ന്യൂഡല്‍ഹി: സ്‌കൂളില്‍ പോയിട്ടില്ല. എഴുതാനോ വായിക്കാനോ അറിയില്ല. 1977 മുതല്‍ മംഗളൂരുവില്‍ ഓറഞ്ച് വില്‍പ്പന നടത്തുന്നയാളാണ് ഹരേകാല ഹജ്ജാബ. ഈ 66കാരന്റെ കഠിന പരിശ്രമത്തിന് രണ്ടാമത്തെ സിവിലിയന്‍ അവാര്‍ഡായ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു.
രാജ്യതലസ്ഥാനത്ത് നടന്ന ചടങ്ങില്‍ തിങ്കളാഴ്ച ഹജ്ജാബ പത്മ പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് ഏറ്റുവാങ്ങി.
ഒരിക്കല്‍ ഓറഞ്ച് വില്‍പ്പനക്കിടെ ഒരു വിദേശി ഹജ്ജാബയുടെ അടുത്തെത്തുകയും വില ചോദിക്കുകയും ചെയ്തു. എന്നാല്‍ വിദേശിയുമായി സംവദിക്കാന്‍ ഭാഷ അറിയാത്തതിനാല്‍ ഹജ്ജാബക്ക് ഒന്നും മറുപടി പറയാനായില്ല.
അക്ഷരാഭ്യാസം അറിയാത്തതിനാല്‍ ഹജ്ജാബക്ക് വിഷമം തോന്നി. താന്‍ വിദ്യാഭ്യാസം നേടുക എന്നതിനപ്പുറം കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന ചിന്തയായിരുന്നു ഹജ്ജാബയുടെ മനസില്‍. കന്നഡ മാത്രമാണ് ഹജ്ജാബക്ക് അറിയുന്നത്. വിദേശിയെ സഹായിക്കാന്‍ കഴിയാത്ത മാനസിക വിഷമത്തില്‍നിന്ന് ഒരു സ്‌കൂള്‍ നിര്‍മിക്കാനായിരുന്നു ഹജ്ജാബയുടെ പരിശ്രമം.
രണ്ടു പതിറ്റാണ്ടിനിപ്പുറം സ്‌കൂള്‍ നിര്‍മിക്കുകയെന്ന സ്വപ്നം ഹജ്ജാബ സാക്ഷാത്കരിക്കുകയും ചെയ്തു. 2000ത്തിലായിരുന്നു സ്‌കൂളിന്റെ നിര്‍മാണം. സഹായിച്ചത് അന്തരിച്ച മുന്‍ എം.എല്‍.എ യു.ടി. ഫരീദും. 28 വിദ്യാര്‍ഥികളെവെച്ച് തുടങ്ങിയ സ്‌കൂളില്‍ ഇപ്പോള്‍ 175 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. 10ാം ക്ലാസ് വരെയായി ഉയര്‍ത്തുകയും ചെയ്തു.
‘എന്റെ ഗ്രാമത്തില്‍ കൂടുതല്‍ സ്‌കൂളുകളും കോളജുകളും നിര്‍മിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. നിരവധിപേര്‍ ഇതിനായി പണം സംഭാവന നല്‍കി. ഈ പണം സ്വരുക്കൂട്ടി വെക്കുകയും ഭൂമി വാങ്ങുകയും സ്‌കൂളുകളും കോളജുകളും നിര്‍മിക്കുകയും ചെയ്യും’ -അടുത്ത ലക്ഷ്യത്തെക്കുറിച്ച് ഹജ്ജാബ പറഞ്ഞു.