കുരങ്ങൻ വീടിന് മുകളിൽ നിന്ന് തള്ളിയിട്ട് പത്താം ക്ളാസു കാരിക്ക് ദാരുണാന്ത്യം. ബീഹാറിലെ സിവാൻ ജില്ലയിലെ ഭഗവാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഘർ ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പ്രിയ കുമാരി എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.
മെട്രിക്കുലേഷൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന പ്രിയ കുമാരി വീടിന്റെ ടെറസിലിരുന്ന് പഠിക്കുമ്പോഴായിരുന്നു കുരങ്ങൻമാർ ആക്രമിച്ചത്. കുട്ടി പഠിച്ചുകൊണ്ടിരുന്നപ്പോൾ കുരങ്ങൻമാർ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയതായി കണ്ടു നിന്നവർ പറഞ്ഞു.ഭയന്നു പോയ കുട്ടി ആളുകൾ ബഹളം വച്ചതോടെ ധൈര്യം സംഭരിച്ച് താഴേക്കുള്ള പടിക്കെട്ട് ലക്ഷ്യമാക്കി ഓടുന്നതിനിടെ ഒരു കുരങ്ങൻ തള്ളി താഴെയിടുകയായിരുന്നു. തലയുടെ പൻ ഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും പരിക്കേറ്റ കുട്ടി ബോധരഹിതയായി. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
അതേസമയം കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്താൻ കുടുംബാംഗങ്ങൾ വിസമ്മതിച്ചെന്നും, ആർക്കും എതിരെ പരാതി നൽകിയിട്ടില്ലെന്നും ഭഗവാൻപൂർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സുജീത് കുമാർ ചൗധരി പറഞ്ഞു
കുറച്ചുകാലമായി കുരങ്ങുൻമാരുടെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്നും അവരുടെ ആക്രമണാത്മകമായ പെരുമാറ്റമാണ് ഈ മാരകമായ അപകടത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ പറയുന്നു.