പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലെ ഇന്ത്യയുടെ സാമ്പത്തിക, വിദേശ നയതന്ത്രങ്ങളിലെ മുന്നേറ്റങ്ങളെ പ്രശംസിച്ച് ചൈനീസ് സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍. ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസില്‍ ‘ഭാരത് നരേറ്റീവ്’ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലാണ് മോദി ഭരണത്തിൽ ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക രംഗം, വിദേശനയം എന്നീ മേഖലകളിലെ ഇന്ത്യയുടെ സുപ്രധാന വളർച്ചയെ പ്രശംസിക്കുന്നത്.
സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനമാണ് ഗ്ലോബല്‍ ടൈംസ്. ഷാങ്ഹായില്‍ സ്ഥിതി ചെയ്യുന്ന ഫുഡാന്‍ യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസിന്റെ ഡയറക്ടര്‍ ഷാങ് ജിയഡോങ് ആണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നേടിയിരിക്കുന്ന ഇന്ത്യയുടെ സുപ്രധാന നേട്ടങ്ങളെയാണ് ഇതില്‍ പ്രധാനമായും പ്രതിപാദിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയുടെ വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ച, നഗരഭരണത്തിലെ മുന്നേറ്റങ്ങള്‍, കൂടാതെ അന്താരാഷ്ട്ര ബന്ധങ്ങളോടുള്ള പ്രത്യേകിച്ച് ചൈനയുമായുള്ള മനോഭാവത്തിലെ മാറ്റം എന്നിവയെല്ലാം ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്.
“ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിനുള്ള ചൈനയുടെ നടപടികളിലാണ് ഇന്ത്യന്‍ പ്രതിനിധികള്‍ നേരത്തെ പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ അവര്‍ ഇന്ത്യയുടെ കയറ്റുമതി സാധ്യതകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായി’’ ഷാങ് ലേഖനത്തില്‍ പറഞ്ഞു.
രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍, ഇന്ത്യ പാശ്ചാത്യരാജ്യങ്ങളുമായുള്ള സമവായത്തിന് ഊന്നല്‍ നല്‍കുന്നതില്‍ നിന്ന് ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ സവിശേഷത ഉയര്‍ത്തിക്കാട്ടുന്നതിലേക്ക് ചുവടുമാറ്റി.ചരിത്രപരമായ കൊളോണിയല്‍ നിഴലില്‍ നിന്ന് മാറി രാഷ്ട്രീയമായും സാംസ്‌കാരികമായും ഒരു ലോക ഉപദേഷ്ടാവ് ആയി മാറാനുള്ള ഇന്ത്യയുടെ ശ്രമത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ലേഖകന്‍ തറപ്പിച്ച് പറയുന്നു.
കൂടാതെ, മോദി ഭരണത്തിന് കീഴിലെ രാജ്യത്തിന്റെ വിദേശനയത്തെയും ലേഖനത്തില്‍ അഭിനന്ദിക്കുന്നുണ്ട്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ സൂക്ഷ്മമായ നിലപാട് എടുക്കുമ്പോഴും രാജ്യത്തിന്റെ ബഹുസ്വരതയിലുള്ള സമീപനം ഉയര്‍ത്തിക്കാട്ടുകയും യുഎസ്, ജപ്പാന്‍, റഷ്യ തുടങ്ങിയ ആഗോള ശക്തികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിദേശനയത്തിലെ ഇന്ത്യയുടെ തന്ത്രപരമായ ചിന്ത മറ്റൊരുമാറ്റത്തിന് വിധേയമാണെന്ന് വ്യക്തമാകുന്നതായും ലേഖനത്തില്‍ പറയുന്നു.
പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റെടുത്തതു മുതല്‍ യുഎസ്, റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായും പ്രാദേശിക സംഘടനകളുമായും ഇന്ത്യയുടെ ബന്ധം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഷാങ് ലേഖനത്തില്‍ പറഞ്ഞു.