ വെളിപ്പെടുത്തി. തൊഴിലാളിവര്‍ഗ സ്നേഹം നടിക്കുന്ന ഇക്കൂട്ടര്‍ എത്ര നീചമായാണ് സമൂഹത്തിന്റെ താഴെതട്ടില്‍ മികച്ച രീതിയില്‍ ആരോഗ്യപ്രവര്‍ത്തനം നടത്തുന്ന ആശാവര്‍ക്കര്‍മാരോട് പെരുമാറുന്നതെന്നും ഇതിലൂടെ വ്യക്തമായിരിക്കുന്നു.
തൊട്ടതിനും പിടിച്ചതിനുമൊക്കെ കേന്ദ്രവിരുദ്ധ സമരം നടത്തുന്ന സിപിഎമ്മും ഇടതുമുന്നണിയും മന്ത്രിമാരും അതിനുവേണ്ടി ആശ്രയിക്കുന്നത് പച്ചക്കള്ളങ്ങളെയാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. ആശാവര്‍ക്കര്‍മാര്‍ ഉന്നയിച്ച ആവശ്യം പരിഗണിക്കാതിരിക്കാനും, അവരുമായി ആത്മാര്‍ത്ഥമായ ചര്‍ച്ച പോലും നടത്താതിരിക്കാനും കേന്ദ്രവിരോധം പുറത്തെടുക്കുകയായിരുന്നു.
വീണാ ജോര്‍ജ്ജ് സജീവ മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ചിട്ട് അധികകാലം ആയില്ലങ്കിലും ചുരുങ്ങിയ കാലംകൊണ്ട് മാധ്യമരംഗത്തുണ്ടായ വലിയമാറ്റത്തെക്കുറിച്ച് ചെറുതായെങ്കിലും അറിഞ്ഞുവേണം കള്ള വാര്‍ത്ത സൃഷ്ടിക്കാന്‍. അല്ലെങ്കില്‍ അത്തരം ഉണ്ടാക്ക് വാര്‍ത്തകള്‍ക്ക് അല്പായുസ്സുപോലും കാണില്ല. കേന്ദ്രമന്ത്രി അനുമതി നിഷേധിച്ചു എന്ന വാര്‍ത്തയുടെ ഗതിപോലെയാകും എല്ലാം.
- പി. ശ്രീകുമാര്‍