18 വർഷം തനിക്ക് വേണ്ടി ജീവിച്ച അമ്മയ്ക്ക് പുതുജീവിതം സമ്മാനിച്ച യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്. അബ്ദുൽ അഹദ് എന്ന പാക്കിസ്ഥാനി യുവാവാണ് തന്റെ അമ്മയുടെ ജീവിതം വീണ്ടും മനോഹരമാക്കുന്നതിനായി മറ്റൊരു ജീവിതം ഒരുക്കി നൽകിയിരിക്കുന്നത്. ആ മനോഹരനിമിഷങ്ങൾ ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം അബ്ദുൽ അഹദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
“കഴിഞ്ഞ 18 വർഷമായി ഞാൻ എന്റെ പരിധികൾക്കുള്ളിൽ നിന്ന് അമ്മയ്ക്ക് ഏറ്റവും നല്ല ജീവിതം നൽകാൻ ശ്രമിക്കുകയാണ്. അവർ അവരുടെ ജീവിതം മുഴുവൻ എനിക്കായി ത്യജിച്ചു. ഇനി അവർ സമാധാനപരമായ ജീവിതം അർഹിക്കുന്നു. അതിനാൽ ഒരു മകനെന്ന നിലയിൽ, ഞാൻ ശരിയായ കാര്യം ചെയ്തുവെന്ന്കരുതുന്നു. 18 വർഷത്തിനു ശേഷം പ്രണയത്തിലേക്കും ജീവിതത്തിലേക്കും ഒരു രണ്ടാം അവസരം എടുക്കാൻ ഞാൻ എൻ്റെ അമ്മയെ പിന്തുണച്ചു“. എന്നാണ് അബ്ദുൽ അഹദ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വിവാഹ വേഷത്തിൽ അതീവസുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന തന്റെ അമ്മയുടെ വീഡിയോയും നിക്കാഹ് ചടങ്ങുകളുമെല്ലാം അബ്ദുൽ അഹദ് പങ്കുവെച്ചിട്ടുണ്ട്. യുവാവിന്റെ ഈ പ്രവർത്തിയെ പിന്തുണച്ചുകൊണ്ടും അമ്മയ്ക്ക് വിവാഹാശംസകൾ നേർന്നുകൊണ്ടും നിരവധി പേരാണ് എത്തുന്നത്. ആദ്യമെല്ലാം തനിക്ക് ഈ കാര്യം അമ്മയോട് പറയുവാൻ മടിയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ നിങ്ങളുടെയെല്ലാം പോസിറ്റിവ് പ്രതികരണങ്ങൾ കാണിമ്പോൾ താൻ സന്തോഷവാനാകുന്നുവെന്നും അഹദ് പറയുന്നുണ്ട്.