ഇൻസ്റ്റഗ്രാമിൽ ട്രേഡിംഗ് പരസ്യം നൽകി രണ്ടുകോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ പൊലീസ് തിരുച്ചറപ്പള്ളി എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ വെളിമുക്ക് സക്കത്ത് പാപ്പന്നൂർ പാലാഴി വീട്ടിൽ കെ.മനുവാണ് അറസ്റ്റിലായത്. ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ തിരുവനന്തപുരം സ്വദേശിൽ നിന്നാണ് ഇയാൾ രണ്ടു കോടി രൂപ തട്ടിയെടുത്തത്.
ഇൻസ്റ്റഗ്രാമിലൂടെ ട്രേഡിങ് പരസ്യം നൽകിയ ഇയാൾ എഐ സഹായത്തോടെ ശബ്ദം മാറ്റി ഫോൺ വിളിച്ച് ടസ്റ്റോക്ക് മാർക്കറ്റിംഗ് സർവീസ് അപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചാണ് പണം തട്ടിയത്.തിരുവനന്തപുരം സ്വദേശിയായ യുവാവിൽ നിന്ന് 2024 ജൂണിലാണ് പലഘട്ടങ്ങളിലായി രണ്ട് കോടി രൂപ മനു തട്ടിയെടുത്തത്. പ്രതിയ്ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും, ബ്ലൂകോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ഓൺലൈൻ നിക്ഷേപ പദ്ധതിയിൽ ചേർത്ത് പണം തട്ടുന്ന കംബോഡിയൻ സംഘത്തിലെ മുഖ്യ ആസൂത്രകനാണ് മനുവെന്ന് പൊലീസ് പറഞ്ഞു. കേരളത്തിൽനിന്നുള്ള ആളുകളെ ഓൺലൈൻ തട്ടിപ്പുകൾക്കായി റിക്രൂട്ട് ചെയ്തും. ഇവരെ ഉപയോഗിച്ച് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. കമ്പോഡിയയിൽ നിന്നും കോൾ സെൻറർ വഴിയാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി കമ്പോഡിയയിൽ ഒരു അപ്പാർട്ട്മെൻറും ഇയാൾ വാടകയ്ക്കെടുത്തിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ കമ്മീഷൻ വ്യവസ്ഥയിൽ യുവാക്കളിൽ നിന്ന് വാങ്ങി ഇൻറർനെറ്റ് ബാങ്കിലൂടെ തട്ടിപ്പ് നടത്തുകയും ഇത് ക്രിപ്റ്റോ കറൻസിയിലേക്ക് മാറ്റി വിദേശത്തേക്ക് കടത്തിയതായും പോലീസ് കണ്ടെത്തി.തട്ടിപ്പിനായി അക്കൗണ്ട് വില്പന നടത്തിയ ആളെയും സ്വന്തം അക്കൌണ്ട് കമ്മിഷൻ രീതിയിൽ വാടകയ്ക്ക് കൊടുത്ത ആളെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.