മഹാരാഷ്ട്രയില്‍ ബോര്‍ഡ് പരീക്ഷാ കേന്ദ്രങ്ങൾ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കുമെന്ന് മഹാരാഷ്ട്ര സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍(എംഎസ്ബിഎസ്എച്ച്എസ്ഇ) അറിയിച്ചു.
സെന്റര്‍ ഡയറക്ടര്‍, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയ പരീക്ഷാ ഉദ്യോഗസ്ഥരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് പരീക്ഷാ കേന്ദ്രങ്ങളില്‍ മുഖം തിരിച്ചറിയുന്ന സംവിധാനവും(facial recognition system) സ്ഥാപിക്കുമെന്ന് എംഎസ്ബിഎസ്എച്ച്എസ്ഇ സെക്രട്ടറി മാധുരി സവര്‍ക്കര്‍ പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കി.
മഹാരാഷ്ട്ര സ്‌റ്റേറ്റ് ബോര്‍ഡ് നടത്തുന്ന പത്താം ക്ലാസ് പരീക്ഷകള്‍ 2025 ഫെബ്രുവരി 21ന് ആരംഭിച്ച് മാര്‍ച്ച് 17ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ 2025 ഫെബ്രുവരി 11ന് ആരംഭിച്ച് മാര്‍ച്ച് 11ന് അവസാനിക്കും.
പരീക്ഷകേന്ദ്രങ്ങള്‍ക്ക് 500 മീറ്റര്‍ ചുറ്റളവിലുള്ള ഫോട്ടോകോപ്പി എടുക്കുന്ന കേന്ദ്രങ്ങള്‍ അടച്ചിടുമെന്നും പരീക്ഷാ കേന്ദ്രത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് പരീക്ഷാ കേന്ദ്രങ്ങളില്‍ എല്ലാ സൗകര്യങ്ങളും ലഭ്യമാണെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. നിയമവിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ 1982ലെ മഹാരാഷ്ട്ര പ്രിവന്‍ഷന്‍ ഓഫ് മാല്‍പ്രാക്ടീസ് ആക്ട് പ്രകാരം കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് പുറത്ത് വീഡിയോ ചിത്രീകരിക്കുകയും ചെയ്യും.
സംസ്ഥാന ചീഫ് സെക്രട്ടറി സുജാത സൗനിക്, സ്‌കൂള്‍ വിദ്യാഭ്യാസ, കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രഞ്ജിത് ഡിയോള്‍, വിദ്യാഭ്യാസ കമ്മിഷണര്‍ സചീന്ദ്ര സിംഗ്, എല്ലാ ജില്ലകളുടെയും കളക്ടര്‍മാര്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ എടുത്തത്.