കൊടൈക്കനാല്‍ തടാകത്തില്‍ നിന്ന് ആറ് ടണ്‍ മദ്യക്കുപ്പികള്‍ നീക്കം ചെയ്തു. കൊടൈക്കനാല്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആറ് ടണ്‍ മദ്യക്കുപ്പികള്‍ നീക്കം ചെയ്തത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലാണ് ഇത്രയധികം മദ്യക്കുപ്പികള്‍ നീക്കം ചെയ്ത്. 50 പേരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് മദ്യക്കുപ്പികള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തി നടക്കുന്നത്. അടുത്ത മൂന്ന് മാസം കൂടി മദ്യക്കുപ്പികള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനം തുടരും. മൂന്ന് മീറ്റര്‍ ആഴമുള്ള തടാകം 1863ല്‍ കൃത്രിമമായി നിര്‍മിച്ചതാണ്. കൊടൈക്കനാലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഈ തടാകം.
‘‘76 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഈ തടാകത്തിന്റെ ചുറ്റും കുറ്റിക്കാട് നിറഞ്ഞിരിക്കുകയാണ്. തടാകത്തിലൂടെ അഞ്ച് കിലോമീറ്റര്‍ നീളമുള്ള ഒരു റോഡ് കടന്നുപോകുന്നു. മദ്യപിക്കുന്നവര്‍ ഒഴിഞ്ഞ കുപ്പികള്‍ തടാകത്തിലേക്ക് വലിച്ചെറിയാന്‍ ഇത് അവസരമൊരുക്കുകയാണ്, പ്രത്യേകിച്ച് രാത്രി സമയത്ത്,’’ നാട്ടുകാരിയായ മീനാക്ഷി സുന്ദരത്തിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
‘‘ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ സ്വകാര്യ ഉപയോഗത്തിനായാണ് തടാകം നിര്‍മിച്ചത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 1950 മുതല്‍ 2009 വരെ തടാകത്തിന്റെ ഉടമസ്ഥാവകാശം ഫിഷറീസ് വകുപ്പിനായിരുന്നു. പിന്നീട് ഉടമസ്ഥാവകാശം കൊടൈക്കനാല്‍ മുനിസിപ്പാലിറ്റിക്ക് കൈമാറി,’’ കൊടൈക്കനാല്‍ മുനിസിപ്പാലിറ്റി മുന്‍ അധ്യക്ഷന്‍ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.
‘‘മുനിസിപ്പാലിറ്റി നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണിത്. മദ്യപിക്കുന്നവരും ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുമാണ് മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നത്. മദ്യം കഴിച്ചശേഷം അവര്‍ കുപ്പികള്‍ തടാകത്തിലേക്ക് വലിച്ചെറിയുന്നു. കുപ്പികള്‍ നീക്കം ചെയ്യുന്നതിന് 50 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. രണ്ട് മാസത്തിനിടെ ആറ് ടണ്‍ മദ്യക്കുപ്പികളാണ് നീക്കം ചെയ്തത്. തടാകത്തില്‍ ഇനിയും അഞ്ച് മുതല്‍ ആറ് ടണ്‍ വരെ കുപ്പികള്‍ ഉണ്ടാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്,’’ കൊടൈക്കനാല്‍ സിറ്റി കോര്‍പ്പറേഷന്‍ കമ്മിഷണര്‍ സി സത്യനാഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.