Sunday, December 22, 2024

HomeArticlesArticlesവയനാട് ഉരുൾ പൊട്ടിയപ്പോൾ ചിലരുടെ മനസ്സിൽ ലഡ്ഡു പൊട്ടി; ദുരന്തങ്ങൾ സൗഭാഗ്യങ്ങളാക്കുന്നവർ

വയനാട് ഉരുൾ പൊട്ടിയപ്പോൾ ചിലരുടെ മനസ്സിൽ ലഡ്ഡു പൊട്ടി; ദുരന്തങ്ങൾ സൗഭാഗ്യങ്ങളാക്കുന്നവർ

spot_img
spot_img

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ദുരന്ത വാർത്തകളാണ് ഓരോ ദിവസവും ജന്മദേശമായ കേരളത്തിൽ നിന്ന് കേൾക്കുന്നത്. ഏതാനും വർഷങ്ങളായി തുടരെ ഉണ്ടാകുന്ന പ്രകൃതി ക്ഷോഭവും പകർച്ചവ്യാധികളും മനുഷ്യ നിർമിത അപകടങ്ങളും രാഷ്ട്രീയ കുലപാതകങ്ങളുമെല്ലാം കേട്ട് കേട്ട് നമ്മുടെയെല്ലാം മനസ്സ് മരവിക്കുന്ന അവസ്ഥ.

2018-ലെ പ്രളയ ദുരന്തം, 2019-ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2019-ലെ കോവിഡ് മഹാമാരി, ഈരാറ്റുപേട്ട തീക്കോയി വെള്ളിക്കുളം ഭാഗങ്ങളിലെ ഉരുൾപൊട്ടൽ, തിരുവനതപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയുടെ മരണം, അയൽ സംസ്ഥാനമായ കർണാടക ഷിലൂരിൽ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും തടിയുമായി വന്ന ഒരു ലോറിയുടെയും യുവാവായ അർജുൻ എന്ന ഡ്രൈവറുടെയും തിരോധാനം, ഇപ്പോഴിതാ ഏറ്റവും പുതുതായി നൂറു കണക്കിന് ആളുകളുടെ ജീവനും സ്വത്തും വീടുകളുമെല്ലാം കശക്കിയെറിഞ്ഞ വയനാട്ടിലെ പ്രകൃതിയുടെ സംഹാരതാണ്ഡവം. ഇതെല്ലം കെട്ടും അറിഞ്ഞും ലോകമെമ്പാടും ജീവിക്കുന്ന മലയാളികൾ അന്തം വിട്ടിരിക്കുന്ന സമയം.

നിനച്ചിരിക്കാത്ത നേരത്ത് വയനാട്ടിലെ നമ്മുടെ സഹോദരങ്ങൾ നേരിട്ട കരളലിയിപ്പിക്കുന്ന ദയനീയ അവസ്ഥയിൽ അവരുടെ ദുഃഖത്തോടൊപ്പം നമുക്കും പങ്കു ചേരാം. ജീവിതകാലം മുഴുവൻ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ചോര വിയർപ്പാക്കി അദ്ധ്വാനിച്ച് പണിതുയർത്തിയ വീടും സ്വത്തുക്കളും, ഹൃദയതുല്ല്യം സ്നേഹിച്ച് വളർത്തിയ മക്കളും മറ്റ് കുടുംബാംഗങ്ങളും കണ്മുൻപിൽ വച്ച് മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്ന കാഴ്ച്ച നിസ്സഹായാവസ്ഥയോടെ നോക്കി കാണാൻ ഇടയായ ഹതഭാഗ്യരുടെ ദയനീയാവസ്ഥയും മനുഷ്യ മനഃസാക്ഷിയെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്.

രാത്രിയിൽ ഉറങ്ങാൻ കിടന്ന് നേരം വെളുക്കുന്നതിനു മുമ്പ് എല്ലാം നഷ്ടപ്പെട്ടവർ. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം പോലും ഒരു നോക്ക് കാണാൻ കഴിയാത്തവർ. വീണ്ടെടുത്ത മൃതശരീരങ്ങളിൽ പലതും വലിയ പാറക്കല്ലുകളാലും കൂറ്റൻ മരങ്ങളുടെ പ്രഹരത്താലും വികൃതമാക്കപ്പെട്ടതിനാൽ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ. എല്ലാം നഷ്ടപ്പെട്ട് ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ വിറങ്ങലിച്ചു നിൽക്കുന്നവർ. ജീവിതത്തിൽ നേടിയതെല്ലാം തകർന്നടിഞ്ഞു ഒന്നുമില്ലാത്തവരായി തീർന്നവർ. ഏതു കഠിന ഹൃദയരെയും കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് ഈ ദിവസങ്ങളിൽ കാണുന്നത്.

അങ്ങനെ വിവിധ തരത്തിൽ ദുരിതമനുഭവിക്കുന്നവരുടെ ഇടയിലാണ് ധൂർത്തിന്റെയും അഹങ്കാരത്തിന്റെയും അഴിമതിയുടെയും രാഷ്ട്രീയ പകപോക്കലിന്റെയും സ്വജനപക്ഷപാദത്തിന്റേയും പ്രതീകമായ ഭരണകൂടത്തെ സഹിക്കേണ്ടിവരുന്ന സാധാരണക്കാർ. ദുരന്തത്തിൽ ശവംതീനികളായി മാറുന്ന ഇത്തരക്കാരെ നോക്കി സിന്ദാബാദും ജയ്‌വിളികളും മുഴക്കുന്ന മണ്ടന്മാരായ കുറെ അടിമജന്മങ്ങൾ.

പ്രകൃതിയിൽ ഉരുൾ പൊട്ടുമ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടുന്ന കുറെ രാഷ്ട്രീയക്കോമരങ്ങൾ. ദുരിതമനുഭവിക്കുന്നവർക്കായി പിരിവുനടത്തി ദുരിദാശ്വാസ ഫണ്ട് സ്വരൂപിച്ച് അതിൽ നിന്നും കയ്യിട്ടുവാരുന്ന നമ്മുടെ നേതാക്കൾ. ഇവരെയെല്ലാം നമ്മൾ വീണ്ടും സഹിക്കണമല്ലോ എന്നോർക്കുമ്പോഴാണ് കൂടുതൽ സങ്കടം. 2018-ലെ പ്രളയ ദുരിതം നേരിട്ടപ്പോൾ കിടപ്പാടവും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കണം എന്ന് ഭരണകർത്താക്കൾ ആവശ്യപ്പെട്ടപ്പോൾ അകമഴിഞ്ഞു സഹായിച്ചവരാണ് നാമെല്ലാവരും.

പക്ഷെ അതിലൂടെ സ്വരൂപിച്ച കോടികൾ എതിലേ പോയെന്നു ചോദിച്ചാൽ ആർക്കും ഒരു ഉത്തരവും ഇല്ല. ആറ് വർഷം മുമ്പ് പ്രളയത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കൾ നഷ്ടപ്പെട്ടവർക്ക് ദുരിദാശ്വാസ ഫണ്ടിൽ നിന്നും എന്തെങ്കിലും കിട്ടിയോ എന്ന് ചോദിച്ചാൽ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് എഴുപത് ശതമാനം പേരുടെയും ഉത്തരം. നേതാക്കന്മാരുടെ അടുപ്പക്കാർക്കും അവരോടു ഒത്തുചേർന്ന് നടക്കുന്നവർക്കും അർഹതപ്പെട്ടവരല്ലാത്തവർക്കും ആവശ്യത്തിലധികം കിട്ടിയിട്ടുമുണ്ട്. അത്തരമൊരു ദുരിദാശ്വാസ ഫണ്ടിലേക്ക് ഇനിയും കൊടുക്കണമോ എന്നാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്.

അഞ്ചു വർഷം മുമ്പ് ഇതേപോലെ കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർ ഇപ്പോഴും ദുരിദാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. അതിനിടയിൽ ദുരിദാശ്വാസ ഫണ്ടിൽ നിന്നും സ്വന്തം പാർട്ടിയിൽ പെട്ടവർക്കും പാർട്ടി അനുഭാവികൾക്കും സ്വർണ്ണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വാങ്ങുന്നതിനായി ബാങ്കിൽ നിന്നും വായ്പ്പ എടുത്ത മരണപ്പെട്ട നേതാക്കളുടെ ആശ്രിതർക്ക് ലോൺ തിരിച്ചടക്കുന്നതിനും വഴിവിട്ട രീതിയിൽ ലക്ഷങ്ങൾ നൽകുന്നതിനും ഭരണകർത്താക്കൾ അത്യുത്സാഹം കാണിച്ചിരുന്നു. അതിനെ ന്യായീകരിക്കാൻ കുറെ ന്യാകീകരണ തൊഴിലാളികളും. ന്യായീകരണ തൊഴിലാളികൾക്ക് ന്യായീകരിക്കുവാൻ ആവശ്യമായ ക്യാപ്സൂളുകൾ നിർമ്മിച്ച് നൽകുന്ന നേതാക്കളും. ഈ നേതാക്കളെല്ലാം ഒരു തൊഴിലും ചെയ്യാതെ തന്നെ തടിച്ചു കൊഴുത്തു വളരുന്നു. ഇതൊക്കെ പ്രകൃതിയുടെ വികൃതികൾ.

ഇപ്പോൾ നമ്മുടെ ക്യാപ്റ്റൻ വീണ്ടും ദുരിതാശ്വാസ സഹായ അഭ്യർഥനയുമായി വന്നിരിക്കുന്നു. വയനാട് ഉരുൾ പൊട്ടൽ അണികളിൽ പലരുടെയും മനസ്സിൽ ലഡ്ഡു പൊട്ടിച്ചിരിക്കുകയാണ്. എന്നാൽ ഇത്തരം ചതിക്കുഴികൾ അനുഭവിച്ചറിഞ്ഞ ധാരാളം നിസ്വാർഥ പ്രവർത്തകരും സാധാരണക്കാരും പൊങ്കാലയുമായാണ് ക്യാപ്റ്റന്റെ ഈ സഹായാഭ്യർഥനയെ ഇത്തവണ എതിരേറ്റിരിക്കുന്നത്. ധാരാളം പ്രവാസി സംഘടനകളും വയനാട് ദുരിതത്തിലായ സഹോദരങ്ങളെ സഹായിക്കുവാൻ സന്മനസ്സോടെ മുന്നിട്ടു വന്നിട്ടുണ്ട്.

എന്നാൽ മിക്കവാറും എല്ലാ പ്രവാസീ സംഘടനക്കാരും നേരിട്ടും അല്ലെങ്കിൽ നൂറ് ശതമാനം വിശ്വസിക്കാവുന്ന നാട്ടിലുള്ള സന്നദ്ധ സംഘടനകൾ വഴിയും സഹായം എത്തിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. ദുരിദാശ്വാസ ഫണ്ടിലേക്ക് സമഭാവന ലഭിക്കുന്ന തുക ഇനി സർക്കരുദ്യോഗസ്ഥരുടെ ശമ്പളം കൊടുക്കനായി വാകമറ്റില്ലെന്ന് ആർക്കറിയാം. ശമ്പളം ലഭിക്കാതെ വന്നാൽ സർക്കാരുദ്യോഗസ്ഥരും ദുരിതമനുഭവിക്കുന്നവരാണ് എന്ന് ന്യായീകരണ ക്യാപ്സ്യൂൾ ഇറക്കുവാൻ ബുദ്ധിമുട്ടില്ലല്ലോ.

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, നിങ്ങളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പ്രവാസികൾ അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന പണം അർഹതപ്പെട്ടവരുടെ കൈകളിൽ കൃത്യമായി എത്തണമെന്ന് അവർക്കു ആഗ്രഹമുണ്ട്. അല്ലാതെ നാടിനും നാട്ടാർക്കും കൊള്ളാത്ത കയ്യിട്ടു നക്കുന്നവരുടെ കൈകളിൽ എത്തരുത് എന്ന് അവർക്കു നിർബന്ധമുണ്ട്. പ്രവാസികൾ ആവശ്യസമയത്ത് സഹായിക്കുവാൻ സന്മനസ്സുള്ളവരാണ്. അവർ സഹായിക്കുകയും ചെയ്യും. പക്ഷെ അവരും കാര്യങ്ങളുടെ പോക്ക് മനസ്സിലാക്കിയവരാണ്. ഫണ്ട് ശേഖരിക്കുന്ന മിക്കവാറും എല്ലാ പ്രവാസീ സംഘടനകളും തങ്ങളുടെ സംഭാവനകൾ ഇനിയെങ്കിലും രാഷ്ട്രീയക്കാരുടെ കരങ്ങളിൽ എത്താതെ ആവശ്യക്കാർക്ക് നേരിട്ട് കൊടുക്കുന്നതിനുള്ള സംവിധാനങ്ങൾ ചെയ്യുന്നതാണ്.

മാത്യുക്കുട്ടി ഈശോ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments