കാരൂര്‍ സോമന്‍, ചാരുംമൂട്
പുരോഗമന ചിന്തകളുള്ള, ആധുനിക സംസ്‌ക്കാരത്തിന്റെ പ്രതിനിധികള്‍ എന്നവകാശപ്പെടുന്ന കേരളത്തില്‍ മറ്റുള്ളവരെ കൊല്ലാന്‍ മരണപ്പുതപ്പുമായി കുറെ മണ്ടന്മാര്‍ നടക്കുന്ന കാഴ്ച്ച വിചിത്രം തന്നെ. കേരളത്തെ ജാതിമത അന്ധവിശ്വാസികളുടെ ഒരു കേന്ദ്രമായി വളര്‍ത്തുന്നത് ആരൊക്കെയാണോ? കേരളത്തിന്റെ സമ്പന്നമായ പൈതൃക സംസ്‌ക്കാരത്തെ ഭൂതപ്രേതപിശാചുക്കളുടെ നാടായി വളര്‍ത്തുകയാണോ?
കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ അന്ധന്മാരുടെ നാടോ? കേരളത്തില്‍ നടക്കുന്ന കൂടോത്ര തന്ത്രങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ എന്താണ്? കേരളത്തിലെ കോണ്‍ഗ്രസ് നേതാവിനെതിരെ ഏതോ മരമണ്ടന്മാര്‍ കൂടോത്ര/ആഭിചാരക്രിയകള്‍ നടത്തിയെന്ന നാണംകെട്ട വാര്‍ത്തകള്‍ പ്രമുഖ ദൃശ്യ മാധ്യമങ്ങളടക്കം ആഘോഷമായി കൊണ്ടാടുന്നത് എന്തിനാണ്? നമ്മുടെ രാഷ്ട്രീയ ശാസ്ത്ര സാഹിത്യ സാംസ്‌ക്കാരിക രംഗം ഇത്രമാത്രം അധഃപതിച്ചോ? ഇത് ജന്മവൈകല്യമല്ല മാനസിക വൈകല്യമാണ്.
വേദാന്തങ്ങളിലോ ബ്രഹ്‌മസൂത്രങ്ങളിലോ ഇതിനെപ്പറ്റി ഒന്നുമെഴുതിയിട്ടില്ല. പ്രാചീന ശിലായുഗത്തില്‍ ജീവിച്ച മനുഷ്യരില്‍പോലും കൂടോത്ര പ്രയോഗം നടന്നതായി തെളിവുകളില്ല. നേരു്പറഞ്ഞു കെട്ടവരും പൊളിപറഞ്ഞു വാണവരും നീണാള്‍ വാഴില്ല. യാതൊരു സങ്കോചവും കൂടാതെ ഇതിനെ തള്ളിപ്പറയാതെ ഇതിന് ഒത്താശ ചെയ്യുന്നത് ആരൊക്കെയാണ്?
ലോകം സമസ്തമണ്ഡലങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ അറിവില്ലാത്ത മനുഷ്യരെ ദുഷ്‌ക്കര്‍മ്മങ്ങള്‍ ചെയ്യുന്ന പരീക്ഷണശാലയിലേക്ക് വലിച്ചിഴച്ചു് അവരുടെ മനസ്സിനെ മലിനമാക്കുന്ന മതരാഷ്ട്രീയ പ്രഭുക്കന്മാരെ സൂക്ഷി ക്കണം. കുരങ്ങന്‍ അപ്പം പങ്കുവെച്ചതുപോലെ ഒരു പാര്‍ട്ടി കുണ്ടാമണ്ടി കൂടോത്ര കുരുക്കില്‍പ്പെട്ടത് ഒരു തമാശയായി തോന്നുന്നു. ജാതി രാഷ്ട്രീയം കെട്ടുപിണഞ്ഞുകിടക്കുന്ന ഇന്ത്യയിലെങ്ങും ജാതിമത വര്‍ഗ്ഗ വര്‍ണ്ണങ്ങള്‍ നോക്കി വോട്ടുപെട്ടി നിറയ്ക്കാന്‍ മനുഷ്യരുടെ അവബോധത്തെ നിയന്ത്രിക്കാന്‍ ഇതുപോലുള്ള കെട്ടുകളഴിച്ചുവിടാറുണ്ട്.
മനുഷ്യ പുരോഗ തിയെ തടസപ്പെടുത്തുന്ന ഈ മിഥ്യാബോധങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ സര്‍ക്കാരുകള്‍ സജ്ജമാകി ല്ലെങ്കില്‍ ഒരു ജനതയെ സര്‍വ്വനാശത്തിലേക്കാണ് തള്ളിവിടുന്നത്. വെറുതെ നവോദ്ധാനം പ്രസംഗിച്ചിട്ട് കാര്യമില്ല.
സമൂഹത്തില്‍ ഇരുട്ടും വെളിച്ചവുംപോലെ നന്മതിന്മകളുണ്ട്. ഇരുളില്‍ അല്ലെങ്കില്‍ മങ്ങിയ വെളിച്ചത്തില്‍ ഒരു കയര്‍ കണ്ടാല്‍ അത് സര്‍പ്പമെന്ന് വിശ്വസിക്കുന്നവരുണ്ട്. അതില്‍ അവര്‍ ഭ്രമിക്കാനിടവരുന്നു. മനുഷ്യമനസ്സിന്റെ ജഡിക അല്ലെങ്കില്‍ ഭൗതിക ചിന്തകളില്‍ ബോധമണ്ഡലം അല്ലെങ്കില്‍ ഇന്ദ്രിയ ജഡബോധങ്ങളെ വെളിപ്പെടുത്തുന്നു. ഇവരാണ് അന്ധവിശ്വാസികള്‍. അസ്ഥിരമായ ഒന്നിനെയവര്‍ ഇഷ്ടപ്പെടുന്നു. അറിയാനുള്ള ആഗ്രഹമാണ് ജിജ്ഞാസ. ഒന്നുമറിയാതെ അജ്ഞതയെ അനുകരിക്കുന്ന ധാരാളം ജാതിമത അന്ധന്മാരുള്ള നാടാണ് കേരളം. ഇവിടെ സംഭവിച്ചത് എല്ലാം ചുട്ടെരി ക്കുന്ന സംഭവങ്ങളാണ്.
ഒരു ജനപ്രതിനിധിയോടെ ചോദിക്കുന്നു. ‘താങ്കള്‍ കൂടോത്രത്തില്‍ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെ ന്നാണ് അദ്ദേഹത്തിന്റെ മറുപടി. നവോത്ഥാന നായകന്മാരുടെ നാട്ടില്‍ ഒരു ജനപ്രതിനിധി അനാചാരങ്ങളെ പ്രോത്സാഹിപ്പി ക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ഇവിടെ നേട്ടമല്ല നോട്ടമാണ് പ്രധാനം. ഇവരെങ്ങനെ അമ്പലവാസിയല്ലാത്ത നെഹ്രുവിനെ അനുകരിക്കുന്നു? കേരളത്തിലെ കോണ്‍ഗ്രസ്സ് യുവതുര്‍ക്കികള്‍ ഇത് അംഗീകരിക്കില്ല. ഒരാള്‍ പ്രതികരിച്ചത് ഗൂഢതന്ത്രമന്ത്രവാദികള്‍ക്ക് ഗുണമുണ്ടായി എന്നാണ്.
മനുഷ്യര്‍ ചൊവ്വാവരെ എത്തിനില്‍ക്കുമ്പോള്‍ പ്രകൃതിയെ, ദേവതകളെ പൂജിക്കുന്ന അന്ധന്മാര്‍ കേരളത്തില്‍ ധാരാളമുണ്ട്. അതില്‍ ഭൂതപ്രേതപിശാചുക്കളുമുണ്ട്. യേശുക്രിസ്തു ഭൂതങ്ങളെ പുറത്താക്കിയത് ബൈബിള്‍ പറയുന്നു. നമ്മുടെ മനസ്സില്‍ കുടിയേറിയിരിക്കുന്ന ഭൂതങ്ങളെ പുറത്താക്കാന്‍ പൂജ ചെയ്തിട്ട് കാര്യമില്ല. നല്ല കര്‍മ്മങ്ങള്‍ ചെയ്യുക, തലച്ചോറില്‍ ആത്മജ്ഞാനം വര്‍ദ്ധിപ്പിക്കുക. എന്ന് പറഞ്ഞാല്‍ അക്ഷരത്തിലും ആത്മാവിലും വളര്‍ച്ച പ്രാപിക്കലാണ്. അത് വ്യാസമഹര്‍ഷി മാനവരാശിയെ ഓര്‍മ്മപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. പാപകര്‍മ്മങ്ങളുടെ ഫലമായുണ്ടായ അറിവില്ലാ യ്മയാണ് പാപക്കറകള്‍.
ജീവിതത്തല്‍ സര്‍വ്വതിന്മകള്‍ ചെയ്ത് ജീവിതത്തെ നരകതുല്യമാക്കിയവര്‍ക്കാണ് ഭയം, ഭീതി, നിരാശ, നിസ്സഹായത അനുഭവപ്പെടുക. ഈ ദുര്‍ബ്ബലരും ആകുലരുമായ മനുഷ്യര്‍ ശാശ്വത പരിഹാരമായിട്ടാണ് മന്ത്രയന്ത്ര ങ്ങളെ ആശ്രയിക്കുന്നത്. ഇവര്‍ എങ്ങനെയാണ് സമൂഹത്തില്‍ പുരോഗതിയാര്‍ജ്ജിക്കുക? മന്ത്രം ഉരുവിട്ടാല്‍ തലവേദന മാറില്ല. അതിന് മരുന്ന് കഴിക്കണം. ദുഷ്ട കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ ഈശ്വരനെ അധിക്ഷേപിക്കുന്നവരും നിന്ദിക്കുന്നവരു മാണ്. മോക്ഷം തരാന്‍ നടക്കുന്ന വര്‍ണ്ണ വേഷധാരികളെ സൂക്ഷിക്കുക. ജനസേവകര്‍ അന്ധത അനാചാരങ്ങളില്‍ നിന്ന് ശാസ്ത്രബോധത്തിലേക്ക് കടന്നുവരിക.
യുക്തിരഹിതവറും അബദ്ധജടിലവുമായ അജ്ഞതയും അന്ധതയുമാണ് ഈ കൂട്ടരേ ഇതിലേക്ക് നയിക്കുന്നത്. ഇത്തരത്തിലുള്ള പൂജാദികര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വിശ്വാസമത്രയും അന്ധവിശ്വാസമാണ്. പ്രകൃതി നിയമങ്ങള്‍, ദേവി ദേവതകളെപ്പറ്റി വേണ്ടത്ര അറിവ് നേടിയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള തന്ത്രമന്ത്രയാഗാദികര്‍മ്മങ്ങളില്‍ പങ്കാളിയാ കില്ലായിരുന്നു. ഈ ആഭിചാരകര്‍മ്മങ്ങളെ ആശീര്‍വദിക്കുന്നത് പ്രാകൃത വിശ്വാസങ്ങളില്‍ അടിയുറച്ചു് ജീവിക്കുന്ന ചില മതങ്ങളാണ്. അതിലൂടെയവര്‍ സമ്പത്തു്, സമ്രദ്ധി നേടുന്നു.
വിശ്വാസവും അന്ധവിശ്വാസവും, വിദ്യയും അവിദ്യയും ആത്മ നാശകരമായ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിനിയോഗിക്കപ്പെടുന്നു. ഈശ്വര വിശ്വാസികളില്‍ കുടികൊള്ളുന്ന ആത്മാവിന്റെ പ്രേരണകള്‍ ഇതൊന്നുമല്ല. മനുഷ്യര്‍ കൃത്രിമമായി നിര്‍മ്മിക്കുന്ന വൈരൂപ്യങ്ങളെ അധമമായ സ്വത്വബോധ ത്തില്‍ ചിന്തകളായി വളര്‍ത്തി പുറത്തേക്കരിച്ചിറക്കി ഇന്നത് ഓഫീസുകളിലും വീടുകളിലും തകിടുകള്‍, കോഴി, പൂച്ച തലകളായി പ്രത്യക്ഷപ്പെടുന്നു.
ഇരുപത്തിനാല് മണിക്കൂര്‍ ക്യാമറാ കണ്ണുകളുള്ള ഓഫീസില്‍ ഇതങ്ങനെ സംഭവിച്ചു? ആരാണ് കുറ്റവാളിയെ രക്ഷപ്പെടുത്തുന്നത്? എന്റെ ചെറുപ്പത്തില്‍ എന്റെ വീട്ടിലും ഞാനിത് കണ്ടിട്ടുണ്ട്. എന്നെ കൊല്ലാന്‍ കോഴിയെ നേര്‍ച്ച നേര്‍ന്നവരെ എനിക്കറിയാം. ഞാന്‍ ഇന്നും ജീവിച്ചിരിക്കുന്നു. കേരളത്തിലെ ചില വിഡ്ഢികളുടെ വീടുകളില്‍ കൂടോത്രം മാത്രമല്ല അസൂയ, വെറുപ്പ്, പക, പരദൂഷണവും അവര്‍ക്ക് കിട്ടിയ പരമ്പരാഗത വിശ്വാസ സമ്പാദ്യങ്ങ ളാണ്. ഇത് ബുദ്ധിശൂന്യരെ ബാധിച്ചിരിക്കുന്ന ഒരു മാനസിക മതഭ്രാന്താണ്. മനുഷ്യരുടെ ദുര്‍ബല മനസ്സിനെ ചൂഷണം ചെയ്യുന്നവരെ തുറങ്കിലടച്ചു് ചികിത്സ നല്‍കേണ്ടത് നിയമ വകുപ്പുകളാണ്. വായിച്ചു വളരാത്ത ഒരു ജനത എങ്ങനെയാണ് പുരോഗതി പ്രാപിക്കുക?