Friday, March 14, 2025

HomeNewsKerala'മതസ്ഥാപനങ്ങള്‍ പ്രാര്‍ത്ഥന നടത്താന്‍; ഉച്ചഭാഷിണി ഉപയോഗം അവകാശമല്ല:' ബോംബെ ഹൈക്കോടതി

‘മതസ്ഥാപനങ്ങള്‍ പ്രാര്‍ത്ഥന നടത്താന്‍; ഉച്ചഭാഷിണി ഉപയോഗം അവകാശമല്ല:’ ബോംബെ ഹൈക്കോടതി

spot_img
spot_img

ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും പ്രാര്‍ത്ഥന നടത്താനുള്ളതാണെന്നും ഉച്ചഭാഷിണിയുടെ ഉപയോഗം അവകാശമായി പരിഗണിക്കാനാകില്ലെന്നുംവ്യക്തമാക്കി അലഹബാദ് -ബോംബെ ഹൈക്കാടതികള്‍. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം പ്രദേശവാസികളുടെ സ്വൈര്യജീവിതത്തെ ബാധിക്കുമെന്നും അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശ്വിനി കുമാര്‍ മിശ്ര, ജസ്റ്റിസ് ഡൊണഡി രമേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.

മസ്ജിദില്‍ ഉച്ചഭാഷിണി സ്ഥാപിക്കാന്‍ സംസ്ഥാന അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്തിയാര്‍ അഹമ്മദ് എന്നയാള്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ ഉത്തരവ്. മതസ്ഥാപനങ്ങള്‍ പ്രാര്‍ത്ഥിക്കാനുള്ളതാണെന്നും ഉച്ചഭാഷിണി ഉപയോഗം അവകാശമായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞ കോടതി റിട്ട് ഹര്‍ജി തള്ളുകയും ചെയ്തു.

മുമ്പ്, 2022 മെയ് മാസത്തിലും സമാനമായ ഉത്തരവ് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. അന്ന് മുസ്ലീം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈക്കോടതി ഇത് മൗലികവകാശങ്ങളില്‍ ഉള്‍പ്പെടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അവിഭാജ്യഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. 2000-ല്‍ പാസാക്കിയ ശബ്ദമലിനീകരണ നിയമങ്ങള്‍ ലംഘിക്കുന്ന ഉച്ചഭാഷിണികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് മുംബൈ പോലീസിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.

ജസ്റ്റിസ് അജയ് ഗഡ്കരി, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. മുംബൈ ഒരു കോസ്‌മോപോളിറ്റന്‍ നഗരമാണെന്നും വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ താമസിക്കുന്ന നഗരമാണ് മുംബൈയെന്നും കോടതി പറഞ്ഞു.

’’ ഉച്ചത്തിലുള്ള ശബ്ദം ആരോഗ്യത്തിന് ഹാനികരമാണ്. ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ചാല്‍ തങ്ങളുടെ അവകാശങ്ങളെ എതെങ്കിലും തരത്തില്‍ ബാധിക്കുമെന്ന് ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ല. ഇതിന് അനുമതി നിഷേധിക്കുന്നത് ഭരണഘടനയിലെ അനുഛേദം 19, 25 എന്നിവയുടെ ലംഘനമായി കണക്കാനാകില്ല. ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അവിഭാജ്യഘടകമല്ല,‘‘ബോംബെ ഹൈക്കോടതി പറഞ്ഞു.

ഇത്തരത്തില്‍ ശബ്ദമലിനീകരണമുണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുംബൈ പോലീസിന് അധികാരമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നടപടിയെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളെപ്പറ്റിയും കോടതി വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാല്‍ അത്തരം മതസ്ഥാപനങ്ങള്‍ക്ക് ആദ്യം ജാഗ്രത മുന്നറിയിപ്പ് നല്‍കണമെന്ന് കോടതി പറഞ്ഞു. ഇവര്‍ വീണ്ടും കുറ്റമാവര്‍ത്തിച്ചാല്‍ മഹാരാഷ്ട്ര പോലീസ് ആക്ടിലെ സെക്ഷന്‍ 136 പ്രകാരം പ്രതിസ്ഥാനത്തുള്ള മതസ്ഥാപനങ്ങള്‍ക്കെതിരെ പിഴയിടാക്കാവുന്നതാണ്. വീണ്ടും കുറ്റമാവര്‍ത്തിച്ചാല്‍ മഹാരാഷ്ട്ര പോലീസ് ആക്ടിലെ സെക്ഷന്‍ 70 പ്രകാരം പ്രസ്തുത മതസ്ഥാപനത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണിയും ആംപ്ലിഫെയറും നീക്കം ചെയ്യാന്‍ പോലീസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

പ്രദേശത്തെ മസ്ജിദുകളില്‍ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികള്‍ മൂലമുണ്ടാകുന്ന ശബ്ദമലിനീകരണത്തിനെതിരെ പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നുവെന്നാരോപിച്ച് കുര്‍ള, ചുനാബട്ടി പ്രദേശങ്ങളിലെ വെല്‍ഫെയര്‍ അസോസിയേഷനുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. മസ്ജിദുകള്‍ ദിവസവും അഞ്ച് നേരം പ്രാര്‍ത്ഥനകള്‍ക്കായി ഉച്ചത്തില്‍ ഉച്ചഭാഷിണിയും മൈക്രോഫോണുകളും ഉപയോഗിക്കാറുണ്ടെന്നും ഇത് തങ്ങളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുന്നുവെന്നും ഹര്‍ജിക്കാര്‍ പറയുന്നു. നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ഹര്‍ജിക്കാര്‍ പറയുന്നു. ലോക്ഡൗണിന് ശേഷം മസ്ജിദുകള്‍ക്കുള്ളില്‍ മാത്രം കേള്‍ക്കുന്ന രീതിയില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം കാറ്റില്‍പ്പറത്തിയാണ് പ്രദേശത്തെ പല മസ്ജിദുകളും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതെന്നും പരാതിക്കാര്‍ പറയുന്നു.

തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച ബോംബെ ഹൈക്കോടതി കര്‍ശന നടപടി സ്വീകരിക്കാന്‍ മുംബൈ പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ശബ്ദമലിനീകരണ നിയമപ്രകാരം പകല്‍ 55 ഡെസിബലും രാത്രിയില്‍ 45 ഡെസിബലുമാണ് അനുവദനീയമായ ശബ്ദപരിധിയെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയിടാക്കണമെന്നും കോടതി വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments