സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ലിംഗവ്യത്യാസം നേരിടേണ്ടിവന്നതിനെപ്പറ്റി പലരും തുറന്നുപറയുന്നത് നാം കേള്‍ക്കാറുണ്ട്. അത്തരത്തില്‍ കോര്‍പ്പറേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വനിതാ സിഇഒയ്ക്ക് ഈയടുത്ത് ലഭിച്ച ഒരു മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘ഫെന്‍ചര്‍ച്ച് ലീഗല്‍’ എന്ന സ്ഥാപനത്തിന്റെ സിഇഒയായ ലൂയിസ ക്ലൗഡയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. ഇന്ത്യന്‍ വംശജനായ നിര്‍മല്‍ പട്ടേല്‍ എന്ന യുവാവാണ് സ്ത്രീ സമൂഹത്തെ അപമാനിക്കുന്ന രീതിയില്‍ ലൂയിസയോട് സംസാരിച്ചത്. സ്ത്രീകളോടൊപ്പം ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നാണ് ഇദ്ദേഹം ലൂയിസയോട് പറഞ്ഞത്. ഇദ്ദേഹത്തിന്റെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ലൂയിസ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തനിക്കുണ്ടായ ദുരനുഭവം ലൂയിസ വ്യക്തമാക്കിയത്. ഫോണില്‍ സംസാരിക്കാന്‍ സമയമുണ്ടോ എന്ന് ചോദിച്ചാണ് ലൂയിസ നിര്‍മലിന് മെസേജ് അയച്ചത്. എന്നാല്‍ പരിചയമില്ലാത്ത ഒരാളോട് സംസാരിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നാണ് നിര്‍മല്‍ മറുപടി നല്‍കിയത്. പിന്നീട് ലൂയിസയുടെ ഭാഗത്ത് നിന്ന് മറുപടിയൊന്നും കാണാത്തതിനെത്തുടര്‍ന്ന് പട്ടേല്‍ ഒരു ചോദ്യചിഹ്നം മെസേജ് ആയി അയച്ചു. ഇതിനോട് ലൂയിസ പ്രതികരിക്കുകയും ചെയ്തു.
അടുത്ത ആഴ്ചയോടെ തങ്ങളുടെ ടീമുമായി സംസാരിക്കാന്‍ കഴിയുമോ എന്നും അനിയോജ്യമായ സമയവും തീയതിയും പറയണമെന്നും ലൂയിസ ഇയാള്‍ക്ക് മെസേജ് അയച്ചു. എന്നാല്‍ ഇതിന് നിര്‍മല്‍ നല്‍കിയ മറുപടി കണ്ട് ലൂയിസ ഞെട്ടിപ്പോയി. തനിക്ക് സ്ത്രീകളോടൊപ്പം ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നാണ് നിര്‍മല്‍ പറഞ്ഞത്. നിര്‍മലിന്റെ ഈ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ലൂയിസ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഒപ്പം തന്റെ നിലപാടും കുറിപ്പായി രേഖപ്പെടുത്തി.
’’ വളരെ ഞെട്ടിപ്പിക്കുന്ന കാര്യം മനസിലാക്കിക്കൊണ്ടാണ് ഇന്ന് ഞാനുണര്‍ന്നത്. സ്ത്രീകള്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന് ചിന്തിക്കുന്നവര്‍ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. ബിസിനസ് ചെയ്യുന്ന സ്ത്രീയെന്ന നിലയില്‍ ഇത്തരം കാലഹരണപ്പെട്ട ചിന്തകള്‍ എന്ന വേദനിപ്പിച്ചേക്കാം. എന്നാല്‍ ഈ സാഹചര്യത്തില്‍ നമ്മുടെ സ്ത്രീകള്‍ കാലങ്ങളായി ചെയ്യുന്നത് ഞാനും ചെയ്യും. മറ്റൊന്നുമല്ല, വിജയിച്ച് കാണിച്ചുകൊടുക്കും. വെല്ലുവിളികള്‍ മറികടക്കും. കഴിവിന് ലിംഗവ്യത്യാസമില്ലെന്ന് കാണിച്ചുകൊടുക്കും,’’ ലൂയിസ പറഞ്ഞു.
നിരവധി പേരാണ് ലൂയിസയുടെ പോസ്റ്റില്‍ പ്രതികരിച്ചെത്തിയത്. ‘ലക്ഷക്കണക്കിന് പേരില്‍ ഒരാള്‍ മാത്രമാണിത്. ഇത്തരം മോശം ചിന്താഗതിയുള്ള വിദ്യാസമ്പന്നരായ പുരുഷന്‍മാര്‍ ഇപ്പോഴുമുണ്ടെന്ന് വിശ്വസിക്കാനാകുന്നില്ല,’’ എന്നൊരാള്‍ കമന്റ് ചെയ്തു.
’’ 2025ലും സ്ത്രീകള്‍ക്ക് വളര്‍ച്ചയും സന്തോഷവും നിലപാടും ഉണ്ടാകരുതെന്ന് വിശ്വസിക്കുന്നവരുണ്ട്,’’ മറ്റൊരാള്‍ കമന്റ് ചെയ്തു.
’’ ഭാഗ്യവശാല്‍ സ്ത്രീവിരുദ്ധരോടൊപ്പം ജോലി ചെയ്യേണ്ടിവന്നിട്ടില്ല,’’ ഒരാള്‍ കമന്റ് ചെയ്തു. അതേസമയം ഇത്തരം ആളുകളെ വെളിച്ചത്തുകൊണ്ടുവന്ന ലൂയിസയെ പലരും അഭിനന്ദിച്ചു.
ലണ്ടനില്‍ താമസിക്കുന്ന നിര്‍മല്‍ പട്ടേല്‍ എസ്എഫ്ഒ ഡീല്‍ സിന്‍ഡിക്കേറ്റ് മിഡില്‍മാനായി ജോലി ചെയ്തുവരികയാണ്. ഇംപീരിയല്‍ കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി കൂടിയാണ് ഇദ്ദേഹമെന്നാണ് ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ നിന്ന് ലഭിക്കുന്ന വിവരം.