സുനിൽ വല്ലാത്തറ ഫ്ലോറിഡ
1997 ഡിസംബര്‍ മാസത്തില്‍ എറണാകുളം കലൂരിലുള്ള പിവിഎസ് ഹോസ്പിറ്റലില്‍ കരള്‍ രോഗം മൂര്‍ച്ഛിച്ചു ചികിത്സയില്‍ ആയിരുന്ന പഴയകാല നായക നടന്‍ എം ജി സോമനെ സന്ദര്‍ശിച്ച സുരേഷ് ഗോപിയോട് അദ്ദേഹം തലയില്‍ കൈ വച്ചു അനുഗ്രഹിച്ചു പറഞ്ഞു, സുരേഷ് സിനിമയില്‍ മാത്രമല്ല പൊതുരംഗത്തും പ്രശസ്തിയിലേക്ക് ഉയരും. ഏതാണ്ട് നാല്‍പതു വര്‍ഷത്തോളമായി മലയാള സിനിമയിലെ അഭിനയ രംഗത്തുള്ള അദ്ദേഹത്തെ ഏറെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ പ്രധാന കാരണങ്ങളില്‍ ഒന്ന്,
1994ല്‍ പുറത്തിറങ്ങിയ കമ്മീഷണര്‍ സിനിമയില്‍ സത്യസന്ധനായ പോലീസ് ഓഫീസര്‍ ആയി അഭിനയിച്ച സുരേഷ് ഗോപി, അഴിമതി വീരനായ പോലീസ് ഐജി ആയി അഭിനയിച്ച തന്റെ മേലുദ്യോഗസ്ഥന്‍ രാജന്‍ പി ദേവിന് നേരെ കൈ ചൂണ്ടി വിളിച്ച ”പ്ഫ പുല്ലേ ”എന്ന് പറഞ്ഞ വൈറല്‍ ഡയലോഗ് ആണ്. പിന്നീട് മിമിക്രി കലാകാരന്മാര്‍ ഏറ്റെടുത്ത ഈ ഡയലോഗ് കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ മലയാളികള്‍ കൂടുന്ന എല്ലാ സംസ്ഥാനങ്ങളിലെ വേദികളിലും, വിദേശ രാജ്യങ്ങളിലെ മലയാളികളുടെ സ്റ്റേജ് ഷോകളിലും മുപ്പതു വര്‍ഷത്തില്‍ അധികമായി ഇപ്പോഴും അവതരിപ്പിക്കപ്പെടുന്നു.
എണ്‍പതുകളുടെ ആരംഭത്തില്‍ മലയാള സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു തുടങ്ങിയ സുരേഷ് ഗോപിക്ക് ബ്രേക്ക് ആയത് 1986ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനായ ‘രാജാവിന്റെ മകന്‍’ ആണ്. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹായി ആയി അഭിനയിച്ച സുരേഷ് ഗോപി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. തുടര്‍ന്ന് പിറ്റേവര്‍ഷം കെ മധുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇരുപതാംനൂറ്റാണ്ട് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നായകനായ മോഹന്‍ലാലിനൊപ്പം ശേഖരന്‍കുട്ടി എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് അരങ്ങു തകര്‍ത്ത സുരേഷ് ഗോപി പിന്നീട് വില്ലന്‍ കഥാപാത്രങ്ങളിലേയ്ക്ക് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.
തൊണ്ണൂറുകളുടെ ആരംഭത്തില്‍ ഉദയം ചെയ്ത ഷാജി കൈലാസ് രെണ്‍ജി പണിക്കര്‍ കൂട്ടുകെട്ടാണ് പിന്നീട് സുരേഷ് ഗോപിയെ ആക്ഷന്‍ ഹീറോ ആക്കി മാറ്റിയത്. ആ കൂട്ടുകെട്ടില്‍ പിറവിയെടുത്ത തലസ്ഥാനം, ഏകലവ്യന്‍, കമ്മീഷണര്‍ തുടങ്ങിയ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയപ്പോള്‍ അതിലെ നായകനായ സുരേഷ് ഗോപി മലയാള സിനിമയില്‍ ജയന് ശേഷം മറ്റൊരു ആക്ഷന്‍ ഹീറോ ആയി മാറുകയായിരുന്നു.
1997ല്‍ ജോഷി സംവിധാനം ചെയ്ത ലേലം എന്ന സിനിമ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായപ്പോള്‍ അതില്‍ അന്തരിച്ച എം ജി സോമന്റെ മകനായി ആനക്കാട്ടില്‍ ചാക്കോച്ചി എന്ന ശക്തനായ കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് ഗോപി, മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മലയാള സിനിമയില്‍ മൂന്നാമത്തെ സൂപ്പര്‍സ്റ്റാര്‍ ആയി മാറി.
ഇതിനിടയില്‍ മകള്‍ ലക്ഷ്മി കാറപകടത്തില്‍ മരണപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്ക് ആയി മാറി. പിന്നീട് മകളുടെ ഓര്‍മ്മയ്ക്ക് ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹം ഇപ്പോഴും കേരളത്തിലെ പല ഭാഗങ്ങളിലും ചാരിറ്റിറ്റബിള്‍ ട്രസ്റ്റിന്റെയും സൊസൈറ്റിയുടെയും ഉപദേശകന്‍ കൂടി ആണ്.
കേരളത്തില്‍ അധികം ക്ലച്ചു പിടിക്കാതെ പോയ്‌കൊണ്ടിരുന്ന ബിജെപിക്ക് ഒരു സെലിബ്രിറ്റി പ്രവര്‍ത്തിക്കാന്‍ വേണം എന്ന പാര്‍ട്ടിയിലെ ബുദ്ധിജീവികളുടെ കണ്ടുപിടുത്തത്തെ തുടര്‍ന്നാണ് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്ത് കേന്ദ്ര നേതൃത്വം സുരേഷ് ഗോപിയെ സമീപിക്കുന്നതും അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുന്നതും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സ്ഥാനാര്‍ഥി ആയ അദ്ദേഹത്തിന് തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് അധികം സമയം കിട്ടിയില്ലെങ്കിലും, ഇരു മുന്നണികളെയും ഞെട്ടിച്ചു കൊണ്ട് 28 ശതമാനം വോട്ട് നേടുകയും, രണ്ടാം സ്ഥാനത്തായ ഇടതു മുന്നണിയുടെ രാജാജി മാത്യു തോമസിന്റെ തൊട്ടടുത്തെത്തുകയും ചെയ്തു.
പിന്നീട് സ്ഥിര താമസം തൃശൂരില്‍ ആക്കിയ സുരേഷ് ഗോപി കുടുംബ യോഗങ്ങളിലും സ്വകാര്യ ചടങ്ങുകളിലും പൊതു വേദികളിലും പ്രത്യക്ഷപ്പെട്ടുകൊണ്ട് തൃശൂരിലെ സജീവ സാന്നിധ്യം ആയി. ഇതിനിടയില്‍ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും തൃശൂര്‍ മണ്ഡലത്തില്‍ ഒരു കൈ പയറ്റിയ സുരേഷ് ഗോപി അവിടെയും വന്‍ മുന്നേറ്റം ആണുണ്ടാക്കിയത്.
നിയമസഭ തെരഞ്ഞെടുപ്പു കാലത്ത് തൃശൂര്‍ ഞാന്‍ ഇങ്ങെടുക്കുവാ എന്ന് പറഞ്ഞതും, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ലൂര്‍ദ് മാതാവിന് കിരീടം വച്ചതും വലിയ വിവാദമായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതും ട്രോളന്മാര്‍ ഏറ്റെടുത്തു വലിയ ട്രോളുകളായതും അദ്ദേഹത്തിന്റെ റേറ്റിംഗ് കൂട്ടുകയും ഈ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തിന് സഹായിക്കുകയും ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പു പോരാട്ട കളരിയിലെ അതികായനായ കെ മുരളീധരന് പകരം അദ്ദേഹത്തെ പിന്നില്‍ നിന്നും കുത്തിയ നാട്ടിക കടപ്പുറത്തിന്റെ മകന്‍ ടി എന്‍ പ്രതാപന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്നെങ്കില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം ഒന്നരലക്ഷം കടന്നേനെ. ഈ തെരഞ്ഞെടുപ്പു വിജയത്തില്‍ സുരേഷ് ഗോപി ആദ്യം നന്ദി പറയേണ്ടത് തുഷാര്‍ വെള്ളാപ്പള്ളിയോടും രാഹുല്‍ ഗാന്ധിയോടും ആണ്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലം എന്‍ഡിഎ സഖ്യകക്ഷി ആയ ബിഡിജെഎസിനു നല്‍കിയതാണ്. ബിഡിജെഎസിന്റെ അമരക്കാരന്‍ തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ചതും ആയിരുന്നു. അപ്പോഴാണ് രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി വയനാട്ടില്‍ മത്സരിക്കുവാന്‍ എത്തുന്നത്. അതോടെ സെലിബ്രിറ്റി പൊളിറ്റീഷനോട് മത്സരിച്ചാല്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത പ്രാധാന്യം കൂടുതല്‍ കിട്ടുമെന്ന് മനസ്സിലാക്കിയ തുഷാര്‍ ം ചെയ്തു.
കലാകാരന്മാരുടെ തറവാടായ കലാമണ്ഡലം ഉള്‍പ്പെടുന്ന തൃശൂരില്‍ അതുല്യ കലാകാരനായ തൃശൂരുകാരുടെ സ്വന്തം സുരേഷേട്ടനായ സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയി വരുമ്പോള്‍ ഇനി നടക്കാന്‍ പോകുന്നത് വെറും പൂരമല്ല, പൊടി പൂരമായിരിക്കും.