മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് നില നിൽക്കുന്ന സ്ഥലം കൃഷ്ണ ജന്മ ഭൂമിയായി അംഗീകരിക്കണമെന്നും മസ്ജിദ് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് നൽകിയ പൊതു താൽപ്പര്യ ഹർജി തള്ളിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രീം കോടതിയും തള്ളി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിൽ ഇടപെടാൻ വിസമ്മതിക്കുകയും വിഷയത്തിൽ സിവിൽ സ്യൂട്ടുകൾ (Civil Suits) നിലവിൽ പരിഗണനയിൽ ഉള്ളതിനാൽ പൊതു താൽപ്പര്യ ഹർജി പരിഗണിക്കാനാകില്ലെന്നും പറഞ്ഞു.
ഇതൊരു പൊതുതാൽപ്പര്യ ഹർജിയായി സമർപ്പിച്ചതിനാലാണ് ഹൈക്കോടതി ഇത് തള്ളിയതെന്നും അല്ലാത്തപക്ഷം ഫയൽ ചെയ്യുന്ന അവസരത്തിൽ നമുക്ക് നോക്കാം എന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. ഇതേ വിഷയത്തില്‍ നിരവധി ഹർജികള്‍ വിവിധ കോടതികളുടെ പരിഗണനയിലുണ്ട്. ഈ ഹർജി തള്ളിയെങ്കിലും ഏത് നിയമനിർമ്മാണത്തിലെയും വൈരുദ്ധ്യങ്ങളെ ചോദ്യം ചെയ്ത് ഹർജിക്കാരന് ഹർജി നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മഥുര ഷാഹി ഇദ്ഗാ മസ്ജിദ് നില നിൽക്കുന്ന സ്ഥലം ശ്രീ കൃഷ്ണന്റെ ജന്മ ഭൂമിയാണെന്നും മസ്ജിദ് പൊളിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ മഹേക് മഹേശ്വരി സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി 2023 ഒക്ടോബർ 12 ന് അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.
സ്ഥലം ശ്രീകൃഷ്ണന്റെ ജന്മ സ്ഥലമാണെന്ന് വിവിധ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവിടെ നില നിൽക്കുന്ന പള്ളി ഭൂമി കൈക്കലാക്കി നിർമ്മിച്ചതാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. കൂടാതെ ഇസ്‌ലാമിക നിയമ പ്രകാരം ബലം പ്രയോഗിച്ച് കൈവശപ്പെടുത്തിയ ഭൂമിയിൽ പള്ളി പണിയരുത് എന്നാണെന്നും ഹിന്ദു നിയമ പ്രകാരം ഒരു ക്ഷേത്രം നശിച്ചാലും അവിടം ക്ഷേത്രമായി തന്നെ തുടരുമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.