കൊച്ചി ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത് പോക്സോ കേസിലെ അതിജീവിതയായ 19 കാരിയെ. ഇവർ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ മർദനത്തിലാണോ ഗുരുതരമായി പരുക്കേറ്റത് എന്നാണ് സംശയം. യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.
ഞായറാഴ്ച ഉച്ചയോടെയാണ് അടുത്ത ബന്ധു യുവതിയെ അവശനിലയിൽ കാണുന്നത്. മാതാവ് ഒരു വിവാഹ ചടങ്ങിന് പോയതിനാൽ യുവതി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു യുവതി. കൈയിലും തലയിലും പരിക്കുകളുണ്ടായിരുന്നു. അർധനഗ്നയായയാണ് യുവതി കിടന്നിരുന്നത്.
തുടർന്ന് ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേർന്ന് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
യുവതിയുടെ മാതാവിന്റെ പരാതിയിൽ ബലാത്സംഗത്തിനും കൊലപാതക ശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾ ശനിയാഴ്ച രാത്രി തന്നെ യുവതിയുടെ വീട്ടിൽ എത്തിയിരുന്നുവെന്നും ക്രൂരമായി മർദിച്ചുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഞായറാഴ്ച വെളുപ്പിനാണ് ഇയാൾ ഇവിടെ നിന്നും പോയത്.
അന്ന് ഉച്ചയ്ക്കാണ് യുവതിയെ ഗുരുതരമായ നിലയിൽ കണ്ടെത്തിയത്. മൂന്നു വർഷം മുമ്പാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. തുടർന്ന് ബസ് ജീവനക്കാരായ 2 പേർ പോക്സോ കേസിൽ അറസ്റ്റിലായിരുന്നു.