വിശുദ്ധ ബൈബിളിൽ ഉണ്ണീശോയുടെ തിരുപ്പിറവിയുണ്ട്. സുവിശേഷകരായ മാർക്കോസും, മത്തായിയുമാണ് പിറവി മഹത്വം വെളിപ്പെടുത്തുന്നത്. സന്തുഷ്ട വിശദീകരണ വായന. അവർ വിഭാവനം ചെയ്ത പ്രകാരം ബത്ലഹേം പുൽക്കൂട് വിശുദ്ധ സ്ഥലമായി ക്രിസ്ത്യാനികൾ വണങ്ങുന്നു. പലസ്തീനിലെ ബത്ലഹേം നഗരി റോമൻ അധീന മേഖലയാണ്. ഇന്നാ സ്ഥലത്ത് പുണ്യ പുരാതന പള്ളി കാണാം. നേറ്റിവിറ്റി ബസ്ലിക്ക ഓഫ് ഗ്രോട്ടോ എന്നറിയപ്പെടുന്നു!
ഇംഗ്ലീഷ് കലണ്ടർ കൊല്ലവർഷം 325-ലാണ് പള്ളി മണികളിവിടെ മുഴങ്ങി തുടങ്ങിയത്. ഇവിടം ഉണ്ണിയേശ്ശു പിറന്ന കാലിത്തൊഴുത്തും പുൽത്തൊട്ടിലും തീർത്ഥാടകരുടെ അറിവിനായി പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴായി ഈ ആരാധന കേന്ദ്രം പുതുക്കി പണിതു. കല്ലും, മണ്ണും, മാർബിൾ കൊത്തുപണികളും മാത്രമേ മാറിയിട്ടുള്ളൂ. വെറും വാക്ക് സാക്ഷ്യമല്ലത്.
പള്ളി മാതൃകക്കോ വിശ്വാസ രീതികൾക്കോ ലവലേശം മാറ്റം വരുത്തിയിട്ടില്ലെന്നത് നേർക്കാഴ്ച്ച. ഉദാഹരണം പ്രധാന കവാടം തന്നെ. സ്വർഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതാണെന്ന് യേശുക്രിസ്തു തിരുവചനങ്ങളാൽ സൂചന നൽകിയിട്ടുണ്ട്. ഇത്രയും തിരക്കുള്ള ബസ്ലിക്കയിലേക്ക് പ്രവേശിക്കാൻ തലകുന്വിട്ടേ പറ്റൂ. വിനയത്തിൻെറ വാതിൽ എന്നാണീ താഴ്ന്ന ഒതുങ്ങിയ വാതിലിൻെറ വിളിപ്പേര്. എന്നാലോ അകം ഒരു സാധാരണ വിശാല റോമൻ ബസ്ലിക്ക പോലെ രൂപകൽപ്പന ചെയ്തിരിക്കുന്നു. അഞ്ചു ഇടനാഴികളായി പള്ളിയകം തിരിച്ചിട്ടുണ്ട്. കൊറിന്തിയൻ നിരകളായവ നില കൊള്ളുന്നു.
രാജാവിൻെറ കൽപന പ്രകാരമുള്ള ജനസംഖ്യ കണക്കെടുപ്പിനാണ് ഔസേപിതാവ് ബത്ലഹേം സന്ദർശത്തിനെത്തുന്നത്. പൂർണ്ണ ഗർഭിണിയായ മേരിയെ കഴുതപ്പുറത്ത് ഇരുത്തിയായിരുന്നു ദീർഘയാത്ര. രാത്രി അവർക്ക് താമസിക്കാൻ സത്രങ്ങളിൽ ഇടം കിട്ടിയില്ല. പ്രസവ സമയം അടുത്തതിനാൽ അവർ സമീപത്തെ കാലിത്തൊഴുത്തിൽ അഭയം തേടി. മറിയം അവിടെ വച്ച് ദൈവപുത്രന് ജന്മം നൽകി. ഇതാണ് ക്രിസ്തുമസിന് ആധാരമായ സംഭവ വിവരണം. അന്നത്തെ കാലിത്തൊഴുത്ത് പിന്നീട് ദേവാലയമായി. ഭക്തി പ്രാർത്ഥനകൾക്ക് കരുണയുടെ ഒട്ടനവധി പ്രത്യക്ഷ സാക്ഷ്യങ്ങൾ ഉളവായി. നേറ്റിവിറ്റി ബസിലിക്കക്ക് അവ പുത്തിരിയല്ല.
മദർ മേരി നവജാത ശിശുവിനെ കിടത്തിയ പുൽത്തൊട്ടി അടയാളം അനുഗ്രഹ സ്ഥലമെന്ന് ചരിത്ര ഗ്രന്ഥങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കൂർത്ത പതിനാലു മുനകളുള്ള വെള്ളി നക്ഷത്രം ഇവിടം ദൃശ്യമാണ്. സ്റ്റാറിൻെറ നടുവൃത്തം സദാ പ്രകാശ പൂരിതവും. വർണ്ണശബളമായി അലങ്കരിച്ച പുൽക്കൂട്. ക്രിസ്മസ് ട്രീ. കാലിത്തൊഴുത്ത്. പ്രതിമകളായി കാലികൾ, ആട്ടിടയന്മാർ, കിഴക്കു നിന്നെത്തിയ രാജാക്കന്മാർ എന്നിവ സുവിശേഷ ക്രിബ്ബ് പരാമർശ ക്രമത്തിൽ കാണാം.
തിരുവചന സാക്ഷാൽക്കാരം അതേപടി കണ്ട അത്ഭുതം കൂറാം! ക്രിസ്മസ് രാത്രിയിവിടം ആഘോഷാർഭാടമായ തിരുപ്പിറവി ചടങ്ങ് നടക്കും. തീർത്ഥാടകരതിൽ സംബന്ധിച്ച് ആജന്മ സുകൃതം നേടുന്നു. ഈ പരന്വരാഗത വിശുദ്ധ സ്ഥലമാണ് ഗ്രോട്ടോ ഓഫ് ദി മാംഗർ സ്ക്വയർ!
അതിനു നേരെ മുകളിലായാണ് ബസ്ലിക്കയുടെ പ്രധാന ബലിപീഠം. അവിടത്തെ അൾത്താരയിൽ പാതിരാ കുർബ്ബാന നടക്കും. ഇവിടത്തെ തിരുകർമ്മങ്ങളിൽ പങ്കെടുക്കുന്നവർക്ക് പുണ്യം പോലെ ദണ്ഡവിമോചനവും ലഭ്യമാകുമെന്ന് തിരുസഭ ഉൽബോധനം. ഡിസംബർ 25-ലെ ഇവിടത്തെ ലത്തീൻ കാത്തലിക്ക് മാസതു കൊണ്ട് ലോകമാകെ പ്രക്ഷേപണം ചെയ്യുക പതിവാണ്.
നേറ്റിവിറ്റി ബസ്ലിക്കയിൽ പ്രൊട്ടസ്റ്റൻറ്, ഓർത്തോഡക്സ്, അർമേനിയൻ അപ്പസ്തോലിക്ക് ചർച്ച് വിഭാഗങ്ങളും ആരാധന ക്രമങ്ങൾ പൂജ്യമായി നടത്താറുണ്ട്. അവരുടെ പിറവി തിരുനാൾ ജനുവരി മാസത്തിലാണ് കൊണ്ടാടാറ്. ബസ്ലിക്കയുടെ സുഗമമായ നടത്തിപ്പ് ഒരു മുസ്ലീം രാജകുടുംബമാണ് ഏറ്റെടുത്തിരിക്കുന്നത്. ഒരു കൂട്ടർക്കും അലോഹ്യങ്ങളില്ലാതവരാ ഉത്തരവാദിത്വം നിറവേറ്റുന്നു. പള്ളി തുറന്നു കൊടുക്കുക. ആരാധനകൾ തീർന്നാൽ അടയ്ക്കുക. അറ്റക്കുറ്റപണികൾ തുടങ്ങിയ ചുമതലകൾ താക്കോൽ സൂക്ഷിപ്പുകാർ കാര്യക്ഷമമായി നിർവ്വഹിക്കുന്നു.
അതുമൊരു നല്ല മത സൗഹാർദ്ദത്തിൻെറ വാക്ക് നോക്ക് മാതൃക തന്നെ. ക്രിസ്മസ് സീസണിലവിടം ബത്ലഹേം നിവാസികളേക്കാളധികം പരദേശികൾ കരോൾ ഗായകരാകും. തപ്പു താള മേളങ്ങളിൽ സാന്താക്ലോസുകൾ വക പൊടിപ്പൻ ജാലവിദ്യകളും കാണാം. അങ്ങിനെ നാനാ ഭാഷാ സൊരുമയുടെ വിശ്വാസമോതി ബത്ലഹേമിനൊപ്പം ക്രിസ്തീയ സമൂഹം ഹാപ്പി ക്രിസ്തുമസ്, ഉണ്ണിപ്പിറന്ന സന്ദേശമാലപിച്ച് സാമോദം ആചരിച്ചു പോരുന്നു! —
(ചേറൂക്കാരൻ ജോയി)