Saturday, September 7, 2024

HomeNerkazhcha Specialഅമേരിക്കയിൽ മലയാളി സമൂഹത്തിന് സീനിയർ കെയർ ഫെസിലിറ്റി സ്ഥാപിക്കുന്നതിലെ വെല്ലുവിളികൾ

അമേരിക്കയിൽ മലയാളി സമൂഹത്തിന് സീനിയർ കെയർ ഫെസിലിറ്റി സ്ഥാപിക്കുന്നതിലെ വെല്ലുവിളികൾ

spot_img
spot_img

അജു വാരിക്കാട്

അമേരിക്കയിലെ മലയാളം സംസാരിക്കുന്ന സമൂഹം, പ്രത്യേകിച്ച് കേരളത്തിൽ നിന്ന് കുടിയേറിയവർ, പ്രായമാകുമ്പോൾ സവിശേഷമായ വെല്ലുവിളികളെയാണ് നേരിടുന്നത് എന്ന് എന്റെ കഴിഞ്ഞ ലേഖനത്തിൽ ഞാൻ സൂചിപ്പിച്ചിരുന്നു. അവരുടെ സാംസ്കാരികവും സാമൂഹികവുമായ ആവശ്യങ്ങൾക്കനുസൃതമായ സീനിയർ കെയർ സൗകര്യങ്ങളുടെ വ്യക്തമായ ആവശ്യകത ഉണ്ടായിരുന്നിട്ടും, റിലീജിയസ് ഓർഗനൈസേഷനുകളിൽ നിന്നും മറ്റ് മലയാളി അസോസിയേഷനുകളിൽ നിന്നും ഈ ദിശയിൽ കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല എന്നത് വേദനാജനകമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് 50 ഓ അതിലധികമോ വർഷമായി അമേരിക്കയിൽ താമസിക്കുകയും ഇവിടുത്തെ സമൂഹത്തിൽ വ്യക്തമായ സ്വാധീനം ചെലുത്തുവാൻ ഈ സംഘടനകളിലെ പല വ്യക്തികൾക്കും കഴിവ് ഉണ്ടായിട്ടും ഇത്തരം കാര്യങ്ങളിലേക്ക് ഉള്ള ദീർഘവീക്ഷണം ഇല്ല എന്ന് പറയുന്നത്.
ഈ ജഡാവസ്ഥയുടെ പിന്നിലെ കാരണങ്ങൾ ഈ ലേഖനം പര്യവേക്ഷണം ചെയ്യുവാൻ ശ്രമിക്കുകയാണ്. ഈ തടസ്സങ്ങളെ മറികടക്കാൻ കഴിയുന്ന നടപടികൾ എൻറെ പരിമിതമായ അറിവിൽ നിർദ്ദേശിക്കുകയും ചെയ്യുവാൻ ശ്രമിക്കുകയാണ് ഞാൻ ഇവിടെ., ഇതിലൂടെ നമ്മുടെ പ്രായമായവർക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുവാൻ നമുക്ക് ശ്രമിക്കാം.

ഈ വിഷയവുമായി ബന്ധപ്പെട്ട് പഠിക്കുവാൻ ശ്രമിച്ചപ്പോൾ വർഷങ്ങൾക്കു മുമ്പ് ഏഷ്യാനെറ്റിൽ വന്ന അമേരിക്കൻ ജാലകം എന്ന പ്രോഗ്രാമിൽ ഹൂസ്റ്റ്ണിലെ ക്നാനായ ഹോംസ് എന്ന റിട്ടയർമെൻറ് കമ്മ്യൂണിറ്റിയെ പറ്റി ഒരു ഡോക്യുമെൻററി കണ്ടത് ഓർമ്മയിൽ വന്നു. വളരെ വ്യക്തമായ കാഴ്ചപ്പാടോടെ വർഷങ്ങൾക്കു മുമ്പ് ക്നാനായ കമ്മ്യൂണിറ്റിയിലുള്ള ചിലർ ചേർന്ന് ഉറച്ച നിലപാടും, ദൃഢനിശ്ചയത്തോടുള്ള തീരുമാനവും എടുത്ത് മുന്നോട്ടു പോയതിന്റെ തെളിവാണ് ഇന്ന് ഏതാണ്ട് പത്തു മുപ്പത് കുടുംബങ്ങൾ ഒരുമിച്ച് താമസിക്കുന്ന ഒരു കൊച്ചു കേരളം ആയി മാറിയ ക്നാനായ ഹോംസ് കമ്മ്യൂണിറ്റി. ഇതേ രീതിയിൽ നമ്മുടെ മറ്റു സഭകളും സമുദായങ്ങളും ദീർഘവീക്ഷണത്തോടെ മുൻപിട്ടിറങ്ങിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്. നമ്മുടെ മലയാളി അസോസിയേഷനുകളുടെയും റിലീജിയസ് ഓർഗനൈസേഷനുകളുടെയും ഈ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനുള്ള നിഷ്ക്രിയത്വം ഒരു പരിധിവരെ ഘടനാപരമായ സംഘടനകളുടെ പരിമിതികൾ മൂലമാണ്. അതിലൊന്നാണ് ഷോട്ട് ടേം ലീഡർഷിപ്പ്

ഷോട്ട് ടേം ലീഡർഷിപ്പ്

മിക്ക മലയാളി അസോസിയേഷനുകളും റിലീജിയസ് ഓർഗനൈസേഷനുകളും പ്രവർത്തിക്കുന്നത് 501 (സി) (3) ചാരിറ്റി ഓർഗനൈസേഷൻ ഫ്രെയിംവർക്കിന് കീഴിലാണ്. ഈ ഓർഗനൈസേഷനുകൾക്ക് സാധാരണയായി ഒരു വർഷത്തെ ലീഡർഷിപ്പ് കാലാവധികളാണ്. ഓരോ വർഷവും പുതിയ ഭരണസമിതികളാണ് സ്ഥാനമേൽക്കുന്നത്. ഇതുപോലെയുള്ള ഹൃസ്വ കാലാവധി നേതൃത്വം ദീർഘകാല പ്രോജക്ടുകൾക്ക് തടസ്സമായി പരിണമിക്കുന്നു. ദീർഘവീക്ഷണത്തോടെയുള്ള പല തീരുമാനങ്ങളും എടുക്കുവാൻ ഇതുമൂലം സാധിക്കാതെ വരുന്നു.

തുടർമാനതയുടെ അഭാവം എന്ന വെല്ലുവിളി: ഹൃസ്വ കാലാവധി എന്ന ഒരു വർഷത്തെ നേതൃത്വം, ദീർഘവർഷങ്ങളുടെ പ്രയത്നം ആവശ്യമായിട്ടുള്ള റിട്ടയർമെൻറ് ഹോംസ് അല്ലെങ്കിൽ സീനിയർ കെയർ ഫെസിലിറ്റി പോലെയുള്ള സംരംഭങ്ങളും പദ്ധതികളും തുടങ്ങുന്നതിൽ നിന്ന് അസോസിയേഷനുകളെയും പള്ളികളെയും പിന്നോട്ട് വലിക്കുന്നു. ഓരോ പുതിയ നേതൃത്വവും ഓരോ വർഷം വരുമ്പോഴും അവർ ഒരു പുതിയ തുടക്കമാണ് നടത്തുന്നത്. മുൻവർഷത്തെ ഡോക്യുമെന്റേഷനുകൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. അങ്ങനെ വരുമ്പോൾ മുൻ വർഷങ്ങളിൽ ഏതെങ്കിലും പദ്ധതികൾ ആവിഷ്കരിക്കുകയോ തുടങ്ങുകയോ ചെയ്യുമ്പോൾ അതിന് ഒരു തുടർച്ച ഇല്ലാതാവുകയാണ്.

ഉടനടിയുള്ള ആനുകൂല്യങ്ങളിലേക്കുള്ള ശ്രദ്ധ: നേതൃത്വത്തിൽ ഇരിക്കുന്ന പല വ്യക്തികളും അധികം ദീർഘവീക്ഷണം ആവശ്യമില്ലാത്ത, പെട്ടെന്ന് ചെയ്തു തീർക്കാവുന്നതും, വ്യക്തിഗത ആനുകൂല്യങ്ങളും , പേരും പെരുമയും ലഭിക്കുന്ന സംരംഭങ്ങളിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മീഡിയ കവറേജിന് വേണ്ടിയുള്ള ശ്രമങ്ങളും വ്യക്തിഗത അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്ന ശ്രമങ്ങളും നമ്മുടെ സമൂഹത്തിൽ ദീർഘവീക്ഷണം വേണ്ടുന്ന ഇത്തരം പ്രോജക്ടുകളിൽ നിന്ന് ആളുകളുടെ ശ്രദ്ധ അകറ്റിനിർത്തുന്നത് സമൂഹത്തിന് ദോഷമായി മാറുന്നു.

സാമ്പത്തിക വെല്ലുവിളി: സീനിയർ കെയർ ഫെസിലിറ്റി അല്ലെങ്കിൽ റിട്ടയർമെൻറ് ഹോം എന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഉയർന്ന നിക്ഷേപം ആവശ്യമാണ്. ഇത്തരം വലിയ സാമ്പത്തിക വെല്ലുവിളി ഉയർത്തുന്ന പ്രോജക്ടുകൾ ഏറ്റെടുക്കുവാൻ പല സംഘടനകളും മടിക്കും.

മൂലധന നിക്ഷേപം: ഭൂമി ഏറ്റെടുക്കുന്നതും സിറ്റിയുടെ അപ്രൂവൽ ലഭിക്കുന്നതും കൺസ്ട്രക്ഷൻ കമ്പനികളെ തീരുമാനിക്കുന്നതും തുടർന്ന് നിർമ്മാണം ആരംഭിക്കുന്നതും ഒക്കെ വലിയ ചെലവേറിയ കാര്യമാണ്. പലപ്പോഴും വർഷങ്ങൾ നീണ്ടുവരുന്ന പ്രയത്നം. സുസ്ഥിരമായ ധനസഹായം ഇതിൻറെ എല്ലാ ഘട്ടങ്ങളിലും ആവശ്യമാണ്. മാത്രമല്ല ഇത്തരം സംരംഭങ്ങൾ പ്രവർത്തനക്ഷമത കൈവരിച്ചാൽ സ്റ്റാഫിങ്, മെയിൻറനൻസ്, പ്രോഗ്രാമിംഗ് തുടങ്ങിയ തുടർമാനമായി ചെലവ് വരുന്ന ഓപ്പറേഷനൽ കോസ്റ്റ് കണ്ടെത്തുന്നതും ഒരു വലിയ ടാസ്ക് ആണ്.

ലോജിസ്റ്റിക്കൽ സങ്കീർണത: റിട്ടയർമെൻറ് ഹോം അല്ലെങ്കിൽ ഒരു സീനിയർ കെയർ ഫെസിലിറ്റി ആസൂത്രണം ചെയ്യുന്നതിൽ നിരവധി സങ്കീർണമായ ലോജിസ്റ്റിക്കൽ വെല്ലുവിളികളും ഉണ്ട്. അതിലൊന്നാണ് പ്രോജക്ട് മാനേജ്മെൻറ് . പരിചയസമ്പന്നതയും വിശാലവുമായ പ്രോജക്ട് മാനേജ്മെൻറ് ഇത്തരം സംരംഭങ്ങൾക്ക് ആവശ്യമാണ്. വോളണ്ടറിയായി സഹായിക്കുന്നവരുടെയും ഹ്രസ്വകാലത്തേക്ക് നേതൃത്വം വഹിക്കുന്ന കമ്മിറ്റികളുടെയും കഴിവുകൾക്ക് അപ്പുറമാണ് ഇത്തരം പ്രോജക്ട് മാനേജ്മെൻറ് . മറ്റൊന്ന് റെഗുലേറ്ററി കബ്ലയൻസ് ആണ്. ഇത്തരം ഫെസിലിറ്റുകളിൽ ഹെൽത്ത് കെയർ റിക്വയർമെൻറ്സ് ആവശ്യമായി വരുമ്പോൾ അതിനനുസരിച്ചുള്ള നിയമ സാധുതകളും പരിഗണിക്കേണ്ടി വരും ഇത് സങ്കീർണതകളുടെ മറ്റൊരു തലത്തിലേക്ക് കാര്യങ്ങളെ എത്തിച്ചേർക്കുന്നു.

ഈ വെല്ലുവിളികൾ മറികടക്കുന്നതിന് ചില പരിഹാരങ്ങൾ.
ലോങ്ങ് ടെം കമ്മിറ്റികൾ ആവിഷ്കരിക്കുക: സീനിയർ കെയർ ഫെസിലിറ്റി അല്ലെങ്കിൽ റെയർമെൻറ് ഹോം എന്ന വിഷയത്തിൽ മാത്രമായി ഒരു കമ്മിറ്റിയെ ദീർഘകാലത്തേക്ക് ആവിഷ്കരിക്കുക. ഇത്തരം കമ്മിറ്റികൾക്ക് തുടർമാനമായി ഉണ്ടാകുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിന് സാധിക്കും.

ഡെഡിക്കേറ്റഡ് ആയിട്ടുള്ള ഒരു ടീം ഇവരോടൊപ്പം പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണെങ്കിൽ വർഷങ്ങൾ നീണ്ടുവരുന്ന പ്രവർത്തനങ്ങൾ ഒരു പരിധിവരെ അനായാസേന കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ഇത്തരം ഡെഡിക്കേറ്റഡ് ആയിട്ടുള്ള ടീമുകളിൽ മെഡിക്കൽ പ്രൊഫഷണലുകളും കൺസ്ട്രക്ഷൻ പ്രൊഫഷണൽസ് അല്ലെങ്കിൽ എക്സ്പീരിയൻസ് ആയിട്ടുള്ള ആളുകളും ഉൾപ്പെടുകയാണെങ്കിൽ നേരിടേണ്ട വെല്ലുവിളികൾ ഒരു പരിധിവരെ കുറച്ചു കൊണ്ടുവരാനാകും.

വൈവിധ്യമാർന്ന ഫണ്ടിംഗ് സ്രോതസ്സുകൾ: ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധാരാളം ഫണ്ടിംഗ് ആവശ്യമാണ് എന്ന് മുമ്പ് സൂചിപ്പിച്ചല്ലോ വൈവിധ്യമാർന്ന ഫണ്ടിങ് സ്രോതസ്സുകൾ കണ്ടെത്തുന്നത് ഒരു വലിയ വെല്ലുവിളിയാണ് കമ്മ്യൂണിറ്റി ഫണ്ട് റൈസിംഗിലൂടെ ഇത്തരം സംരംഭങ്ങൾ സമൂഹത്തിൻറെ ആവശ്യമാണ് എന്ന് ബോധവൽക്കരണം നടത്തുവാനും ഫണ്ട് സമാഹരിക്കുവാനും സാധിക്കും. അതുപോലെതന്നെ ഗ്രാൻഡ് കളും സംഭാവനകളും സ്വീകരിക്കുകയും ചെയ്തു ആവശ്യമായ തുക കണ്ടെത്താം. വലിയ സ്ഥാപനങ്ങളിൽ നിന്നും എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള മലയാളി സംരംഭകരിൽ നിന്നും മനുഷ്യസ്നേഹികളിൽ നിന്നും സംഭാവനകൾ കണ്ടെത്തുവാൻ സാധിക്കും.

പ്രാദേശികമായ മലയാളി ഇതര സ്ഥാപനങ്ങളും ഓർഗനൈസേഷനുകളുമായുള്ള പങ്കാളിത്തവും പാർട്ണർഷിപ്പും ചെയ്യുന്നതിലൂടെ ചെലവുകളും വിഭവങ്ങളും പങ്കിടുന്നതിന് സാധിക്കും. ഇത്തരം പ്രോജക്ടുകളിൽ എടുക്കുന്ന തീരുമാനങ്ങൾ സുതാര്യമായിരിക്കണം കമ്മ്യൂണിറ്റിക്ക് അവർ എടുക്കുന്ന തീരുമാനങ്ങൾ വിശ്വാസയോഗ്യം ആവണം. പ്രത്യേകിച്ച് ഫണ്ടുകൾ ഉപയോഗിക്കുകയും കൈകാര്യം ചെയ്യുന്നതിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

പ്രോജക്ടിന്റെ പുരോഗതിയുടെ റിപ്പോർട്ടുകൾ ഓരോ ആഴ്ചയും പ്രസിദ്ധീകരിച്ച് ഇതിൽ പ്രത്യക്ഷമായും പരോക്ഷമായും പ്രവർത്തിക്കുകയും ധനവും നൽകി സഹായിക്കുകയും പരോക്ഷ പിന്തുണ നൽകുന്ന കമ്മ്യൂണിറ്റിയിലെ ആളുകൾക്കും സമർപ്പിക്കേണ്ടതാണ്.
പ്രോജക്ടിനെ പറ്റി സംസാരിക്കുന്നതിനും ഇൻപുട്ട് ശേഖരിക്കുന്നതിനും പബ്ലിക് ഫോറങ്ങൾ സഹായിക്കും. അത്തരം പബ്ലിക് ഫോറങ്ങൾ ആവിഷ്കരിക്കുകയും കമ്മ്യൂണിറ്റിയെ അറിയിക്കുകയും ചെയ്യുകയാണെങ്കിൽ കമ്മ്യൂണിറ്റിയുടെ ഒരു വലിയ പിന്തുണ പ്രോജക്ടിന് ലഭിക്കും.

എല്ലാവരെയും ചേർത്ത് നിർത്തുന്ന ഒരു പ്രോജക്ട് ആണ് എന്തുകൊണ്ടും കമ്മ്യൂണിറ്റിക്ക് ചേർന്നത്. ലോജിസ്റ്റിക്കൽ സങ്കീർണതകൾ നാവിഗേറ്റ് ചെയ്യുന്നതിന് പ്രൊഫഷണൽ പ്രോജക്ട് മാനേജ്മെന്റുകളെ കൊണ്ടുവരുന്നത് പരിഗണിക്കുക. സീനിയർ കെയർ അല്ലെങ്കിൽ റിട്ടയർമെൻറ് ഫെസിലിറ്റുകൾ മാനേജ് ചെയ്യുന്നതിൽ വൈദഗ്ദ്യം നേടിയ പ്രോജക്ട് മാനേജ്മെന്റുകൾ ആവണം പരിഗണനയിൽ ഉണ്ടാവേണ്ടത്.

അസോസിയേഷന്റെയോ റിലീജിയസ് ഓർഗനൈസേഷന്റെയോ നൂലാമാലകൾ ഒന്നുമില്ലാതെ സ്വന്തമായി ഇത്തരം പ്രോജക്ടുകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു എൽ എൽ സി അല്ലെങ്കിൽ എൽ എൽ പി രൂപീകരിക്കുന്നത് പരിഗണിക്കാം. എൽഎൽസി അല്ലെങ്കിൽ എൽ എൽ പി ലിമിറ്റഡ് ലയബിലിറ്റി പ്രൊട്ടക്ഷൻ തരുന്നുണ്ട്. അതായത് ഉടമയുടെ സ്വകാര്യ സ്വത്തുക്കൾ കമ്പനിയുടെ കടങ്ങളിൽ നിന്നും ബാധ്യതകളിൽ നിന്നും സംരക്ഷിക്കപ്പെടുന്നു.

പദ്ധതിയുടെ നിർദ്ദേശം ആവശ്യങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി ഒരു എൽ എൽ സി ആണോ എൽ എൽ പി ആണോ ഏറ്റവും ഉചിതം എന്ന തീരുമാനിക്കണം.
എൽ എൽ സി: ബിസിനസ് സംരംഭകർക്ക് അനുയോജ്യം. മാനേജ്മെന്റിലും നികുതിയിലും ഫ്ലെക്സിബിലിറ്റി ഇത് വാഗ്ദാനം ചെയ്യുന്നു.
എൽ എൽ പി: ലയബിലിറ്റി പ്രൊട്ടക്ഷൻ നിർണായകമായ പ്രൊഫഷണൽ ഗ്രൂപ്പുകൾ പലപ്പോഴും പ്രൊഫർ ചെയ്യുന്നത് ഇതാണ് .

അമേരിക്കയിലെ മലയാളി കമ്മ്യൂണിറ്റിയിൽ സീനിയർ കെയർ ഫെസിലിറ്റുകൾ സ്ഥാപിക്കുന്നതിന് പലതരത്തിലുള്ള വെല്ലുവിളികൾ മറികടക്കേണ്ടതുണ്ട്. ഘടനാപരമായ പരിമിതികളെ അഭിസംബോധന ചെയ്യുന്നതിലൂടെ വൈവിധ്യമാർന്ന ഫണ്ടിംഗ് ആസൂത്രണം ചെയ്യുന്നതിലൂടെ സുതാര്യമായ നേതൃത്വം നൽകുന്നതിലൂടെ സമൂഹത്തിൻറെ നന്മയ്ക്ക് മുൻഗണന നൽകുന്നതിലൂടെ പ്രൊഫഷണൽ പ്രോജക്ട് മാനേജ്മെൻറ് ഏറ്റെടുക്കുന്നതിലൂടെ നമ്മുടെ മലയാളി അസോസിയേഷനുകൾക്കും പള്ളികൾക്കും ഇത്തരം നിർണായക സംരംഭങ്ങൾ വിജയകരമാക്കി ഏറ്റെടുക്കുവാൻ ആയിട്ട് സാധിക്കും.

പ്രദേശത്തുള്ള പല പള്ളികൾ ചേർന്ന് ഒന്നായി ഒരു തീരുമാനം എടുക്കുകയാണെങ്കിലും വിദ്വേഷങ്ങൾ മറന്ന് ഇതര അസോസിയേഷനുകൾ ചേർന്ന് ഒരുമിച്ചിരുന്ന് ആലോചിച്ച് മുൻപോട്ടു പോയാലും വളരെ എളുപ്പത്തിൽ സാധ്യമാക്കി തീർക്കാവുന്ന കാര്യമാണ് ഇത്. നമ്മുടെ സമൂഹത്തിലെ മാതാപിതാക്കളുടെ സുവർണ്ണകാലം നമ്മുടെ നിരുത്തരവാദിത്വം മൂലം നഷ്ടമാവാൻ ഇടയാവരുത്. അത് അവരെ അവഹേളിക്കുന്നതിന് തുല്യമാണ്.
നന്മ വരട്ടെ എല്ലാവർക്കും ‘

അജു വാരിക്കാട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments