മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയാഗ് രാജിലെത്തി. രാവിലെ പ്രത്യേക ബോട്ടിലായിരുന്നു ത്രിവേണി സംഗമത്തിലെത്തെയത്. തുടർന്ന് അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. ട്രാക്ക് പാന്റും കാവി ജാക്കറ്റും ധരിച്ച് കയ്യിൽ രുദ്രാക്ഷമാലയുമായി ഗംഗാ ദേവിയെ പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം സ്നാനം നടത്തിയത്.
പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരുന്നത്. അരയിൽ പ്രദേശത്ത് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
പ്രധാനമന്ത്രിയുടെ വരവിനായി സജ്ജീകരണങ്ങളൊരുക്കാൻ അഞ്ച് മേള മേഖലകളുടെ ചുമതലക്കാരെയാണ് നിയോഗിച്ചിരുന്നത്. മഹാ കുംഭമേള നടക്കുന്ന സ്ഥലം ജുൻസി, പരേഡ്, സംഗം, തെലിയാർഗഞ്ച്, അരയിൽ എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകളായി തിരിച്ചിട്ടുണ്ട്.
കുംഭമേളയ്ക്കിടെ പുണ്യസ്നാനത്തിനായി പരമ്പരാഗതമായി ബസന്ത് പഞ്ചമി, മൗനി അമാവാസി തുടങ്ങിയ ശുഭദിനങ്ങളാണ് സാധാരണയായി തിരഞ്ഞെടുക്കാറുള്ളത്. എങ്കിലും ഫെബ്രുവരി 5 അതിന്റെ അതുല്യമായ ആത്മീയ പ്രാധാന്യത്താൽ വേറിട്ടുനിൽക്കുന്നു. ഹിന്ദു കലണ്ടറിലെ പുണ്യദിനമായ മാഘാഷ്ടമിയുമായി ഒത്തുചേരുന്ന ദിനമാണ് ഫെബ്രുവരി 5. ഈ ദിനമാണ് പ്രധാനമന്ത്രി പുണ്യ സ്നാനത്തിനായി തിരഞ്ഞടുത്തിരിക്കുന്നത്.
പ്രധാനമന്ത്രി മോദി സന്ദർശിക്കുന്ന പ്രദേശങ്ങൾ ദേശീയ സുരക്ഷാ ഗാർഡ് (NSG) ഏറ്റെടുത്തിരുന്നു. കൂടാതെ മജിസ്ട്രേറ്റുമാരെയും പോലീസ് സേനയെയും, PAC, RAF ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടായിരുന്നു. ഗംഗാ ഘട്ടുകളിൽ സുരക്ഷ ശക്തമാക്കുകയും കുംഭ നഗരിയിലേക്ക് പോകുന്നവരെ സൂക്ഷ്മമായി പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
സംസ്ഥാന സർക്കാരിലെ നിരവധി മന്ത്രിമാരും പ്രധാനമന്ത്രിയെ അനുഗമിച്ചു. 2019 ലെ കുംഭമേളയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു . അന്ന് അദ്ദേഹം പുണ്യസ്നാനം നടത്തുകയും ആദര സൂചകമായി ശുചീകരണ തൊഴിലാളികളുടെ പാദങ്ങൾ കഴുകയും ചെയ്തിരുന്നു.
2024 ഡിസംബർ 13 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി പ്രയാഗ്‌രാജിൽ എത്തിയത്. അന്ന് 5,500 കോടി രൂപയുടെ 167 പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തിരുന്നു.