പാലക്കാട് : വൈദ്യുത കേബിളില്‍ നിന്നു ഷോക്കേറ്റ് രണ്ടര വയസ്സുള്ള കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. മലമ്പുഴ ആനക്കല്‍ എലാക്ക് എസ്റ്റേറ്റില്‍ ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു സംഭവം. അമ്മയാനയ്ക്കും മറ്റു 4 ആനകള്‍ക്കും ഒപ്പമെത്തിയ കുട്ടിയാന, തറയിലൂടെ പോകുന്ന കേബിളില്‍ കടിക്കുകയായിരുന്നു.
രാവിലെ 7.30നു തോട്ടത്തിലെത്തിയ തൊഴിലാളികളാണ് ആനക്കൂട്ടത്തെ കണ്ടത്. ഇവ വിറളിപൂണ്ടു നടക്കുന്നതു കണ്ടു സംശയം തോന്നി അടുത്തു ചെന്നപ്പോഴാണു കുട്ടിയാന ചരിഞ്ഞതു കണ്ടത്. ഉടനെ സമീപവാസികളെയും വനംവകുപ്പ് അധികൃതരെയും വിവരമറിയിച്ചു. വനംവകുപ്പ് അധികൃതര്‍ എത്തിയപ്പോഴും മറ്റ് ആനകള്‍ കുട്ടിയാനയുടെ ചുറ്റുമുണ്ടായിരുന്നു. ചരിഞ്ഞ കുട്ടിയാനയെ എഴുന്നേല്‍പിക്കാന്‍ അമ്മയാന നടത്തിയ ശ്രമങ്ങള്‍ കണ്ടു നിന്നവര്‍ക്കു വേദനയായി. ആളുകള്‍ കൂടിയതോടെ ആനകള്‍ കാട്ടിലേക്കു തിരികെക്കയറി. കൂട്ടത്തില്‍ മറ്റൊരു കുട്ടിയാനയും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
തോട്ടത്തിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കുളത്തില്‍ നിന്നു വെള്ളം പമ്പ് ചെയ്യാനുള്ള വൈദ്യുത കണക്ഷനില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള കുഴല്‍ക്കിണറിലേക്ക് എടുത്ത കേബിളില്‍ നിന്നാണു കുട്ടിയാനയ്ക്കു ഷോക്കേറ്റത്. എന്നാല്‍, ഈ കണക്ഷന്‍ അനുമതി കൂടാതെയാണ് ഇത്രദൂരം വലിച്ചതെന്നു പരിശോധന നടത്തിയ കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി. സെല്‍വരാജ് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തി കുട്ടിയാനയെ കാട്ടില്‍ത്തന്നെ സംസ്‌കരിക്കുമെന്നും വാളയാര്‍ റേഞ്ച് ഓഫിസര്‍ യു. ആഷിക് അലി പറഞ്ഞു.