ആർ. അപർണ
ആല്‍മരച്ചോട്ടില്‍ വട്ടം കൂടി സൊറ പറഞ്ഞിരിക്കുന്ന ചെറുപ്പക്കാര്‍… മതിയാവോളം സംസാരിക്കാന്‍ വിഷയങ്ങളുടെ ആവശ്യമില്ലാതെ വാ തോരാതെ സംസാരങ്ങള്‍, പൊട്ടിച്ചിരികള്‍… ആദ്യ പ്രണയം പങ്കുവയ്ക്കാന്‍ ഇടവഴിയില്‍ പ്രണയിനിയെ കാത്തു നില്‍ക്കുന്ന കള്ളക്കാമുകന്‍… അവളുടെ വരവും കാത്ത് മറ്റാരും കാണാതെ മരത്തിന്റെ പിന്നില്‍ പതുങ്ങിയുള്ള നില്‍പ്പ്. വീട്ടിലുണ്ടാക്കിയ ഇറച്ചിപ്പത്തിരി അപ്പുറത്തെ വീട്ടില്‍ കൊടുക്കാന്‍ പോകുന്ന ഉമ്മച്ചി. തിരികെ വരുമ്പോള്‍ അപ്പുറത്തെ രാമന്‍ നായരുടെ പറമ്പില്‍ നിന്നും കിട്ടിയ ചക്കര മാങ്ങ കൊണ്ട് നിറഞ്ഞ മടിക്കുത്ത്. ഏതോ സാങ്കല്‍പ്പിക കഥയിലെ രംഗങ്ങളല്ല ഇതൊന്നും. നമ്മുടെ നാടിനുണ്ടായിരുന്ന ഒരു മുഖമാണ്.
വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഒരു കാര്യവുമില്ലാത്ത ഫോര്‍വേര്‍ഡ് മെസേജുകള്‍ നിറയുമ്പോള്‍ ”ഇതെന്തൊരു ശല്യമാണെ”ന്ന് പ്രാകിക്കൊണ്ട് ഗ്രൂപ്പ് ലീവ് ചെയ്യുന്ന സൗഹൃദങ്ങള്‍ക്ക് ഈ കാലത്തിന്റെ സൗന്ദര്യം പറഞ്ഞാല്‍ മനസിലാകുമോ?
ചാറ്റ് ബോക്‌സില്‍ വന്ന് വീഴുന്ന ”ഐ ലവ് യു” മെസേജുകള്‍ ഒരു ബ്ലോക്ക് ഓപ്ഷന്‍ കൊണ്ട് തടുക്കുന്ന പെണ്‍കുട്ടികള്‍. ഇഷ്ടമാണെന്ന് പറഞ്ഞവന് നെഞ്ചിടിപ്പിന്റെ ആവശ്യമില്ല, പതുങ്ങി നില്‍ക്കണ്ട കാര്യമില്ല. ഫേസ്ബുക്ക് ടൈം ലൈനില്‍ പ്രത്യക്ഷപ്പെട്ട ഒരു കുല മാങ്ങക്ക് കീഴില്‍ ”സോ ടേസ്റ്റി” കമന്റ് ഇട്ട് നിര്‍വൃതി അടയുന്ന ലോകമാണ് ഇന്നത്തേത്.
യാന്ത്രിക ലോകത്ത് നിന്നൊരു ഇടവേള, ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും വാട്‌സാപ്പും ഇല്ലാത്ത കാലം എന്നതൊക്കെ ഇതിനകം തന്നെ എത്രയോ തവണ തമ്മില്‍ പറഞ്ഞ് ചിരിച്ചിട്ടുണ്ട് നമ്മള്‍. അതെത്ര നല്ല കാലമായിരുന്നു എന്ന് പറഞ്ഞ് വിട്ട എണ്ണമറ്റ നെടുവീര്‍പ്പുകള്‍! അങ്ങനെയൊരു കാലമുണ്ടായിരുന്നു. പണ്ട് പണ്ട് പണ്ട്… എന്നൊന്നും പറയണ്ട, ഒരു ഇരുപത് വര്‍ഷം പിന്നിലേക്ക് നോക്കിയാലും കാണാം, കണ്ണില്‍ക്കണ്ണില്‍ നോക്കി വര്‍ത്തമാനം പറയുന്ന ഓരോ മനുഷ്യന്റെയും ചിരിയില്‍ ചന്ദ്രക്കലയെക്കാള്‍ തിളക്കം!
വാര്‍ത്തകള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എത്തുന്നതിന് ഒരു താളമുണ്ടായിരുന്നു അക്കാലത്ത്. ചായക്കടകളിലും വായനശാലകളിലുമുള്ള ചെറുകൂട്ടങ്ങളിലൂടെ അവ ഒഴുകിയൊഴുകി നടക്കും. ഓരോ മതില്‍ക്കെട്ടിനും അപ്പുറമുള്ള സ്ത്രീശബ്ദങ്ങള്‍ അവയെ ഏറ്റെടുക്കും… ”അറിഞ്ഞോ?” എന്ന് തുടങ്ങിയ എത്രയെത്ര വാര്‍ത്തകള്‍…
വാര്‍ത്തകള്‍ക്കൊപ്പം വിശദ വിവരങ്ങളും ദൃശ്യങ്ങളും വരെ വിരല്‍ത്തുമ്പില്‍ എത്തുമ്പോള്‍ ചായക്കടകളെന്തിന്, വായനശാലകളെന്തിന്?
ശബ്ദമായിരുന്നു അക്കാലത്തെല്ലാം… സ്വരങ്ങള്‍ അവയുടെ ഉച്ചസ്ഥായിയില്‍ അന്തരീക്ഷത്തില്‍ അലിഞ്ഞിങ്ങനെ കിടക്കും… ”ഭക്ഷണം കഴിക്കാന്‍ വരൂ…” എന്ന വാചകവും, ഓരോ പേരും കാറ്റിനു പോലും പരിചിതം. അന്തരീക്ഷത്തെ സ്പന്ദിപ്പിച്ചുകൊണ്ട് ആ ശബ്ദം തൊടിയില്‍ കളിക്കുന്ന കുട്ടിയുടെ ചെവിയില്‍ എത്തുമ്പോള്‍ തന്നെ അവനു മനസ്സിലാവും, കാത്തിരിക്കുന്നത് ശകാരമോ സ്‌നേഹ ചുംബനമോ എന്ന്! അടുത്ത മുറിയില്‍ നിന്ന് ഇപ്പുറത്തേയ്ക്കുള്ള സന്ദേശങ്ങള്‍ സ്‌ക്രീനില്‍ മാത്രം കണ്ടു വളരുന്ന കുഞ്ഞിനറിയാമോ ശബ്ദത്തിലുള്ള ഈ മാന്ത്രികത?!
മഴയത്ത് മൈതാനത്ത് ചേറിനോട് മല്ലിട്ട് ഫുട്‌ബോള്‍ ഉരുളുമ്പോള്‍, കൂടെക്കളിക്കുന്നവനോട് ”ഇങ്ങോട്ടടിയെടാ രാഹുലേ…” എന്നുറക്കെ വിളിച്ചു കൂവുമ്പോഴുള്ളൊരു സുഖമുണ്ട്! സ്വന്തം പേരിനോട് അവനു തന്നെ ഇഷ്ടം തോന്നുന്ന നിമിഷം… തലേദിവസം ഫേസ്ബുക്കില്‍ ചാറ്റ് ചെയ്ത ‘Rahul Popzz’ ആണ് അവന്‍ എന്ന തിരിച്ചറിവിനേക്കാള്‍ വലിയ സുഖം!
തൂലികാ സുഹൃത്തുക്കള്‍ ഒരിക്കലും പട്ടിണിക്കിടാത്ത വഴിയോരത്തെ തപാല്‍പ്പെട്ടി. പ്രിയതമന്റെ കത്തിന് സ്‌നേഹത്തില്‍ ചാലിച്ച മറുപടി ഇൻലന്റിലാക്കി, അത് ഹൃദയത്തോട് ചേര്‍ത്ത് വെച്ച പുസ്തകത്തിലൊളിപ്പിച്ച്, ആരെങ്കിലും കാണുന്നുണ്ടോയെന്ന് ഏറുകണ്ണിട്ട് നോക്കി, തപാലാപ്പീസിലേക്ക് നടക്കുന്ന ഒരു നിഷ്‌കളങ്ക പ്രണയം… ”മിസ്സ് യു” മെസേജുകളില്‍ ഒരിക്കലും കിട്ടാത്ത ഒരു കുളിരുണ്ട് ആ കത്തിലെ വാക്കുകള്‍ക്ക്! സഞ്ചിയില്‍ കത്തുകളും, പുഞ്ചിരിയും, കുശലാന്വേഷണങ്ങളുമായി, നാട്ടുകാരുടെ പ്രിയങ്കരനായ പോസ്റ്റുമാന്‍…
രണ്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള വീടന്വേഷിച്ച് കയ്യില്‍ ചുരുട്ടിപ്പിടിച്ച മേല്‍വിലാസവുമായി വന്നു കയറുന്ന ചില അപരിചിതരുണ്ട്… അവര്‍ക്ക് നേര്‍വഴി കാട്ടിക്കൊടുക്കുമ്പോ കിട്ടുന്ന നിര്‍വൃതി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്! ഗൂഗിള്‍ മാപ്പും, വാട്‌സാപ്പ് ലൊക്കേഷന്‍ ഷെയറും ഉള്ള ഇക്കാലത്ത് ഇതൊക്കെ എത്രയോ സിംപിളാണ്.
സമൂഹ മാധ്യമങ്ങളുടെ അതിപ്രസരത്തില്‍ കണ്ണും കാതും ഉണര്‍ന്നു പ്രവര്‍ത്തിച്ചാലും, പ്രവര്‍ത്തനം മുടങ്ങിക്കിടക്കുന്ന ചിലതുണ്ട്. തേന്‍ കിനിയുന്ന ചക്കര മാമ്പഴവുമായി അയല്‍വീട്ടിലെ ഉമ്മച്ചി വരുമ്പോള്‍ കണ്ണും മനസും നിറഞ്ഞൊരു പുഞ്ചിരിയെ തിരികെ നല്‍കാനുള്ളൂ. ”കമന്റ്” ബോക്‌സുകളില്‍ നിറയുന്ന മാമ്പഴക്കുലകളെക്കാളും ”വെരി ടേസ്ടി” കമന്റുകളെക്കാളും നിറവും മധുരവും സ്‌നേഹവും അവയില്‍ കിനിയും!
ചിരട്ട ഇട്ട ഇസ്തിരിപ്പെട്ടി ചുമക്കാന്‍ കഷ്ടപ്പെടുന്ന ഗര്‍ഭിണിയായ ഭാര്യയോട് ”ഇങ്ങു താടീ, ഷര്‍ട്ട് ഞാന്‍ തന്നെ തേച്ചോളാം” എന്ന് പറയുന്ന ഭര്‍ത്താവാണ് യഥാര്‍ത്ഥ ഫെമിനിസ്റ്റ് എന്ന് തിരിച്ചറിവുണ്ടായിരുന്ന കാലം. സ്ത്രീ ശാക്തീകരണത്തെപ്പറ്റി മുഖപുസ്തകത്തില്‍ ഘോരം ഘോരം പോസ്റ്റുകളിട്ട്, ലൈക്കും കമന്റും വാരിക്കൂട്ടിയ മാന്യന്‍, ഷര്‍ട്ടിലെ ചെറിയ ചുളിവിനു ഭാര്യയോട് പിണങ്ങി ഇറങ്ങിപ്പോകുന്ന കാലത്ത് ആര്‍ക്കാണ് യഥാര്‍ത്ഥ ഫെമിനിസത്തെ പറ്റി അറിയാന്‍ താല്‍പര്യം!
പഴയ കാലത്തെപ്പറ്റി പ്രിയപ്പെട്ടവരോട് പറഞ്ഞ് ചിരിക്കുന്ന, ചിലപ്പോള്‍ പൊട്ടിക്കരയുന്ന നിമിഷങ്ങളുണ്ട്… നമ്മുടെ അനുഭവങ്ങളെ കേള്‍ക്കുന്നവര്‍ ഹൃദയത്തോട് ചേര്‍ക്കും, ഒപ്പം ചിരിക്കും, കരയും… മുഖപുസ്തകത്തിലെ ”ഷെയര്‍ യുവര്‍ മെമറീസ്” ഓപ്ഷന് ആ ഒരു ഫീല്‍ തരാന്‍ കഴിയുന്നുണ്ടോ എന്നത് സംശയമാണ്. സമൂഹ മാധ്യമങ്ങള്‍ തീര്‍ക്കുന്ന ചില മതിലുകളുണ്ട്, ചിന്തകളും ഓര്‍മകളും ഓര്‍മപ്പെടുത്തലുകളും തിരിച്ചറിവുകളുമൊക്കെ കുറച്ച് ദൂരം സഞ്ചരിച്ച് ആ മതിലില്‍ത്തട്ടിക്കൊഴിയും…
”തലയുയര്‍ത്തി” നടക്കാന്‍ മറക്കുന്ന തലമുറയ്ക്ക് സമൂഹ മാധ്യമങ്ങള്‍ അവരുടെ ജീവന്റെ സ്പന്ദനമാണ്, ജീവിതത്തിന്റെ ഭാഗമാണ്. പ്രളയവും ആലപ്പാടിന്റെ പ്രശ്‌നവും എന്തിനേറെ പറയുന്നു, ലുട്ടാപ്പിയെ വരെ, വെറും ഹാഷ് ടാഗുകള്‍ക്കപ്പുറം സ്വന്തം വികാരങ്ങളായി അവര്‍ ഏറ്റെടുത്തു. ഇതിനൊക്കെ ഇടയിലും അവര്‍ ശ്രദ്ധിക്കാന്‍ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്…
നല്ലതിനായി സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനോടൊപ്പം നഷ്ടപ്പെടുന്നവയെ തിരിച്ചറിഞ്ഞ് അനുഭവങ്ങളെയും ഇന്ദ്രിയങ്ങളെയും പ്രവര്‍ത്തനരഹിതമാക്കാത്ത ഒരു തലമുറയെ ആണ് നമുക്കാവശ്യം. സമൂഹമാധ്യമങ്ങളുടെ മതില്‍ക്കെട്ടുകളെ അംഗീകരിച്ച്, എന്നാല്‍ ചിന്തകളെ അതില്‍ തളയ്ക്കപ്പെടാന്‍ അനുവദിക്കാത്ത, ”ഫീല്‍” എന്നതിന് ഹാഷ് ടാഗുകള്‍ക്കും, അവാസ്തവിക വികാരങ്ങള്‍ക്കും അപ്പുറമുള്ള അര്‍ത്ഥങ്ങളെ മനസിലാക്കുന്ന നന്മ നിറഞ്ഞ ഒരു തലമുറ.
വംഗാരി മാത്തായി നൊബെല്‍ സമ്മാന സ്വീകരണ പ്രസംഗത്തില്‍ സൂചിപ്പിച്ച ഒരു വസ്തുതയുണ്ട്; ”പുതിയ തലമുറക്ക് നഷ്ടമാകുന്നത് എന്താണെന്ന് അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. കാരണം, അത് മനസിലാകുന്നത് നഷ്ടപ്പെടുന്നവയൊക്കെ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവര്‍ക്കാണ്.”. പുതിയ ഓരോ തലമുറയ്ക്കും പഴമയുടെ പലതും നഷ്ടമാകും. ചില നഷ്ടങ്ങളെ ഓര്‍ത്ത് നാം വിലപിക്കുമ്പോള്‍ മറ്റു ചിലവ ആഘോഷിക്കപ്പെടും. ആഘോഷിക്കപ്പെടുന്ന ഓരോ നഷ്ടങ്ങളും നന്മയ്ക്ക് വേണ്ടിയാകട്ടെ, വിലപിക്കപ്പെടുന്നവ എന്നെങ്കിലും തിരികെ വരട്ടെ…