ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന്. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമായ ദീപാവലിയെ ആഘോഷമാക്കുകയാണ് ജനങ്ങൾ. കേരളത്തിലും ഉത്തരേന്ത്യയിലുമെല്ലാം ഇന്ന് തന്നെയാണ് ദീപാവലി.ഇരുട്ടിൻമേൽ വെളിച്ചത്തിൻ്റെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തിൻ്റെയും പ്രതീകമാണ് ദീപാവലിയെന്നാണ് വിശ്വാസം. ദീപാവലി ആഘോഷത്തെക്കുറിച്ച് ഐതീഹ്യങ്ങൾ പലതാണ്.

ലക്ഷ്മീദേവി അവതരിച്ച ദിവസമാണ് ദീപാവലി എന്നാണ് അതിലെ പ്രധാന ഐതിഹ്യം. അതിനാൽ തന്നെ ദീപാവലി നാളിൽ പ്രധാനമായും ആരാധിക്കുന്നത് മഹാലക്ഷ്മിയെയാണ്.ശ്രീ എന്നാൽ ലക്ഷ്മി അഥവാ ഐശ്വര്യം എന്നാണ് അർത്ഥമാക്കുന്നത്. പ്രധാനമായും സമ്പത്ത്, ധനം, ധാന്യം അല്ലെങ്കിൽ ആഹാരം, ഐശ്വര്യം, സൗഭാഗ്യം, വൃത്തി, ശുചിത്വം, സൗന്ദര്യം, അഭിവൃദ്ധി, വിജയം എന്നിവയുടെ ഭഗവതി ആണ് മഹാലക്ഷ്മിയെന്നാണ് വിശ്വാസം.അതിനാൽ തന്നെ ജീവിതം ഐശ്വര്യവും വിജയവും അഭിവൃദ്ധിയും കൈവരിക്കുന്നതിനായി പലവിധ ചടങ്ങുകളോടേയും ആചാരാനുഷ്ടാനങ്ങളോടെയുമാണ് രാജ്യത്തെ പല ജനങ്ങളും ദീപാവലി ആഘോഷിക്കുന്നത്.
അതേസമയം ശ്രീകൃഷ്ണ ഭഗവാൻ നരകാസുരനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതിന്റെ ഓർമ പുതുക്കലാണു ദീപാവലിയെന്നും ഐതിഹ്യമുണ്ട്.
കൂടാതെ ശ്രീരാമദേവൻ രാവണനെ നിഗ്രഹിച്ച് സീതാദേവിയെ വീണ്ടെടുത്ത് അയോധ്യയിൽ തിരിച്ചെത്തിയ ദിവസമാണ് ദീപാവലിയെന്നും പറയപ്പെടുന്നു.ദീപം തെളിയിച്ചും മധുര പലഹാരങ്ങൾ കഴിച്ചും പടക്കം പൊട്ടിച്ചുമെല്ലാമാണ് ദീപാവലി ആളുകൾ ആഘോഷമാക്കുന്നത്.