ഇന്ന് മേയ് 12 ലോക നഴ്‌സസ്ദിനം. 1965 മുതല്‍ ലോക നഴ്‌സിങ് സമിതി ഈ ദിവസം ലോക നഴ്‌സസ് ദിനം ആയി ആചരിക്കുന്നു. ആത്മാവിനെയും ശരീരത്തെയും സേവനത്തോട് ചേര്‍ത്തുകെട്ടി ഈ ലോകത്തെ ഇത്രയധികം മനോഹരമാക്കി മാറ്റുന്നവര്‍ വേറെയാരുണ്ട്.
ഇന്ന് മെഡിക്കല്‍ രംഗം വളരെയേറെ ഭീഷണികള്‍ നേരിടുന്നു. ആശുപത്രികളിലെത്തുന്ന രോഗികളാലും, അവര്‍ക്കു കൂട്ടിനായെത്തുന്നവരും മെഡിക്കല്‍ പരിശോധനക്കാള്‍ക്കായെത്തിക്കുന്ന പ്രതികളും ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു. എന്തിനേറെ കൊല്ലാന്‍ പോലും മടിക്കുന്നില്ല. ഇക്കഴിഞ്ഞ ദിവസമാണ് ഡോ. വന്ദന കൊലചെയ്യപ്പെട്ടത്. അതുപോലെ എത്രയെത്ര സംഭവങ്ങള്‍….
ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്‌ളോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനം ആയതുകൊണ്ടാണ് ഈ ദിവസം നഴ്‌സസ് ദിനം ആയി ആചരിക്കുന്നത്.
വിളക്കേന്തിയ വനിത എന്ന പേരില്‍ ലോകം വിളിച്ചു പാടുന്ന ഇവരാണ് ഇന്ന് നാം കാണുന്ന ആധുനികമായ ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവ്. 1820 മെയ് 12 ന് ജനിച്ച നൈറ്റിങ്‌ഗേലിന്റെ 200-ാം ജന്മദിന വാര്‍ഷികമാണ് 2020ലെ ഈ നേഴ്‌സ് ദിനം.
ഒരു സമ്പന്ന കുടുംബത്തിലാണ് നൈറ്റിങ്‌ഗേല്‍ ജനിച്ചത്. ഒരു നഴ്സാകാനും അപരിചിതരെ പരിപാലിക്കാനുമെല്ലാം അക്കാലത്ത് എല്ലാ പാരമ്പര്യങ്ങളിലും ലംഘനങ്ങളും വിലക്കുകളും ഉണ്ടായിരുന്നു. ക്രിമിയന്‍ യുദ്ധകാല സമയത്ത്, അതില്‍ പങ്കെടുത്ത ഭൂരിഭാഗം സൈനികരും വേണ്ട ചികിത്സകള്‍ ലഭിക്കാത്തതു മൂലം മരണമടയുന്നു എന്ന വാര്‍ത്ത കേട്ടറിഞ്ഞ നൈറ്റിങ്‌ഗേല്‍ മുന്‍നിരയിലേക്കിറങ്ങി അതിന്റെ കാരണം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ലഭിച്ച സ്ഥിതിവിവരക്കണക്കുകളുടെ കണ്ടെത്തലുകളില്‍ നിന്നും സൈനികരുടെ മരണത്തിന്റെ പ്രാഥമിക കാരണം അശുദ്ധകരമായ അന്തരീക്ഷ പരിസ്ഥിതികളും അതിന്റെ ഫലമായുണ്ടായ അണുബാധകളുമാണെന്ന് അവര്‍ക്ക് കണ്ടെത്താനായി.
ഈ ലോകത്ത് തന്നെ ഏറ്റവും വിശ്വാസവും പരിചരണവും നല്‍കുന്ന ഒരു സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് നഴ്സുമാര്‍. ഒരിക്കലെങ്കിലും ആശുപത്രിയില്‍ കിടന്നിട്ടുള്ളവര്‍ക്ക് അതറിയാനാകും. ചിലപ്പോഴെങ്കിലും ജീവിതത്തില്‍ നമ്മുടെ കൂടെയുള്ളവരുടെ സാമീപ്യമില്ലാതെ ഒറ്റയ്ക്കാവുമ്പോള്‍ നമുക്ക് തുണയായി എത്തുന്നത് അവര്‍ മാത്രമാണ്.
എല്ലാ നഴ്‌സുമാര്‍ക്കും നേര്‍ക്കാഴ്ചയുടെ നഴ്‌സസ് ദിന ആശംസകള്‍….