കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ തോമസ് മാത്യു ക്രൂക്‌സ് എന്ന 20കാരന്‍ വെടിയുതിര്‍ത്തത്. ചെവിയ്ക്ക് പരിക്കേറ്റ ട്രംപിനെ സുരക്ഷാ സേന രക്ഷപ്പെടുത്തിയിരുന്നു. എആര്‍-15 എന്ന റൈഫിളാണ് അക്രമി ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഉപയോഗിച്ചത്. ഈ റൈഫിളിന്റെ ചരിത്രത്തെപ്പറ്റിയാണ് അറിയാം.
പ്രധാനമായും മത്സരങ്ങളിലും മൃഗങ്ങളെ വേട്ടയാടാനുമായാണ് ഈ റൈഫിൾ ഉപയോഗിക്കുന്നത്. 1950കളില്‍ ArmaLite എന്ന കമ്പനിയാണ് ഈ റൈഫിള്‍ നിര്‍മ്മിച്ചത്. കമ്പനിയുടെ പേരില്‍ നിന്നാണ് റൈഫിളിന് എ ആര്‍ എന്ന പേര് കിട്ടിയത്. 2021നും 2022നും ഇടയില്‍ അമേരിക്കയില്‍ നടന്ന പല വെടിവെപ്പ് ആക്രമണങ്ങളിലും ഈ റൈഫിള്‍ ഉപയോഗിച്ചിരുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
ടെക്‌സാസിലെ എലിമെന്ററി സ്‌കൂളില്‍ നടന്ന കൂട്ടവെടിവെപ്പ്: 2022 മെയ് മാസത്തില്‍ അമേരിക്കയിലെ റോബ് എലിമെന്ററി സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 19 കുട്ടികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. പതിനെട്ടുകാരനായ സാല്‍വദോര്‍ റാമോസാണ് വെടിവെപ്പ് നടത്തിയത്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായി ദിവസങ്ങള്‍ക്കുള്ളില്‍ ഇയാള്‍ രണ്ട് എആര്‍-15 റൈഫിള്‍ സ്വന്തമാക്കുകയായിരുന്നു.
കൊളറാഡോ തിയേറ്ററിലുണ്ടായ വെടിവെപ്പ്: 2012 ലാണ് 12 പേര്‍ കൊല്ലപ്പെട്ട കൊളറാഡോ തിയേറ്റര്‍ വെടിവെപ്പ് നടന്നത്. ക്രിസ്റ്റഫര്‍ നോളന്റെ ദി ഡാര്‍ക് നൈറ്റ് റൈസസ് എന്ന ചിത്രം പ്രദര്‍ശിപ്പിച്ച തിയേറ്ററിലാണ് അര്‍ദ്ധരാത്രിയോടെ വെടിവെപ്പ് നടന്നത്. വെടിവെപ്പ് നടത്തിയ ജെയിംസ് ഹോംസ് എന്ന പ്രതി നാല് തോക്കുകളാണ് കൈയ്യില്‍ കരുതിയത്. ശേഷം ഷോ കണ്ടിരിക്കവെ ആളുകള്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ജാക്‌സണ്‍വില്ല വെടിവെപ്പ്: കഴിഞ്ഞ വര്‍ഷമാണ് ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലയിലെ സ്റ്റോറില്‍ വെച്ച് മൂന്ന് കറുത്ത വംശജരെ 21 കാരന്‍ വെടിവെച്ച് കൊന്നത്. റയാന്‍ ക്രിസ്റ്റഫര്‍ പാല്‍മീറ്ററാണ് വെടിവെപ്പ് നടത്തിയത്. ശേഷം ഇയാളും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. എആര്‍-15 റൈഫിളും ഒരു ഹാന്‍ഡ് ഗണുമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.
എ ആർ -15 അപകടകാരിയോ?
അമേരിക്കൻ സൈനികരുടെ സ്റ്റാൻഡേഡ് സർവീസ് റൈഫിൾ ആണ് എം-16. അത് അസോൾട്ട് റൈഫിൾ എന്ന വിഭാഗത്തിൽ വരും. ഫുള്ളി ഓട്ടോമാറ്റിക് ആയതിനാൽ തോക്കിന്റെ കാഞ്ചി വലിച്ചാൽ കാറ്റ്റിഡ്ജിലെ മുഴുവൻ വെടിയുണ്ടയും തീരുന്നത് വരെ വെടിയുതിർക്കാൻ കഴിയും. എം-16ന്റെ സിവിലിയൻ പതിപ്പാണ് എആർ-15. മാന്വൽ/സെമി ഓട്ടൊമാറ്റിക് ഓപ്പറേഷനാണ് ഇതിൽ. ഓരോ തവണ കാഞ്ചി വലിക്കുമ്പോഴും ഓരോ ബുള്ളറ്റ് പുറത്തേക്ക് പായുന്നതാണ് മാന്വൽ ഓപ്പറേഷൻ. തോക്കിന്റെ കാഞ്ചിയിൽ നിന്ന് കൈ മാറ്റുന്നത് വരെ വെടിയുണ്ടകൾ പായുന്നതാണ് സെമി ഓട്ടൊമാറ്റിക് പതിപ്പ്. അമേരിക്കയിൽ സ്വയരക്ഷയ്ക്കായി തോക്കുകൾ വാങ്ങാൻ അനുമതി ഉണ്ട്. അതിൻ പ്രകാരമാണ് മാന്വൽ/സെമി ഓട്ടോമാറ്റിക് പതിപ്പ് സിവിലിയന്മാർക്കായി അവതരിപ്പിച്ചത്. എന്നാൽ, bump stock എന്ന ചെറിയ ഒരു ഘടകം തോക്കിന്റെ കാഞ്ചിക്ക് പിൻഭാഗത്തായി ഘടിപ്പിക്കുന്നതോടെ പ്രവർത്തനം ഫുള്ളി ഓട്ടൊമാറ്റികിന് സമാനമാകും. വെടിയുണ്ട പായുമ്പോഴുള്ള recoil അഥവാ പിന്നിലേക്കുള്ള ശക്തിയിൽ കാഞ്ചി നേരെ വിരലിലേക്ക് വേഗത്തിൽ എത്തും, ഇത്തരത്തിൽ സെക്കൻഡിൽ പായുന്ന വെടിയുണ്ടകളുടെ എണ്ണം ഓട്ടൊമാറ്റിക് റൈഫിളിന് സമാനമാകും.
അമേരിക്കയിൽ സ്കൂളുകളിലും കോളജുകളിലും ക്ലബ്ബുകളിലും നടത്തുന്ന വെടിവയ്പ്പിൽ പലപ്പോഴും ഉപയോഗിക്കപ്പെടുന്നത് എആർ-15 ആണ്. ഫലത്തിൽ എം-16 !