ചെന്നൈ: സിന്ധൂനദീതട സംസ്‌കാരത്തിലെ പുരാലിഖിതങ്ങളുടെ അര്‍ത്ഥം വ്യാഖ്യാനിക്കുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ (ഏകദേശം 8.57 കോടി രൂപ) പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. സര്‍ ജോണ്‍മാര്‍ഷല്‍ ഈ പുരാലിഖിതങ്ങള്‍ കണ്ടെത്തി ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും അവ നിഗൂഢമായി തുടരുകയാണ്. അന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലായിരുന്നു സര്‍ ജോണ്‍ മാര്‍ഷല്‍.
സിന്ധു നദീതട സംസ്‌കാരത്തിന്റെ എഴുത്ത് സംവിധാനം മനസ്സിലാക്കാന്‍ പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള പുരാവസ്തു ഗവേഷകരുടെയും തമിഴ് ഭാഷാ പണ്ഡിതന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും ശ്രമങ്ങള്‍ക്ക് ഈ പാരിതോഷിക പ്രഖ്യാപനം പ്രോത്സാഹനം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.
സിന്ധൂനദീതട സംസ്‌കാര (ഐവിസി) ശേഷിപ്പുകള്‍ കണ്ടെത്തിയതിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചെന്നൈയില്‍ നടന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട് സംസ്ഥാന പുരാവസ്തു വകുപ്പിലെ അക്കാദമിക്, ഗവേഷണ ഉപദേഷ്ടാവ് പ്രൊഫസര്‍ കെ രാജന്‍, വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. ആര്‍ ശിവാനന്ദം എന്നിവര്‍ ചേര്‍ന്ന് രചിച്ച ‘ഇന്‍ഡസ് സൈന്‍ ആന്‍ഡ് ഗ്രാഫിറ്റി മാര്‍ക്ക്‌സ് ഓഫ് തമിഴ്നാട്: എ മോര്‍ഫോളജിക്കല്‍ സ്റ്റഡി’ എന്ന പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
അന്തരിച്ച പുരാവസ്തു ഗവേഷകനും എപ്പിഗ്രാഫിസ്റ്റുമായ ഐരാവതം മഹാദേവന്റെ പേരില്‍ റോജാ മുത്തയ്യ ലൈബ്രറിയുടെ ഐവിസി റിസര്‍ച്ചുമായി ചേര്‍ന്ന് പുരാവസ്തു വകുപ്പിന്റെ ചെയര്‍ സ്ഥാപിക്കാന്‍ രണ്ട് കോടി രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പുറമെ നാണയശാസ്ത്രത്തിലും എപ്പിഗ്രഫിയിലും രണ്ട് പണ്ഡിതന്മാര്‍ക്ക് വര്‍ഷം തോറും പുരസ്‌കാരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘‘സിന്ധുനദീതട സംസ്‌കാരത്തിലെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മുദ്രകളിലെ ചിഹ്നങ്ങളും തമിഴ്‌നാട്ടിലെ ഉത്ഖനനങ്ങളില്‍ നിന്ന് കണ്ടെത്തിയ ചിഹ്നങ്ങളും താരതമ്യം ചെയ്തപ്പോൾ അവയില്‍ 60 ശതമാനം സാമ്യം കണ്ടെത്തിയിരുന്നു. അതേസമയം, ചിഹ്നങ്ങള്‍ മണ്‍പാത്രങ്ങളില്‍ കൊത്തിവെച്ചതായി നമ്മുടെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. സിന്ധുനദീതടത്തിലെ ആളുകളും തമിഴ് നാട്ടില്‍ നിന്ന് കണ്ടെത്തിയ മണ്‍പാത്രങ്ങളില്‍ കൊത്തിവെച്ചിരിക്കുന്ന ചിഹ്നങ്ങളും തമ്മില്‍ 90 ശതമാനം സാമ്യമുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്,’’ അദ്ദേഹം ചൂണ്ടിക്കാട്ടി.
പുരാതന തമിഴ് സാഹിത്യത്തില്‍ വിവരിച്ചിരിക്കുന്നത് പോലെ സിന്ധുനദീതട സംസ്‌കാരത്തിലും തമിഴ്‌നാട്ടിലും കാളകളെ മെരുക്കുന്നത് പ്രചാരത്തിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ തെളിവുകളുടെയെല്ലാം അടിസ്ഥാനത്തില്‍ സംഘ തമിഴരുടെ പൂര്‍വികള്‍ താമസിച്ചിരുന്ന സ്ഥലമാണ് സിന്ധൂനദീതടമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.
താമിരഭരണി നദീതീരത്തെ തന്‍ പൊരുനൈ എന്ന് വിളിക്കപ്പെടുന്ന സംസ്‌കാരത്തിന് 3200 വര്‍ഷം പഴക്കമുണ്ടെന്നാണ് ആദിച്ചനല്ലൂരിന് സമീപത്തെ ഉത്ഖനനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ തമിഴ് സമൂഹത്തിന്റെ പ്രാചീനത അംഗീകരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പുരാവസ്തു വകുപ്പ് സുപ്രധാന ഗവേഷണങ്ങള്‍ നടത്തി വരികയാണെന്നും അവയുടെ പ്രാഥമിക ഫലങ്ങള്‍ പ്രോത്സാഹജനകമാണെന്നും പുരാവസ്തു വകുപ്പ് കമ്മീഷണര്‍ കൂടിയായ ധനകാര്യ സെക്രട്ടറി ഡി ഉദയചന്ദ്രന്‍ പറഞ്ഞു.