ഇന്ത്യയുടെ 12 അക്ക അതുല്യ തിരിച്ചറിയല്‍ നമ്പറായ ആധാര്‍ നിലവില്‍ വന്നിട്ട് ഒന്നര പതിറ്റാണ്ടാവുന്നു,.കഴിഞ്ഞ പത്ത് വര്‍ഷമായി ഏകദേശം എല്ലാ ഇന്ത്യക്കാരുടെയും ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ആധാര്‍ല 2009ലാണ് ആരംഭിച്ചത്.ആധാര്‍ ജനങ്ങള്‍ക്ക് ഒരു അതുല്യ തിരിച്ചറിയല്‍ രേഖയാണെന്ന് 2018 ലെ സാമ്പത്തിക ശാസ്ത്ര നോബേല്‍ പുരസ്‌കാര ജേതാവ് പോള്‍ റോമര്‍ ഈയിടെ പുകഴ്ത്തിയിരുന്നു. ഇന്ത്യയുടെ ആധാര്‍ സംവിധാനത്തെ ആഗോളതലത്തില്‍ തന്നയുള്ള സുപ്രധാന സാങ്കേതിക കണ്ടുപിടുത്തങ്ങളിലൊന്നെന്ന പരാമര്‍ശത്തോടെയാണ് അദ്ദഹം പ്രശംസിച്ചത്. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റമടക്കം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ആധാര്‍ ശക്തമായ അടിത്തറയിട്ടതെങ്ങനെയെന്ന് എടുത്തുപറഞ്ഞ അദ്ദേഹം രാജ്യത്തെ ദശലക്ഷക്കണക്കിന് പേര്‍ക്ക് ഇതുവഴി പൊതുസേവനങ്ങള്‍ കൂടുതല്‍ പ്രാപ്യമാക്കിയെന്നും പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിന് സമാനമായ സമീപനങ്ങള്‍ പരിഗണിക്കാന്‍ ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റങ്ങള്‍ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിനാല്‍ റോമറിന്റെ പരാമര്‍ശങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചു. ക്ഷേമ വിതരണത്തെ സുഗമമാക്കിയും, തട്ടിപ്പുകള്‍ ഇല്ലാതാക്കിയും, വിശ്വസനീയവും ലളിതവുമായ തിരിച്ചറിയല്‍രേഖയിലൂടെ പൗരന്മാരെ ശാക്തീകരിച്ച് കൂടുതല്‍ സാമൂഹിക ഉള്‍ച്ചേര്‍ക്കലും സാമ്പത്തിക സുരക്ഷിതത്വവും പ്രോത്സാഹിപ്പിച്ചും ജനജീവിതത്തെ ആധാര്‍ മാറ്റിമറിച്ചുവെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ആധാര്‍: ഇന്ത്യയിലുടനീളം വിപ്ലവകരമായ സാങ്കേതികവിദ്യ
ഇന്ത്യയുടെ 12 അക്ക അതുല്യ തിരിച്ചറിയല്‍ നമ്പറായ ആധാര്‍ നിലവില്‍ വന്നപ്പോള്‍ ഉയര്‍ന്ന ആശങ്കകള്‍ക്കെല്ലാം വിരാമമായി. വ്യക്തിഗത വിവരങ്ങള്‍ വന്‍തോതില്‍ ചോര്‍ത്തപ്പെടുമെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആശങ്ക. എന്നാല്‍, വ്യക്തിത്വ സ്ഥിരീകരണത്തിനും സേവന വിതരണത്തിനുമുള്ള രാജ്യത്തിന്റെ സമീപനത്തെ ആധാര്‍ പുനരാവിഷ്‌ക്കരിക്കുകയാണ് ചെയ്തത്. പരിമിതമായ ജനസംഖ്യാ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് ഓരോരുത്തര്‍ക്കും വിശ്വസനീയവും ഡിജിറ്റലായി പരിശോധിക്കാവുന്നതുമായ തിരിച്ചറിയല്‍ രേഖ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്. വ്യക്തിത്വ സ്ഥിരീകരണവുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെയും വിവര ചോര്‍ച്ചയുടെയും ദീര്‍ഘകാലമായി തുടരുന്ന പ്രശ്‌നങ്ങളെ ആധാറിന്റെ ശക്തവും ആധികാരികവുമായ ചട്ടക്കൂട് ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നു. എപ്പോഴും എവിടെയും തിരിച്ചറിയല്‍ രേഖയുടെ സ്ഥിരീകരണം സാധ്യമാക്കുകയും സേവനങ്ങളുടെയും ആനുകൂല്യങ്ങളുടെയും സബ്‌സിഡികളുടെയും സുതാര്യവും ലക്ഷ്യകേന്ദ്രീകൃതവുമായ വിതരണം സുഗമമാക്കുകയും ചെയ്തതിലൂടെ ഈ മികച്ച സംരംഭം ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വ്യക്തിത്വ സ്ഥിരീകരണ പരിപാടിയായി വളര്‍ന്നു.
പത്ത് വര്‍ഷമായി ഏകദേശം എല്ലാ ഇന്ത്യക്കാരുടെയും ജീവിതത്തില്‍ ആധ്യാര്‍ അനിവാര്യ രേഖയായി മാറി. കോവിഡിന് ശേഷമുള്ള പ്രതിസന്ധി പ്രകടമാക്കിയതുപോലെ ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ആധാര്‍ ഒരു ജീവനാഡിയായി മാറിയിരിക്കുന്നു. വിവിധ പദ്ധതികള്‍ക്ക് കീഴിലെ സേവന വിതരണം സുഗമവും സുതാര്യവുമാക്കിയതായാണ് 80% ഗുണഭോക്താക്കളുടെയും അനുഭവം. ഇന്ത്യന്‍ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ ഇത് ത്വരിതപ്പെടുത്തി. 2023 ജൂലൈ അവസാനത്തോടെ 788 ദശലക്ഷത്തിലധികം ആധാറുകള്‍ എന്‍.പി.സി.ഐ വിവരശേഖരത്തിലെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ആധാര്‍ നല്‍കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) സ്ഥാപിച്ചത് ഒരു സുപ്രധാന ചുവടുവെപ്പായി മാറി. 2016ലെ ആധാര്‍ (സാമ്പത്തികവും അല്ലാത്തതുമായ സബ്‌സിഡികളുടെയും ആനുകൂല്യങ്ങളുടെയും സേവനങ്ങളുടെയും വിതരണം) നിയമത്തിന് കീഴില്‍ യു.ഐ.ഡി.എ.ഐ നിയമപരമായ പദവി നേടിയതോടെ ഇന്ത്യയുടെ ഭരണ നിര്‍വഹണത്തില്‍ അതിന്റെ പങ്കിന് പ്രാധാന്യമേറി. ഇതുവരെ 138.04 കോടി ആധാര്‍ നമ്പറുകള്‍ ലഭ്യമാക്കിയതിലൂടെ ആധാറിന്റെ വ്യാപ്തി കാലക്രമേണ,ഗണ്യമായി വര്‍ധിച്ചു. ഒരു തിരിച്ചറിയല്‍ രേഖ എന്നതിലുപരിയായി സേവനവിതരണത്തിലെ നീതി ഉറപ്പാക്കുക, സര്‍ക്കാര്‍ പ്രക്രിയകളില്‍ വിശ്വാസം വര്‍ധിപ്പിക്കുക, അവശ്യ സേവനങ്ങളുടെ നടപടിക്രമം ലളിതമാക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് പേരെ ശാക്തീകരിക്കുക തുടങ്ങിയ തലങ്ങളിലേക്ക് ഇന്ന് ആധാര്‍ വികസിച്ചു. സമൂഹത്തില്‍ ആധാറിന്റെ പരിവര്‍ത്തനാത്മക സ്വാധീനത്തെ പ്രതീകവത്ക്കരിക്കുന്ന തരത്തില്‍ ലോകത്ത് ആറിലൊരാള്‍ ഈ അതുല്യ തിരിച്ചറിയല്‍രേഖ കൈവശം വയ്ക്കുന്നതുവഴി ആധാര്‍ ഇന്ന് ഇന്ത്യയുടെ ഡിജിറ്റല്‍ സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങളുടെ ആധാരശിലയായി നിലകൊള്ളുന്നു.
നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തില്‍ (DBT) ആധാറിന്റെ പങ്ക്
സേവന വിതരണത്തില്‍ സുതാര്യത ഉറപ്പാക്കുന്ന വിശ്വസനീയവും ഏകീകൃതവുമായ വ്യക്തിത്വ സ്ഥിരീകരണ സംവിധാനം വാഗ്ദാനം ചെയ്യുന്നതിലൂടെ സാമൂഹ്യക്ഷേമ പദ്ധതികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ആധാര്‍ നിര്‍ണായക പങ്കുവഹിക്കുന്നു. 2013ല്‍ ആരംഭിച്ച ആധാര്‍ബന്ധിതമായ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഉആഠ) വഴി വിവിധ ക്ഷേമ പദ്ധതികളില്‍ നിന്നുള്ള ധനസഹായങ്ങള്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യുന്നതിലൂടെ ഒന്നിലധികം രേഖകളുടെ ആവശ്യകത കുറയ്ക്കുകയും പകര്‍പ്പോ വ്യാജമോ ആയ ഗുണഭോക്താക്കള്‍ ഒഴിവാക്കപ്പെടുകയും ചെയ്യുന്നു.
ആധാര്‍അധിഷ്ഠിതമായ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) സുതാര്യത വര്‍ധിപ്പിച്ച് സേവനങ്ങളുടെ കാര്യക്ഷമമായ വിതരണം ഉറപ്പാക്കിയതിലൂടെ ഇന്ത്യയുടെ ക്ഷേമ മേഖലയില്‍ വന്‍തോതില്‍ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. ചോര്‍ച്ചകള്‍ കുറയ്ക്കുകയും സാമൂഹ്യതുല്യത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ മെച്ചപ്പെട്ട ലക്ഷ്യത്തിലൂന്നിയ സബ്‌സിഡികളിലൂടെയും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലൂടെയും ദശലക്ഷക്കണക്കിന് ജീവിതങ്ങളില്‍ ആധാര്‍ അഗാധമായ സ്വാധീനം ചെലുത്തി. 1.4 ബില്യണ്‍ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുകയും പ്രതിദിനം 80 ദശലക്ഷത്തിലധികം ഇടപാടുകള്‍ സുഗമമാക്കുകയും ചെയ്തതോടെ ആധാര്‍ ഭരണത്തിലും സേവന വിതരണത്തിലും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നത് തുടരുകയാണ്. ഈ ശ്രദ്ധേയമായ നേട്ടം ഇന്ത്യയുടെ ഡിജിറ്റല്‍ ഭരണ നിര്‍വഹണ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ആധാറിന്റെ വിജയത്തെ അടിവരയിടുക മാത്രമല്ല, ഫലപ്രദമായ ക്ഷേമപദ്ധതികള്‍ പിന്തുടരുന്നതില്‍ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാക്കാവുന്ന സുപ്രധാന ഉദാഹരണമായി ആധാറിനെ നിര്‍ണയിക്കുകയും ചെയ്യുന്നു.