പാരീസ്: അവിശ്വസനീയമായ കഴിവിലൂടെ പ്രശസ്തനായ ഒരു ഫ്രഞ്ചുകാരനാണ് മിഷേല്‍ ലോറ്റിറ്റോ. എന്താണ് മിഷേല്‍ ലോറ്റിറ്റോയുടെ അപൂര്‍വ്വ കഴിവെന്നറിയുമോ..? ഭക്ഷണത്തിന് പകരം മിഷേല്‍ ലോറ്റിറ്റോ കഴിക്കുന്നത് ലോഹവും ഗ്ലാസുമാണ്. എന്തിന് ഒരു വിമാനം മുഴുവനും ലോറ്റിറ്റോ ഭക്ഷണമാക്കിയിട്ടുണ്ട്. ഒന്‍പത് വയസ് മുതലാണ് വിചിത്രമായ ഈ ഭക്ഷണരീതി ലോറ്റിറ്റോ ആരംഭിക്കുന്നത്.
1950 ജൂണ്‍ 15ന് ഫ്രാന്‍സിലെ ഗ്രെനോബിളിലാണ് മിഷേല്‍ ലോറ്റിറ്റോയുടെ ജനനം. ഒരിക്കല്‍ വെള്ളം കുടിക്കുന്നതിനിടെ പൊട്ടിയ ഗ്ലാസിന്റെ കുറച്ച് കഷണം ഉള്ളില്‍ പോവുകയും അത് ലോറ്റിറ്റോ ചവയ്ക്കുകയും ചെയ്തു. അപ്പോഴാണ് തനിക്ക് ഗ്ലാസ് കഴിക്കാന്‍ കഴിയുമെന്ന് ലോറ്റിറ്റോ മനസ്സിലാക്കുന്നത്.
പിന്നീട് ലോറ്റിറ്റോ ഇത്തരത്തിലുള്ള പലതും കഴിച്ചു. സൈക്കിളുകള്‍, സൂപ്പര്‍മാര്‍ക്കറ്റ് ട്രോളികള്‍, ടി വി സെറ്റുകള്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയെല്ലാം അദ്ദേഹം അകത്താക്കി. തുടര്‍ന്ന് മിസ്റ്റര്‍ ഈറ്റ് ആള്‍ എന്ന വിളിപ്പേരും ലോറ്റിറ്റോക്ക് ലഭിച്ചു. ഓരോ ദിവസവും 900 ഗ്രാം ലോഹം കഴിക്കാന്‍ ലോറ്റിറ്റോക്ക് കഴിയുമായിരുന്നു. ഭക്ഷണേതര വസ്തുക്കളോട് അമിതമായി ആഗ്രഹം ആളുകള്‍ക്ക് തോന്നുന്ന ‘പിക’ എന്ന മാനസിക വിഭ്രാന്തിയാണ് ലോറ്റിറ്റോക്കുള്ളത്.
മെഡിക്കല്‍ പ്രൊഫഷനുകള്‍ ലോറ്റിറ്റോയുടെ കേസ് പഠിക്കുകയും അവശ്വസനീയമായ ദഹനവ്യവസ്ഥ ഇയാള്‍ക്കുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ലോറ്റിറ്റോയുടെ ശരീരം മറ്റുള്ളവരെ പോലെയാണെന്ന് നിഗമനത്തിലെത്തിയ ഡോക്ടര്‍മാര്‍ പക്ഷേ, ഇയാളുടെ ദഹനശേഷിയെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കിയില്ല. തന്റെ ഈ അപൂര്‍വ്വ കഴിവിനെ വരുമാന മാര്‍ഗമാക്കി മാറ്റാന്‍ ലോറ്റിറ്റോ പിന്നീട് തീരുമാനിച്ചു. പല സ്ഥലങ്ങളിലും ജനങ്ങള്‍ക്ക് മുന്നില്‍ ഈ കഴിവ് അദ്ദേഹം പ്രദര്‍ശിപ്പിച്ചു.
1960-ല്‍ ലോഹവും ഗ്ലാസും കഴിക്കുന്ന ലോറ്റിറ്റോയുടെ കഥ സംപ്രേക്ഷണം ചെയ്തതോടെ വലിയ രീതിയില്‍ പ്രശസ്തി നേടാന്‍ തുടങ്ങി. ‘സെസ്‌ന 150’ വിമാനം കഴിച്ചതായിരുന്നു ലോറ്റിറ്റോ സ്വന്തമാക്കിയ ഏറ്റവും വിചിത്രമായ നേട്ടം. രണ്ടുവര്‍ഷം കൊണ്ടാണ് അദ്ദേഹം വിമാനം മുഴുവന്‍ കഴിച്ച് തീര്‍ത്തത്. ലോഹം കഴിക്കാനുള്ള ലോറ്റിറ്റോയുടെ കഴിവ് അദ്ദേഹത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും നേടിക്കൊടുത്തു.
ഉയര്‍ന്ന അളവില്‍ ആമാശയം ആസിഡ് ഉത്പാദിപ്പിച്ചിരുന്നതിനാല്‍ ലോഹങ്ങളെ ദഹിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. 1997 ഒക്ടോബര്‍ വരെ ഒമ്പത് ടണ്‍ ലോഹം ലോറ്റിറ്റോ കഴിച്ചുവെന്നാണ് കണക്ക്. ലോഹത്തെ ചെറിയ കഷണങ്ങളാക്കി മുറിച്ചശേഷം വെള്ളവും മിനറല്‍ ഓയിലും ഉപയോഗിച്ചാണ് കഴിച്ചിരുന്നത്.
എണ്ണ ഒരു ലൂബ്രിക്കന്റായി പ്രവര്‍ത്തിക്കുകയും മുറിവുകളില്‍ നിന്ന് തൊണ്ടയെ സംരക്ഷിക്കുകയും ചെയ്തിരുന്നു. മുട്ടയും വാഴപ്പഴവും കഴിച്ചതിലൂടെ താന്‍ രോഗിയായി എന്ന് ഒരിക്കല്‍ ലോറ്റിറ്റോ പറഞ്ഞിരുന്നു. 2007 ജൂണ്‍ 25-നാണ് മിഷേല്‍ ലോറ്റിറ്റോ മരിക്കുന്നത്. ഇന്നും മിഷേല്‍ ലോറ്റിറ്റോയുടെ ഗിന്നസ് റെക്കോര്‍ഡ് അതുപോലെ നിലനില്‍ക്കുന്നു.