പഞ്ചാബില്‍ നിന്നുള്ള 108 വയസ്സുള്ള പച്ചക്കറി കച്ചവടക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. പഞ്ചാബിലെ മോഗയില്‍ തന്റെ വാഹനത്തിന്റെ അരികിലിരുന്ന് ഉരുളക്കിഴങ്ങും സവാളയും വില്‍ക്കുന്ന കച്ചവടക്കാരന്റെ വീഡിയോ ആണ് വൈറലാകുന്നത്. പ്രായത്തെ അവഗണിച്ച് മുഖത്ത് നിറയെ പുഞ്ചിരിയുമായി അദ്ദേഹം ജോലി ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. തന്റെ ജോലിയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും സമര്‍പ്പണവും കണ്ട് അത്ഭുതപ്പെടുകയാണ് സോഷ്യല്‍ മീഡിയ. അവിശ്വസനീയമായ വ്യക്തിത്വത്തിന് ഉടമയെന്ന കാപ്ഷനോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
പ്രശ്‌നങ്ങളെ പ്രതിരോധിച്ചും കഠിനാധ്വാനത്തിലൂടെയും ഒരു കാര്യത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ശക്തിയുടെയും ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതം. വലിയ തോതില്‍ പ്രചോദിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം, എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. പച്ചക്കറി കച്ചവടക്കാരന്‍ തന്റെ ഉപഭോക്താക്കളെ കാത്തുനില്‍ക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്.
തുടര്‍ന്ന് വീഡിയോ ചിത്രീകരിച്ചയാള്‍ അദ്ദേഹത്തോട് പ്രായം ചോദിച്ചു. ഉത്സാഹത്തോടെ അദ്ദേഹം തനിക്ക് 108 വയസ് പ്രായമുണ്ടെന്ന് വെളിപ്പെടുത്തി. ഇതിന് ശേഷം അദ്ദേഹം തന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും ആത്മബലവും നിരവധിപ്പേരെയാണ് പ്രചോദിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നിരവധിപേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അദ്ദേഹം കഴിഞ്ഞ 25 വര്‍ഷമായി ഇതേ സ്ഥലത്താണ് പച്ചക്കറി വില്‍ക്കുന്നതെന്ന് ഒരാള്‍ കമന്റ് ചെയ്തു. ചെറിയ കാര്യങ്ങള്‍ക്ക് പോലും ആളുകള്‍ പരാതിപ്പെടുന്ന ലോകത്ത് ഈ മനുഷ്യന്‍ തന്റെ കഠിനാധ്വാനവും കൊണ്ട് നമുക്കെല്ലാവര്‍ക്കും ഒരു പാഠമാണെന്ന് മറ്റൊരാള്‍ പറഞ്ഞു.
എന്നാല്‍, അദ്ദേഹത്തിന് 108 വയസ്സായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് വേറൊരു ഉപയോക്താവ് പറഞ്ഞു. കാഴ്ചയില്‍ 80 വയസ്സ് മാത്രമെ തോന്നിക്കുകയുള്ളൂവെന്ന് ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹത്തിന് 108 വയസ്സായെങ്കില്‍ മുന്നോട്ട് പോകാതിരിക്കാന്‍ എനിക്ക് ഒരു ഒഴികഴിവും പറയാന്‍ കഴിയില്ലെന്നും മറ്റൊരാള്‍ പറഞ്ഞു.
ഇപ്പോഴും ജോലി ചെയ്യുന്നത് കൊണ്ട് മാത്രമാണ് അദ്ദേഹം ഇത്രത്തോളം ആരോഗ്യത്തോടെ ഇരിക്കുന്നത് ഒരാള്‍ അഭിപ്രായപ്പെട്ടു. നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ക്ക് എത്രമാത്രം സ്വാധീനിക്കാന്‍ കഴിയുമെന്നത് ശരിക്കും അവിശ്വസനീയമാണെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ 26 ലക്ഷത്തിലധികം പേരാണ് കണ്ടത്. മൂന്ന് ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.