Sunday, April 20, 2025

HomeArticlesArticlesമഹാപുരുഷ സംശ്രയം- കാഴ്ചയക്കപ്പുറം (പി ശ്രീകുമാര്‍)

മഹാപുരുഷ സംശ്രയം- കാഴ്ചയക്കപ്പുറം (പി ശ്രീകുമാര്‍)

spot_img
spot_img

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ഭാരതീയ വിചാരകേന്ദ്രം ഡയക്ടറുമായിരുന്ന പി. പരമേശ്വര്‍ജിയെ അഭുമുഖം ചെയ്തപ്പോള്‍ അവസാന മായി ഞാന്‍ ചോദിച്ചു. സംഘപ്രവര്‍ത്തനം കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം എന്ത്? എന്ന്. ഒറ്റവാക്കിലെ ഉത്തരം, ‘മഹാപുരുഷ സംശ്രയം’ എന്നായിരുന്നു. എനിക്ക പിടികിട്ടിയില്ല എന്നറിഞ്ഞ വിശദീകരിച്ചു.’ദൈവാനുഗ്രഹംകൊണ്ട് മൂന്നുകാര്യങ്ങളാണ് കിട്ടുന്നത്. ‘മനുഷ്യമായി പിറക്കുക, മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുക, മോക്ഷം കിട്ടാന്‍ മഹാപുരുഷസംശ്രയം സാധ്യമാകുക.’ജന്മഭൂമിയില്‍ ജോലിചെയ്യുന്നതുകൊണ്ട് എന്തു നേട്ടമുണ്ടായി എന്ന് എന്നോടു ചോദിച്ചാല്‍ ഉത്തരം ‘മഹാപുരുഷസംശ്രയം’ എന്നതുതന്നെയാകും.
മാധ്യമ പ്രവര്‍ത്തകനായതുകൊണ്ടു മാത്രം മഹാപുരുഷന്മാരുമായി അടുത്തകൂടാനും ബന്ധപ്പെടാനുമൊക്കെ സാധിച്ചു.

അത്തരമൊരു മഹാപുരുഷസംശ്രയം ആണ് ഹൂസ്റ്റണിലെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്‍ സമ്മാനിച്ചത്. സ്വാമി ചിദാനന്ദ പുരി, കുമ്മനം രാജശേഖരന്‍, ശ്രീകുമാരന്‍ തമ്പി, സൂര്യ കൃഷ്ണമൂര്‍ത്തി, നമ്പി നാരായണന്‍ തുടങ്ങി മഹാരഥന്മാരായ നിരവധി പേര്‍ ഉണ്ടായിരുന്നങ്കിലും ഇവരുമായിട്ടൊക്കെ നേരത്തെ തന്നെ അടുപ്പംകൂടാന്‍ സാധിച്ചിരുന്നു. പുതിയ മഹാപുരുഷ സംശ്രയം വി ജി രാമസ്വാമിയും ഡോ ഗീതാരാമസ്വാമിയും ആയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍. ഗൂഗീള്‍ മീറ്റിലൂടെയാണ് ഇരുവരുടേയും മുഖം കാണുന്നത്. വിവേക് രാമസ്വാമിയുടെ കണ്‍വന്‍ഷനിലെ പങ്കാളിത്തം ഉറപ്പിക്കാനായിരുന്നു മീറ്റിംഗ്. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രജ്ഞിത് പിള്ള പരിപാടികളുടെ ചെറുവിവരണം നല്‍കിയ ഉടന്‍ ഗീതാ രാമസ്വാമി ഉറപ്പിച്ചു. ഞങ്ങള്‍ കണ്‍വന്‍ഷനുണ്ടാകും. ഉടന്‍ തന്നെ പ്രതിനിധികളായി പങ്കെടുക്കാന്‍ സൈറ്റില്‍ കയറി രജിസ്ടര്‍ ചെയ്യുകയും ചെയ്തു.

ഇരുവരും എത്തുന്നു എന്നറിഞ്ഞപ്പോള്‍, പരിചയപ്പടണം എന്നാഗ്രഹിച്ചു. പ്രോഗ്രാം കമ്മിയുടെ ചുമതലക്കാരനായ അനില്‍ ആറന്മുളയ്ക്കായിരുന്നു വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ചു കൊണ്ടുവരാനുള്ള ചുമതല. ഞാനും ഒപ്പം ചേര്‍ന്നു. ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ആഗ്രഹം സാധ്യമായി .

അതി പ്രശസ്തനും കോടീശ്വരനുമായ മകന്‍. വിവേകിന്റെ മാതാപിതാക്കള്‍ എന്നു പറഞ്ഞാല്‍ അമേരിക്കയില്‍ മറ്റ് വിലാസം ആവശ്യമില്ലാത്തവര്‍. അതിനാല്‍ തന്നെ അല്പം അകലം പാലിച്ചാണ് അടുത്തത്. സങ്കല്പങ്ങളെ കാറ്റില്‍ പറത്തുന്നതായിരുന്നു അനുഭവം. സര്‍വസാധാരണക്കാരിലും സാധാരണക്കാര്‍ എന്ന നിലയിലുള്ള പെരുമാറ്റം. ഏറെ പരിചിതര്‍ എന്നതുപോലുള്ള ഉടപെടല്‍. ഹോട്ടലിലേയ്ക്കുള്ള അരമണിക്കൂര്‍ യാത്രകൊണ്ടു തന്നെ ഇരുവരും ഹൃദയത്തില്‍ ഇടം നേടി.പിന്നീട് മൂന്നു ദിവസത്തെ അടുപ്പം കൊണ്ട് കുടംബത്തിലെ ആരോ എന്ന തോന്നല്‍. വിളിക്കണം എന്നു പറഞ്ഞ് എനിക്ക് ഫോണ്‍ നമ്പര്‍ തന്നു. വിളിക്കാമെന്ന് പറഞ്ഞ് എന്റെ ഫോണ്‍ നമ്പര്‍ വാങ്ങുയും ചെയ്തു

സമ്മേളനത്തിലെ ഏറ്റവും വലിയ അതിഥികളാണെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാതെ ഒഴിഞ്ഞുമാറി നിന്ന ഇരുവരുമായിരുന്നു എല്ലാവരുടേയും മനസ്സില്‍ ഇടംപിടിച്ചത്. സമ്മേളനത്തിനെത്തിയ എല്ലാവര്‍ക്കും ലഭിച്ച ‘മഹാപുരുഷ സംശ്രയം’.

കേരളത്തിലെ വടക്കാഞ്ചേരിക്കാരനാണ് രാമസ്വാമി. അവിടെയുള്ള പ്രാദേശിക ഹൈസ്‌കൂളില്‍ പഠിച്ച അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബിരുദവും കോഴിക്കോട്ടെ എന്‍ഐടിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷമാണ് അമേരിക്കയിലെത്തിയത്. ജനറല്‍ ഇലക്ട്രിക്കിന്റെ എഞ്ചിനീയറും പേറ്റന്റ് അറ്റോര്‍ണിയുമായി ജോലി ചെയ്തു. തൃപ്പുണത്തുറയില്‍ കുടുംബവേരുള്ള ഡോ ഗീതാ രാമസ്വാമി മൈസൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം അമേരിക്കയിലെത്തി വയോജന മനഃശാസ്ത്രജ്ഞയായി ജോലി ചെയ്തു. തന്റെ കുടിയേറ്റക്കാരായ മാതാപിതാക്കളെ കുറിച്ചും അവര്‍ എങ്ങനെയാണ് വിജയത്തിനായുള്ള പ്രാഥമിക ഉത്തേജകമായി വീട്ടിലെ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കിയതെന്നും അഭിമാനത്തോടെ സംസാരിച്ചുകൊണ്ടാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിവേക് കത്തിക്കയറുന്നത്.

കണ്‍വന്‍ഷനില്‍ വിവേക് നടത്തിയ പ്രസംഗത്തിലും മാതാപിതാക്കള്‍ പകര്‍ന്നു നല്‍കിയ മൂല്യങ്ങളുടെ മഹത്വം ആവര്‍ത്തിച്ചു. . അമേരിക്കയുടെ സ്ഥാപിത മൂല്യങ്ങള്‍ ഞങ്ങളെ മാതാപിതാക്കള്‍ പഠിപ്പിച്ച ഹൈന്ദവ മൂല്യങ്ങളോട് സാദൃശ്യമുള്ളവയാണെന്നു പറഞ്ഞായിരുന്നു പ്രസംഗം തുടങ്ങിയത്. ‘അമ്മയും അച്ഛനും ഞങ്ങളെ പഠിപ്പിച്ച പോലെ ഞാന്‍ പഠിച്ച മൂല്യങ്ങളുടെ വിജയത്തിനുവേണ്ടി എന്റെ കര്‍ത്തവ്യം ഞാന്‍ നിറവേറ്റും, ശേഷം ഭഗവദ് കരങ്ങളിലാണ്.എന്റെ മുദ്രാവാക്യം.സ്പീക്ക് ദ ട്രൂത്ത് എതാണ്: അച്ഛനെന്നെ പഠിപ്പിച്ചത് ‘സത്യം വദ, ധര്‍മ്മം ചര’ എന്നാണ്. ഞാന്‍ അതില്‍ ഉറച്ചുനില്ക്കുകയും ഈ രാജ്യത്തിന്റെ മൂല്യങ്ങളും അതുതന്നെയാണെന്നും കരുതുന്നു. പരസ്പരം മര്യാദയോടെ, ധൈര്യമായി, സങ്കോചമന്യേ മനഃസാക്ഷിയില്‍ തൊട്ട് നിലപാട് വ്യക്തമാക്കുക.മറ്റു പൌരന്മാരോട് മര്യാദപുലര്‍ത്തുക എന്നത് സത്യസന്ധമായി അഭിപ്രായങ്ങള്‍ അവരോട് പങ്കുവയ്ക്കുക എന്നതുംകൂടിയാണ്.” എന്ന് വിവേക് രാമസ്വാമി പറഞ്ഞപ്പോള്‍ അഭിമാനംകൊണ്ട് ഡോ ഗീതാ രാമസ്വാമിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

‘ഭഗവാന്‍ നമ്മുടെ ജീവിതത്തിന് ഒരു ലക്ഷ്യം തരികയും നമ്മിലൂടെ തന്റെ നിശ്ചയത്തെ സാക്ഷാത്കരിക്കുയും ചെയ്യുന്നു. നാം നമ്മുടെ കര്‍ത്തവ്യം ചെയ്യുന്നു; ഭഗവാന്‍ തന്റെ ഭൂമികയും നിറവേറ്റുന്നു. കുടുംബം ജീവിതത്തിന്റെ അടിത്തറയാണ്. മാതാപിതാക്കള്‍ വന്ദ്യരാണ്. വൈവാവിക ബന്ധം പവിത്രമാണ്” വിവേക് പറഞ്ഞപ്പോള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തവരുടെ എല്ലാം മനസ്സില്‍ തെളിഞ്ഞത് രാമസ്വാമിയും ഡോ ഗീതാ രാമസ്വാമിയും ആയിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments