Friday, November 22, 2024

HomeNerkazhcha Specialജോ ബൈഡൻ്റെ പിന്മാറ്റം, കമല ഹാരിസിന് പ്രതിസന്ധി?

ജോ ബൈഡൻ്റെ പിന്മാറ്റം, കമല ഹാരിസിന് പ്രതിസന്ധി?

spot_img
spot_img

ആർ. അപർണ

ബൈഡന്റെ പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള നാടകീയമായ പിന്മാറ്റം ഏറെ വാദപ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു. പിന്മാറാന്‍ പലകോണുകളില്‍ നിന്നും സമ്മര്‍ദ്ദമേറിയിട്ടും പിടി മുറുക്കി നിന്നു. ഒടുവില്‍ എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നുവെന്ന് പൂര്‍ണമായും വ്യക്തമായ സാഹചര്യത്തിലാണ് ജോ ബൈഡന്റെ പിന്‍മാറ്റം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് ബൈഡന്‍ പിന്മാറണമെന്ന് പാര്‍ട്ടിക്കകത്തും പുറത്തുമുള്ളവര്‍ കാര്യകാരണങ്ങള്‍ സഹിതം തെളിവുകള്‍ നിരത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. ഒടുവില്‍ അത് അതിന്റെ പൂര്‍ണതയില്‍ എത്തിയപ്പോള്‍ തലകുനിച്ചാണ് ബൈഡന്റെ പടിയിറക്കം എന്നതാണ് ശ്രദ്ധേയം. രാഷ്ട്രീയത്തിന്റെയും ശരീരത്തിന്റെയും കാലാവസ്ഥ മോശമായതോടെ ബൈഡന്‍ അടിയറവ് വച്ച് പിന്മാറുകയാണ്.

ബൈഡന്റെ പ്രായം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നാളുകളുടെ പഴക്കമുണ്ട്. നാക്കു പിഴയും മറവിയും പലപ്പോഴും അപ്രതീക്ഷിത തിരിച്ചടികള്‍ സമ്മാനിച്ചു. അപ്പോഴും പിടിച്ചു നില്‍ക്കാന്‍ നടത്തിയത് വലിയ ശ്രമങ്ങള്‍. ഒടുവില്‍ ഇപ്പോള്‍ കോവിഡ് ബാധ കൂടി സ്ഥിരീകരിച്ചതോടെ ശാരീരികമായി ബൈഡന്‍ കൂടുതല്‍ ക്ഷയിച്ചു. രാഷ്ട്രീയ പ്രത്യാരോപണങ്ങളില്‍ പലപ്പോഴും ബൈഡന്റെ പ്രതികരണം ദുര്‍ബലമായിരുന്നു. എതിരാളിയായ ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം പോലും വലിയ തിരിച്ചടിയായി. ബൈഡനെ അനുകൂലിച്ചവര്‍ പോലും ഇതോടെ നിശബ്ദമായി. പിന്നാലെ വന്ന മിക്ക സര്‍വേകളും ബൈഡന്റെ പരാജയം പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായി ട്രംപിന് നേരെയുണ്ടായ വെടിവെയ്പ്പ് അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി. ഇതേ തുടര്‍ന്നുണ്ടായ സഹതാപ തരംഗംപോലും ട്രംപ് കൃത്യമായി ഉപയോഗിച്ചു. അങ്ങനെ ട്രംപിന്റെ അപ്രതീക്ഷിതമായ മുന്നേറ്റം ബൈഡനെ തകര്‍ത്തത് കുറച്ചൊന്നുമല്ല. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളായ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി, സെനറ്റ് നേതാവ് ചക് ഷൂമര്‍ തുടങ്ങിയവര്‍ ബൈഡന്‍ പിന്മാറണമെന്ന തരത്തില്‍ പ്രതികരിച്ചതും വലിയ വാര്‍ത്തയായി. പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഇത്തരത്തില്‍ വലിയ എതിര്‍പ്പുകളാണ് ബൈഡന്‍ നേരിട്ടത്. തനിക്കു നേരെ പ്രതിഷേധം ശക്തമാകുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴും ആത്മവിശ്വാസത്തോടെ പിടിച്ചു നില്‍ക്കാന്‍ ബൈഡന്‍ ശ്രമിച്ചു. ഒടുവില്‍ വലിയ പരാജയം സ്വയം തിരിച്ചറിഞ്ഞ് ബൈഡന്‍ പിന്മാറുന്നുവെന്ന് വേണം ഇപ്പോള്‍ കരുതാന്‍.

ബൈഡന്റെ പിന്മാറ്റ പ്രഖ്യാപനം മുന്നോട്ട് വെയ്ക്കുന്ന ചോദ്യങ്ങള്‍ ഒരുപാടാണ്. ആഗസ്റ്റില്‍ ഡെമോക്രാറ്റ്‌സ് ഷിക്കാഗോയില്‍ നടത്താനിരിക്കുന്ന കണ്‍വന്‍ഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളിലാണ് ഇപ്പോള്‍ ചോദ്യത്തിന്റെ വലിയ നിഴല്‍ വീണിരിക്കുന്നത്. ബൈഡന്റെ കിരീടധാരണം ആകേണ്ടിയിരുന്ന കണ്‍വന്‍ഷനില്‍ ബൈഡനു പകരം ആര് എന്നതിന് വ്യക്തതയില്ല. കമല ഹാരിസിന് ബൈഡന്‍ തന്നെ പിന്തുണ അറിയിച്ചെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഡെമോക്രാറ്റുകളുടെ പൂര്‍ണ പിന്തുണയോടെ കമല ഹാരിസിന് സ്ഥാനാര്‍ഥിയാവാന്‍ സാധിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല. ബൈഡന്‍ തന്റെ തീരുമാനം അറിയിക്കുന്നതിനു മുന്‍പ് തന്നെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് പല പേരുകളും ഉയര്‍ന്നിരുന്നു. പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന പേരുകളില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമും മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മറുമുണ്ട്. ഇതൊക്കെ കമല ഹാരിസിനെയും വലിയ പ്രതിസന്ധികളിലേക്ക് നയിച്ചേക്കും എന്ന് വേണം മനസിലാക്കാന്‍.

ഈ വര്‍ഷം ആദ്യം നടന്ന എല്ലാ പ്രൈമറി കോക്കസ് തിരഞ്ഞെടുപ്പുകളിലും ബൈഡന്‍ വിജയിച്ചിരുന്നു. അമേരിക്കന്‍ സമോവ പ്രവിശ്യയില്‍ മാത്രമാണ് അദ്ദേഹത്തിന് തിരിച്ചടി നേരിട്ടത്. 3896 പ്രതിനിധികള്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. പിന്മാറ്റത്തോടൊപ്പം മുന്നോട്ട് വെക്കുന്ന ഹാരിസിന്റെ പേരിനു ഇത്രയും പിന്തുണ കിട്ടുമോ എന്നത് കണ്ടറിയേണ്ട വസ്തുതയാണ്. പലയിടങ്ങളില്‍ നിന്നുള്ള ഏകദേശം 4,000 പ്രതിനിധികളുടെയും പാര്‍ട്ടി നേതാക്കളുടെയും ചില തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും മുന്‍ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടുന്ന 700-ലധികം സൂപ്പര്‍ ഡെലിഗേറ്റുകളുടെയും പിന്തുണ ഉറപ്പിക്കുക എന്നത് കമല ഹാരിസിനെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ദേശീയ പദവിയിലെത്തുന്ന ആദ്യ വനിത, ദക്ഷിണേഷ്യന്‍ വംശജയായ ആദ്യ വനിത എന്നിങ്ങനെയുള്ള പദവികള്‍ സ്വന്തമാക്കാന്‍ ഹാരിസിന് കഴിഞ്ഞേക്കും എന്നതിനാല്‍ മറ്റൊരു പേരും ആലോചിക്കണ്ട എന്നും പാര്‍ട്ടിക്ക് അത് വലിയ ഗുണമാകുമെന്നും ഒളിഞ്ഞും തെളിഞ്ഞും അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

എന്തായാലും അമേരിക്കന്‍ രാഷ്ട്രീയത്തിലെ നിര്‍ണായകമായ ദിവസങ്ങളാണ് വരാന്‍ പോകുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments