തിരുവനന്തപുരം: സഞ്ചാരികളുടെ ബൈബിളായി അറിയപ്പെടുന്ന ‘ലോണ്‍ലി പ്ലാനറ്റ് ‘പ്രസിദ്ധീകരണത്തിന്റെ താളുകളില്‍ ഇടം പിടിച്ച് വര്‍ക്കലയിലെ പാപനാശം ബീച്ച്. സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ ഒന്നായാണ് ലോണ്‍ലി പ്ലാനറ്റിന്റെ ബീച്ച് ഗൈഡ് ബുക്ക് പാപനാശത്തെ തിരഞ്ഞെടുത്തത്. ഗോവയിലെ പലോലം, അന്തമാനിലെ സ്വരാജ് ബീച്ച് എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു ഇന്ത്യന്‍ ബീച്ചുകള്‍.
കേരളത്തിലെ ബീച്ച് ടൂറിസത്തിനു മുന്നില്‍ അവസരങ്ങളുടെ വലിയൊരു ലോകം തുറന്നു വയ്ക്കുകയാണ് ലോണ്‍ലി പ്ലാനറ്റ്. ടൂറിസം വ്യവസായത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം വര്‍ക്കലയില്‍ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതികള്‍ക്ക് ആവേശം പകരുന്നതാണ് പുതിയ വാര്‍ത്ത.
തിരുവനന്തപുരത്ത് നിന്ന് 45 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന വര്‍ക്കലയിലെ ക്ലിഫ് ബീച്ച് സംസ്ഥാനത്തെ ഒട്ടേറെ സവിശേഷതകളുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്.
ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയില്‍ വര്‍ക്കല ബീച്ചിന് ഇടം നേടാനായത് ശ്രദ്ധേയമായ അംഗീകാരമാണെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു.
പാരാസെയിലിംഗ്, സ്‌കൂബ ഡൈവിംഗ്, പാരാഗ്ലൈഡിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും വര്‍ക്കലയില്‍ അവസരം ലഭിക്കും. സാഹസിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 29,30,31 തീയതികളില്‍ കേരള ടൂറിസം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവലിനും വര്‍ക്കല വേദിയാകും. രാജ്യത്തെമ്പാടുമുള്ള സര്‍ഫിംഗ് അത്‌ലറ്റുകള്‍ ഇതിന്റെ ഭാഗമാകും.