തിരുമല തിരുപ്പതി ക്ഷേത്രപരിസരത്തിരുന്ന് മുട്ട ബിരിയാണി കഴിച്ച ഭക്തര്‍ക്ക് മുന്നറിയിപ്പ് നല്‍കി പോലീസ്. തമിഴ്‌നാട്ടില്‍ നിന്നുവന്ന തീര്‍ത്ഥാടക സംഘത്തിനാണ് പോലീസ് താക്കീത് നല്‍കിയത്. വെള്ളിയാഴ്ച രാംബഗീച ബസ് സ്റ്റാന്‍ഡില്‍ എത്തിയ സംഘം അവിടെയിരുന്ന് മുട്ട ബിരിയാണി കഴിക്കുകയായിരുന്നു. 30 പേരടങ്ങിയ തീര്‍ത്ഥാടക സംഘമാണ് തിരുപ്പതിയിലേക്ക് എത്തിയത്. ഉച്ചഭക്ഷണത്തിനായി മുട്ട ബിരിയാണിയും ഇവര്‍ കൈയില്‍കരുതിയിരുന്നു.
ഇവര്‍ ബസ് സ്റ്റാന്‍ഡിലിരുന്ന് മുട്ട ബിരിയാണി കഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റുചില ഭക്തര്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി ഇവരെ ചോദ്യം ചെയ്യുകയും നടപടികളൊന്നും കൈകൊള്ളാതെ താക്കീത് നല്‍കി വിട്ടയയ്ക്കുകയുമായിരുന്നു.
തിരുപ്പതിയിലെ നിയമങ്ങളെപ്പറ്റി തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് തീര്‍ത്ഥാടക സംഘം പോലീസിനോട് പറഞ്ഞു. ക്ഷേത്ര പരിസരത്ത് മദ്യപാനം, മാംസാഹാരം, പുകവലി എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ആണ് ഈ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയത്. ക്ഷേത്ര പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ടിടിഡിയാണ്.
സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായി എന്നാരോപിച്ച് നിരവധി പേര്‍ രംഗത്തെത്തി. ആലിപ്പിരി ചെക്ക്‌പോയിന്റില്‍ നടന്ന പരിശോധനയില്‍ വീഴ്ചയുണ്ടായെന്നും വിമര്‍ശകര്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കാന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് പലരും ആവശ്യപ്പെട്ടു.
നേരത്തെ തിരുപ്പതി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ ബിസ്‌കറ്റും വെള്ളിയാഭരണങ്ങളും മോഷ്ടിച്ച കരാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത് വാര്‍ത്തയായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) ജീവനക്കാരെ വിതരണം ചെയ്യുന്ന അഗ്രിഗോസ് എന്ന കമ്പനിയില്‍ നിന്നുമെത്തിയ കരാര്‍ ജീവനക്കാരനാണ് മോഷണം നടത്തിയത്.ക്ഷേത്രത്തിലെ ശ്രീവരി ഭണ്ഡാരത്തില്‍ ഭക്തര്‍ നിക്ഷേപിക്കുന്ന പണവും മറ്റും എണ്ണിത്തിട്ടപ്പെടുത്തുന്നതിനാണ് കരാര്‍ ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. ഈ ജോലി ചെയ്തുവരികയായിരുന്ന വീരിഷെട്ടി പെഞ്ചലയ്യ എന്നയാളാണ് മോഷണം നടത്തിയത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഭണ്ഡാരത്തിലെ വസ്തുക്കള്‍ തരംതിരിക്കുന്ന ജോലിയാണ് ഇയാള്‍ ചെയ്തുവന്നിരുന്നത്. ഇതിനിടെയാണ് സ്വര്‍ണം സൂക്ഷിച്ചിരുന്ന നിലവറയില്‍ നിന്ന് ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്.ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ശ്രീവരി ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്ന വസ്തുക്കള്‍ തരംതിരിക്കുകയും എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യുന്ന ദൈനംദിന പ്രവര്‍ത്തനമാണ് പരാകമണി എന്നറിയപ്പെടുന്നത്. നാണയങ്ങള്‍, നോട്ടുകള്‍, സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ തീര്‍ത്ത ആഭരണങ്ങള്‍ എന്നിവയും ഭണ്ഡാരത്തില്‍ ഭക്തര്‍ നിക്ഷേപിക്കാറുണ്ട്.
ജനുവരി 11നാണ് ഇവ സൂക്ഷിച്ചിരുന്ന നിലവറയില്‍ നിന്ന് 100 ഗ്രാം വരുന്ന സ്വര്‍ണ ബിസ്‌കറ്റ് പെഞ്ചലയ്യ മോഷ്ടിച്ചത്. സ്വര്‍ണം ഒരു ട്രോളിയിലാക്കി ഇയാള്‍ പുറത്തേക്ക് കൊണ്ടുവരികയായിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തി. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. ഇതോടെ ഇയാളെ തിരുമല പോലീസിന് കൈമാറി. ഇയാളില്‍ നിന്നും 555 ഗ്രാം സ്വര്‍ണവും 157 ഗ്രാം വെള്ളിയും കണ്ടെടുത്തു. ഏകദേശം 655 ഗ്രാം സ്വര്‍ണവും 157 ഗ്രാം വെള്ളിയുമാണ് ഇയാള്‍ ഇതുവരെ മോഷ്ടിച്ചത്. ഇവയ്ക്ക് വിപണിയില്‍ 46 ലക്ഷം രൂപയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു.