എ.എസ് ശ്രീകുമാര്‍
കുപ്രസിദ്ധമായ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി സ്ഥിരമായി ഹാജരായി ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്തകളിലും നിറഞ്ഞുനിന്ന അഭിഭാഷകന്‍ ആളൂര്‍ അകാല ചരമമടഞ്ഞതോടെ ജീവിച്ചിരിക്കുന്നവരും ഭാവിയില്‍ പിറക്കേണ്ടവരുമായ കുറ്റവാളികളാണ് നിരാലംബരായിരിക്കുന്നത്. ഇനിയുമെത്രയോ കൊലപാതകക്കേസുകളില്‍ പ്രതികള്‍ക്ക് നിയമത്തിന്റെ രക്ഷാ കവചമൊരുക്കേണ്ടിയിരുന്ന ആളൂര്‍ 53-ാം വയസിലായിരുന്നു അന്തരിച്ചത്. പൊതുവെ ബി.എ ആളൂര്‍ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നതെങ്കിലും പതിയാരം ആളൂര്‍ വീട്ടില്‍ ബിജു ആന്റണി എന്നാണ് മുഴുവന്‍ പേര്.
മനസാക്ഷിയെ ഞെട്ടിച്ച സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തില്‍ പ്രതി അമിറുള്‍ ഇസ്ലാമിന് വേണ്ടിയും ആളൂര്‍ കോട്ടണിഞ്ഞു. കൂടത്തായി കേസിലും ഇലന്തൂര്‍ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു ആളൂര്‍. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ എത്തിയപ്പോഴാണ് മലയാളികള്‍ ബി.എ ആളൂര്‍ എന്ന പേര് ശ്രദ്ധിക്കുന്നത്. അങ്ങനെ ക്രിമിനലുകളുടെ കണ്‍കണ്ട ദൈവമായി ആളൂര്‍. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ആളൂര്‍. പ്രീ ഡിഗ്രി വരെ തൃശൂര്‍ സെന്റ് തോമസ് കോളേജിലായിരുന്നു പഠനം.
പിന്നീട് പൂനെയിലേക്ക് പോയതാണ് ആളൂരിന്റെ ജീവിതം മാറ്റി മറിച്ചത്. നിയമബിരുദം സ്വന്തമാക്കുന്നത് അവിടെ വച്ചാണ്. സഹോദരനൊപ്പം 10 വര്‍ഷത്തോളും പൂനെയില്‍ കഴിഞ്ഞു. 1999-ല്‍ ആണ് ആളൂര്‍ അഭിഭാഷകനായി കേരളത്തില്‍ എന്റോള്‍ ചെയ്യുന്നത്. നാല് വര്‍ഷത്തോളം കേരളത്തിലെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. ക്രിമിനല്‍ കേസുകള്‍ തന്നെയായിരുന്നു പ്രധാനം. ക്രിമിനലുകള്‍ക്ക് വേണ്ടി കേരളത്തില്‍ നിന്ന് വീണ്ടും പൂനെയില്‍ എത്തി. കൊടും ക്രിമിനലുകള്‍ക്ക് വേണ്ടിയായിരുന്നു എല്ലായിടത്തും ആളൂര്‍ ഹാജരായിരുന്നത്.
മിക്ക കേസുകളിലും ആളൂര്‍ വിജയിക്കുകയും ചെയ്തു. അധോലോക നായകന്‍ ഛോട്ടാ രാജന്റെ കേസുകള്‍ ആളൂരാണ് നോക്കിയിരുന്നത്. തന്‍മൂലം ആളൂരിന് അധോലോക ബന്ധമുണ്ടെന്ന് പലരും ആക്ഷേപിച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍ക്കറെ സംഘപരിവാര്‍ അനുഭാവികള്‍ വെടിവച്ച് കൊന്നപ്പോള്‍ ആ കേസിലും പ്രതികളെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയത് ആളൂര്‍ ആയിരുന്നു. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റെ അഭിഭാഷകനും ആളൂര്‍ അല്ലാതെ മറ്റാരുമായിരുന്നില്ല. സ്വര്‍ണം കൊണ്ടുള്ള ഷര്‍ട്ട് ധരിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ വ്യവസായി ദത്തത്രേയ ഫൂഗ് ഈയിടെ കൊലചെയ്യപ്പെട്ട കേസിലും പ്രതികള്‍ക്ക് വേണ്ടി ആളൂരാണത്രെ വക്കാലത്ത് എടുത്തത്.
സൗമ്യ വധക്കേസാണ് ആളൂരിനെ കേരളത്തില്‍ പ്രശസ്തനാക്കിയത്. 2011 ഫെബ്രുവരി ഒന്നിനാണ് എറണാകുളത്തു നിന്നും ഷൊര്‍ണൂര്‍ക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ട്മെന്റില്‍ വച്ച് സൗമ്യ ആക്രമിക്കപ്പെട്ടത്. ട്രെയിനുകളില്‍ ഭിക്ഷാടനം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദചാമി എന്ന ഒറ്റക്കയ്യന്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. കേസില്‍ ഗോവിന്ദചാമിക്കായി ഹാജരായത് ബി. എ ആളൂരായിരുന്നു.
കക്ഷികളില്‍ നിന്ന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ആളൂര്‍ ഗോവിന്ദചാമിക്കായി വാദിക്കാനെത്തിയത് എങ്ങനെയെന്നത് അന്ന് ചര്‍ച്ചയായിരുന്നു. ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ച തൃശൂര്‍ അതിവേഗ കോടതി വിധി ഹൈക്കോടതി ശരിവെച്ചപ്പോള്‍ ആളൂരിനെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ കൊലപാതകകുറ്റം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ വധശിക്ഷ ഏഴുവര്‍ഷത്തെ കഠിനതടവായി കുറക്കുകയായിരുന്നു. അങ്ങനെ അളൂര്‍ വിജയിച്ചുവെന്ന് പറയാം.
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിയായ ജിഷ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത് 2016-ല്‍ ആമണ്. അന്യസംസ്ഥാന തൊഴിലാളിയായ പ്രതി അമീറുല്‍ ഇസ്‌ലാമിനായി ഹാജരായത് ആളൂരായിരുന്നു. ഇയാള്‍ക്കെതിരെ ദൃക്‌സാക്ഷികളില്ലെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും അന്ന് കോടതിയില്‍ ആളൂര്‍ വാദിച്ചിച്ചെങ്കിലും അമീറുല്‍ ഇസ്‌ലാമിന് ഹൈക്കോടതി വധശിക്ഷ വിധിക്കുകയായിരുന്നു കേരളത്തില്‍ ഏറെ വിവാദമായ മറ്റൊരു കേസായിരുന്നു പത്തനംതിട്ട ഇലന്തൂര്‍ നരബലി കേസില്‍ പ്രതികള്‍ക്കായി വാദിച്ചത് ആളൂരായിരുന്നുന്നെങ്കിലും അവരെ കോടതി കുറ്റവാളികളായി പ്രഖ്യാപിച്ച് ശിക്ഷിക്കുകയായിരുന്നു.
സാമ്പത്തിക അഭിവൃദ്ധിക്കായി കാലടി സ്വദേശി റോസ്‌ലിന്‍, തമിഴ്‌നാട് സ്വദേശി പത്മം എന്നിവരെ പത്തനംതിട്ടയിലെ ഇലന്തൂരിലെത്തിച്ച് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നാണു കേസ്. കൂടത്തായി കൊലപാതകക്കേസിലെ പ്രതിയായ ജോളിക്ക് വേണ്ടി ആളൂര്‍ വാദിച്ചെങ്കിലും ആളൂരിന് ജയിക്കാനായില്ലെന്ന് മാത്രമല്ല, ആളൂരിനെതിരെ വ്യാപക വിമര്‍ശനവും നേരിട്ടിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ കേസ് ഏറ്റെടുക്കുമെന്നും ആളൂര്‍ വ്യക്തമാക്കിയിരുന്നു.