Sunday, December 22, 2024

HomeNerkazhcha Specialരാജിയാകാത്ത പ്രണയത്തിന്റെ രാജകുമാരി (സുരേന്ദ്രന്‍ നായര്‍)

രാജിയാകാത്ത പ്രണയത്തിന്റെ രാജകുമാരി (സുരേന്ദ്രന്‍ നായര്‍)

spot_img
spot_img

കാല്‍നൂറ്റാണ്ടുമുമ്പ് കാലത്തിന്റ യവനികക്കുള്ളില്‍ മറഞ്ഞ മലയാളത്തിന്റെ വിശ്വവിഖ്യാത എഴുത്തുകാരി മാധവികുട്ടി എന്ന കമലാ ദാസ് സഹൃദയ കേരളത്തെ നോക്കി ഇന്ന് ചിരിക്കുകയാണോ കരയുകയാണോ എന്ന്‌ നിശ്ചയമില്ല.

കേരള നിയമസഭയില്‍ കഴിഞ്ഞദിവസം ഭരണ പ്രതിപക്ഷ സാമാജികര്‍ തമ്മില്‍ നടത്തിയ വിഴുപ്പലക്കലില്‍ വിളിച്ചു പറഞ്ഞ ഒരു ചരിത്ര സത്യമാണ് വീണ്ടും മാധവിക്കുട്ടിയെ ഓര്‍മ്മിപ്പിക്കുന്നത്. പ്രതിപക്ഷ നിരയിലുള്ള മുസ്ലിം ലീഗ് അംഗം നജീബ് കാന്തപുരം ഒരു മുന്‍ മുസ്ലിം ലീഗുകാരനും ഇപ്പോള്‍ ഇടതുപക്ഷവുമായ കെ ടി ജലീലിനെ തീവ്രവര്‍ഗ്ഗീയവാദിയെന്നു മുദ്രകുത്തി ആക്ഷേപിക്കുന്നു. പ്രകോപിതനായ ജലീല്‍ ലീഗിന്റെ ഉന്നത നേതാവും പാര്‍ലമെന്റ് അംഗവുമായ ഒരാള്‍ ചതിയിലൂടെയും ഗൂഢോദ്വേശത്തോടെയും മാധവിക്കുട്ടിയെ മതംമാറ്റി പറ്റിച്ച സംഭവം പ്രത്യാരോപണമായിഉന്നയിക്കുകയും അത് സഭാ രേഖകളുടെ ഭാഗമാവുകയും ചെയ്യുന്നു.

മാധവിക്കുട്ടിയുടെ മതംമാറ്റം മലയാളി ഏറെ ചര്‍ച്ചയാക്കിയില്ലെങ്കിലും കമലയുടെ ഉറ്റ ചങ്ങാതിയായിരുന്ന കനേഡിയന്‍ എഴുത്തുകാരി മെറിലി വെയിസ്ബോഡ് ഇംഗ്ലീഷില്‍ എഴുതിയ ദി ലവ് ക്വീന്‍ ഓഫ് മലബാര്‍ എന്ന കമലയെകുറിച്ചുള്ള പുസ്തകം സാംസ്‌കാരിക കേരളത്തിന്റെ അകത്തളങ്ങളില്‍ ആകുലത സൃഷ്ടിച്ചിരുന്നു. ജലീലിന്റെ വെളിപ്പെടുത്തലോടെ സംഭവത്തിന്റെ നിജസ്ഥിതി പലര്‍ക്കും അറിയാമായിരുന്നുവെന്നും മറ്റു താത്പര്യങ്ങളാണ് അവരെ മൗനികളാക്കിയതെന്നും വ്യക്തമാക്കുന്നു.

വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ കാനഡയിലെ മെറിലിയുടെ വീട്ടിലെത്തുകയും അവിടെ താമസിക്കുകയും ചെയ്തിട്ടുള്ള കമല തന്റെ ജീവിതകഥകള്‍ ഒരു മറയുംകൂടാതെ അവരോടു വെളിപ്പെടുത്തിയിരുന്നതായി പുസ്തകത്തില്‍ പറയുന്നു. നിരുപാധികമായ സ്‌നേഹവും പ്രണയവും എന്നും ആസ്വദിച്ചിരുന്ന പഴയ നാലപ്പാട്ടുകാരി കമല താന്‍ തിരണ്ടു കഴിഞ്ഞ നാളുകളില്‍ അതും തന്നെക്കാള്‍ ഏറെ പ്രായകൂടുതല്‍ ഉള്ള ഒരു ബന്ധുവുമായി വിവാഹനിശ്ചയം ഉറപ്പിച്ചിരിക്കെ അമ്മയോടൊപ്പം ക്യാമറയുമായി വീട്ടില്‍ വന്ന ചെറുപ്പക്കാരനോട്‌ തോന്നിയ അഭിനിവേശവും അതുണ്ടാക്കിയ അനുഭൂതിയും വശ്യമായ വരികളിലാക്കി വായനക്കാര്‍യി പങ്കുവച്ചിരുന്നു. വിവാഹശേഷം അനുഭവിച്ച ലൈംഗികമായ അസംതൃപ്തിയും പീഡനങ്ങളും നിര്‍ഭയമായും സ്വതന്ത്രമായും തുറന്നെഴുതി ആസ്വാദക ശ്രദ്ധ നേടിയിരുന്നു. പാരമ്പര്യവാദിയും ഇന്ത്യക്കാരിയുമായ കമലയുടെ എഴുത്തും ജീവിതവും ആ പാശ്ചാത്യ വനിതയില്‍ പോലും വിസ്മയം ജനിപ്പിച്ചു.

യാദൃശ്ചികമായി വീട്ടിന്റെ ഉള്ളിലേക്ക് പറന്നുവന്നു കറങ്ങുന്ന ഫാനിന്റെ ചിറകില്‍ തട്ടി മുറിവേറ്റ കുരുവിയുടെ രക്തംകൊണ്ട് കവിതയെഴുതാന്‍ ആഗ്രഹിച്ച കമല, പ്രാര്‍ത്ഥനയില്‍ വരികള്‍ ഉരുക്കഴിക്കുമ്പോലെ സെക്‌സിനെ വിശകലനം ചെയ്യാന്‍ ആവേശംകൊണ്ട ആമി, അതിനെയൊക്കെ ആത്മകഥയെന്നോ ആത്മസുഖത്തിനുള്ള അന്വേഷണമെന്നോ ഒക്കെ വിളിക്കാവുന്ന രീതിയില്‍ പുസ്തകമാക്കി സംതൃപ്തി നേടിയ മലയാളത്തിലെയും ആംഗലേയത്തിലെയും എഴുത്തുകാരി. പ്രണയത്തിന്റെ നിതാന്തസ്‌ത്രൈണ രൂപം തന്നെയായിരുന്നു ആമി. അതെ ആമിയെയാണ് അവര്‍ പരിചയപ്പെടുത്തിയ പ്രകാരം വെയ്സ്‌ബോഡ്‌ ലോകത്തിനു പരിചയപ്പെടുത്തിയത്.

നീര്മാതള പൂക്കള്‍ നിവേദ്യമാക്കിയ തികഞ്ഞ കൃഷ്ണ ഭക്തയായിരുന്ന താന്‍ പ്രണയവും രതിയും ആവാഹിച്ച ഒരു ഭ്രമാത്മക നിമിഷത്തില്‍ കപടമായ ആത്മീയതയണിഞ്ഞ, രണ്ടു ഭാര്യമാരുണ്ടായിട്ടും തൃപ്തനാകാത്ത ഒരാളുടെ അധീനതയില്‍ അകപ്പെട്ടതും അറുപതു കഴിഞ്ഞതന്നെ ബലപ്രയോഗത്തിലൂടെ കീഴടക്കിയതും പുസ്തകം വിവരിക്കുന്നു. ലൈംഗിക ആസക്തി പൂര്‍ത്തീകരിക്കാന്‍ തടസ്സമാകാതിരുന്ന മതവിശ്വാസം നേരത്തേ ഉറപ്പുകൊടുത്തിരുന്ന നിക്കാഹിനു തടസ്സമാണെന്നു വാദിച്ചു പൊടുന്നനെ മതംമാറ്റ കിങ്കരന്മാരും ആയുധധാരികളായ കങ്കാണിമാരും അവരെ ഒരു റിസോര്‍ട്ട് മുറിയില്‍ തടവിലാക്കി. ബുര്‍ഖയണിയിച്ചു പേരുമാറ്റം നടത്തി വിളംബരം നടത്തി വിവാഹത്തെ വിഷയമല്ലാതാക്കുകയുംചെയ്തു.

നടന്നതൊക്കെ ചതിയാണെന്നു തിരിച്ചറിഞ്ഞു മാപ്പുനല്കി മടങ്ങാന്‍ ആര്‍ദ്രത അറ്റുപോയിട്ടില്ലാതിരുന്ന ആ കവി മനസ്സ് അന്നും ആഗ്രഹിച്ചു. എന്നാല്‍ ചുറ്റുമുള്ള കാവല്‍ക്കാരോ ഭീരുത്വം കൊണ്ട് നട്ടെല്ല് വളഞ്ഞ അടുത്ത ബന്ധുക്കളോ കനിഞ്ഞില്ല. തികഞ്ഞ ഏകാന്തതയില്‍ പ്രണവമന്ത്രം കേട്ടു ഈ ലോകത്തിനോട് വിടപറയാന്‍ കൊതിച്ച അവര്‍ക്കു മരണാനന്തരവും ശാന്തി ലഭിച്ചില്ല. ഒരു പക്ഷെ അശാന്തമായ ആ ആത്മാവ് തന്നെയായിരിക്കാം ജലീലിനെക്കൊണ്ട് ഇത് ഇപ്പോള്‍ പറയിച്ചതും.

കനേഡിയന്‍ എഴുത്തുകാരിയുടെപുസ്തകം പ്രണയത്തിന്റെ രാജകുമാരി എന്നപേരില്‍ എം.ജി. സുരേഷ് മലയാളത്തില്‍ പരിഭാഷപ്പെടുത്തി ഗ്രീന്‍ ബുക്ക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. ഭാഗ്യാന്വേഷികള്‍ മാത്രമായ കേരളത്തിലെ എഴുത്തുകാര്‍ ഈ വിഷയം വീണ്ടും വിഴുങ്ങും. എന്നാല്‍ മലയാളത്തിന്റെ പ്രിയപ്പെട്ട ആമിയോട് ഈ ക്രൂരത കാട്ടിയ മഹാപണ്ഡിതനെ പാര്‍ലമെന്റ്അംഗമാക്കി വാഴിച്ചതിനെ സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതികരിക്കുമെന്ന് പ്രത്യാശിക്കാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments