Wednesday, October 16, 2024

HomeNerkazhcha Specialഅന്തസ്സോടെ പ്രായമായാകാം; അന്താരാഷ്ട്ര വയോജന ദിനം

അന്തസ്സോടെ പ്രായമായാകാം; അന്താരാഷ്ട്ര വയോജന ദിനം

spot_img
spot_img

ഇന്ന് ലോകമെമ്പാടും അന്താരാഷ്ട്ര വയോജന ദിനമായി (International Day of Older Persons) ആചരിക്കുകയാണ്. പ്രായമായവരെ ആദരിക്കുന്നതിനും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയാണ് ഒക്ടോബര്‍ ഒന്ന് വയോജന ദിനമായി പ്രഖ്യാപിച്ചത്.

ചരിത്രം

1990 ഡിസംബര്‍ 14-നാണ് ഐക്യരാഷ്ട്ര പൊതുസഭ ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കാന്‍ ഒരു പ്രമേയം പാസാക്കിയത്. 1991 മുതല്‍ ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കാന്‍ തുടങ്ങി.

പ്രായമാകുന്നതോടെ എല്ലാവ്യക്തികളിലും ശാരീരിക-മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് സ്വാഭാവികമാണ്. ഇവര്‍ക്ക് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും വര്‍ധിക്കുന്നു. പതിയെ ഇവര്‍ മരണത്തിന് കീഴടങ്ങുന്നു. ജൈവികമായി ഇതാണ് സംഭവിക്കുന്ന പ്രധാന മാറ്റം. എന്നാല്‍ പ്രായമാകുമ്പോള്‍ വയോജനങ്ങളുടെ ജീവിതത്തിലും കാര്യമായ മാറ്റങ്ങള്‍ വരും. ജോലിയില്‍ നിന്ന് വിരമിക്കല്‍, വീടുമാറ്റം, പങ്കാളിയുടെയും സുഹൃത്തുക്കളുടെയും മരണം തുടങ്ങിയ മാറ്റങ്ങള്‍ സദാ അവരുടെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കും.

വാര്‍ദ്ധക്യത്തിലേക്ക് കടക്കുമ്പോള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കാന്‍ കൂടി വേണ്ടിയാണ് അന്താരാഷ്ട്ര വയോജന ദിനം ആചരിക്കുന്നത്. അതിനാല്‍ ഈയവസരത്തില്‍ അവരെ കൂടുതല്‍ കരുതലോടെ പരിഗണിക്കുകയും അവര്‍ക്ക് വേണ്ട പിന്തുണ നല്‍കി ബഹുമാനിക്കുകയുമാണ് വേണ്ടത്.

നിലവില്‍ 65വയസിനും അതിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണവും ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2021ല്‍ ലോകത്തെ വയോജനങ്ങളുടെ എണ്ണം 76.1 കോടിയായിരുന്നു. 2050 ഓടെ ഇത് 160 കോടിയിലെത്തുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

പ്രായമാകുന്തോറും നിരവധി ആരോഗ്യപ്രശ്‌നങ്ങളും വയോജനങ്ങളെ പിടികൂടാറുണ്ട്. കേള്‍വിക്കുറവ്, തിമിരം, നടുവേദന, സന്ധിവേദന, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം, ഓര്‍മ്മക്കുറവ്, മറവിരോഗം തുടങ്ങി നിരവധി രോഗങ്ങള്‍ ഇവര്‍ക്ക് വെല്ലുവിളിയാകുന്നു. ഈ സന്ദര്‍ഭത്തില്‍ അവരെക്കൂടി പരിഗണിച്ച് വേണ്ട ചികിത്സ ഉറപ്പാക്കുകയാണ് വേണ്ടത്.

ഇന്ത്യയിലെ വയോജനങ്ങളുടെ എണ്ണം

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ വയോജന ജനസംഖ്യയില്‍ കാര്യമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. വരും വര്‍ഷങ്ങളിലും ഈ വര്‍ധനവ് പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 60 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യ 2022ല്‍ 10.5 ശതമാനയിരുന്നു. എന്നാല്‍ 2050ല്‍ ഇത് 20.8 ശതമാനമായി വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ആകെ ജനസംഖ്യയുടെ 36 ശതമാനമാകും വയോജനങ്ങളുടെ എണ്ണമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം വയോജനങ്ങള്‍ക്കിടയിലെ ദാരിദ്ര്യവും വര്‍ധിച്ചുവരികയാണ്. ഇന്ത്യയിലെ പകുതിയിലധികം വയോജനങ്ങളും ദാരിദ്ര്യം അനുഭവിക്കുന്നു. ഇത് മെച്ചപ്പെട്ട ചികിത്സ തേടുന്നതിനും സാധാരണ ജീവിതം നയിക്കുന്നതിനും അവര്‍ക്ക് വെല്ലുവിളിയാകുന്നു.

ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍, വരുമാനമില്ലായ്മ, പങ്കാളിയുടെ വിയോഗം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ കാരണം വയോജനങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട സ്ഥിതി വരുന്നു. കൂടാതെ വയോജനങ്ങള്‍ക്കായുള്ള സാമൂഹികക്ഷേമ പദ്ധതികളെപ്പറ്റിയുള്ള അറിവില്ലായ്മയും അവരുടെ സാധാരണ ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments