ഭക്ഷണം സ്നേഹത്തോടെ വിളമ്പുമ്പോൾ ആണ് അതിന് രുചി കൂടുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പറഞ്ഞു മാത്രമല്ല പലപ്പോഴും നമ്മളിൽ പലരും അനുഭവിച്ചിട്ടുള്ള യാഥാർത്ഥ്യം കൂടിയാണ് ഭക്ഷണത്തിൻ്റെ ഈ സ്നേഹ രുചി പെരുമ. 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണ കലവറ, സ്നേഹത്തിൻ്റെയും കരുതലിൻ്റെയും കലവറ കൂടിയായി മാറുന്ന വേറിട്ട കാഴ്ചയ്ക്കാണ് തിരുവനന്തപുരം സാക്ഷിയായത്. പുത്തരിക്കണ്ടം മൈതാനത്തുള്ള ഭക്ഷണ പുരയിലേക്ക് വിദ്യാർത്ഥികളും കലോത്സവത്തിൽ എത്തിയ നിരവധി ആളുകളും വന്നു പോയി. കലോത്സവങ്ങളുടെ ചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ഒരു മുഖ്യമന്ത്രി കലോത്സവത്തിൻ്റെ ഭക്ഷണ പുര സന്ദർശിക്കുന്നത്. അതിനും ഇക്കുറി കലോത്സവ നഗരി സാക്ഷിയായി.
കലോത്സവം അവസാന ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്ന് ഉച്ചയ്ക്ക് 3 മണി വരെ മാത്രമാണ് ഭക്ഷണ പുര സജീവമായിരിക്കുന്നത് എന്ന് ഫുഡ് കമ്മിറ്റി ചെയർമാൻ കൂടിയായ കടകംപള്ളി സുരേന്ദ്രൻ എം എൽ എ അറിയിച്ചു. വലിയ പരാതികൾക്കും പരിഭവങ്ങൾക്കും ഇട നൽകാതെ ഭക്ഷണത്തിന് എത്തുന്ന എല്ലാവരുടെയും വിശപ്പടക്കുന്നത് കൂടിയായിരുന്നു ഇത്തവണത്തെ ഫുഡ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ എടുത്തുപറയേണ്ടത്. കൃത്യമായ സമയത്ത് പുത്തരിക്കണ്ടത്തെത്തി ഭക്ഷണം കഴിക്കാൻ ആകാത്തതും എന്നാൽ കലോത്സവത്തിൽ വലിയ പങ്കുവഹിക്കുന്നതുമായ പോലീസ് ഫയർഫോഴ്സ് സേനാവിഭാഗങ്ങൾക്ക് അതത് സമയങ്ങളിൽ പൊതിച്ചോറുകൾ ആയി ഭക്ഷണം എത്തിച്ചു കൊടുക്കുന്നതും വേറിട്ട കാഴ്ചയായി.
പുത്തരിക്കണ്ടത്തെ ഭക്ഷണ പന്തലിൽ മുപ്പതിനായിരത്തിലധികം പേർക്ക് ഭക്ഷണം വിളമ്പിയിട്ടുണ്ട്. പഴയിടത്തിൻ്റെ പാചക പെരുമയിൽ തിരുവനന്തപുരം സ്റ്റൈൽ ബോളി ഉൾപ്പെടെ നിരവധി വിഭവങ്ങളാണ് കലോത്സവ സദ്യയിൽ വിളമ്പിയത്. ഉച്ചനേരങ്ങളിൽ പുത്തരിക്കണ്ടം മൈതാനത്തേക്ക് ആണ് ബസ്സുകൾ സർവീസ് നടത്തിയത്. കെ എസ് ആർ ടി സി യുടെ 10 ബസ്സുകളും 60 സ്കൂൾ ബസുകളും ആണ് ആളുകളെയും വഹിച്ചുകൊണ്ട് കലോത്സവ നഗരിയിൽ അങ്ങോളമിങ്ങോളം എത്തിയത്.